ശുഭാംശു ശുക്ലയ്‌ക്ക് ഹായ് പറയാന്‍ നിന്നവരെ മഴ ചതിച്ചു; അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി

Published : Jul 06, 2025, 08:04 PM ISTUpdated : Jul 06, 2025, 08:13 PM IST
International Space Station

Synopsis

കേരളത്തിന് മുകളിലൂടെ കടന്നുപോയി അന്താരാഷ്ട്ര ബഹിരാകാശ നിലയം, നിലയത്തില്‍ ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയും

തിരുവനന്തപുരം: ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കമുള്ള 11 സഞ്ചാരികളെ വഹിച്ചുകൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) കേരളത്തിന് മുകളിലൂടെ കടന്നുപോയി. ഇന്ന് വൈകിട്ട് 7.56 മുതല്‍ തെക്കുപടിഞ്ഞാറന്‍ മാനത്ത് കൂടിയാണ് ഐഎസ്എസ് കടന്നുപോയത്. മിക്കയിടങ്ങളിലും മേഘങ്ങള്‍ ഈ അവിസ്മരണീയ കാഴ്ച മറച്ചു. 

ഐഎസ്എസ് കാണാന്‍ ഇനിയും അവസരം...

ജൂലൈ ഒമ്പതിനും അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോകും. 9-ാം തീയതി പുലര്‍ച്ചെ 5.50 മുതല്‍ 5.57 വരെയാണ് വടക്ക് പടിഞ്ഞാറ് ദിശയില്‍ ബഹിരാകാശ നിലയം പ്രത്യക്ഷപ്പെടുക. നിലയം വ്യക്തമായി കാണാന്‍ തെളിച്ചമുള്ള ആകാശം ആവശ്യമാണ്. മഴമേഘങ്ങള്‍ അന്നേദിനം മാറിനിന്നാല്‍ ആ അത്യാകര്‍ഷകമായ കാഴ്‌ച സഞ്ചരിക്കുന്ന ഒരു നക്ഷത്രം പോലെ മലയാളികള്‍ക്ക് മാനത്ത് കാണാം.

ആക്സിയം 4 സ്വകാര്യ ദൗത്യത്തിലുള്ള ശുഭാംശു ശുക്ലയടക്കം 11 സഞ്ചാരികളാണ് നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്. ആക്സിയം ദൗത്യത്തില്‍ ശുഭാംശുവിനൊപ്പം, മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവര്‍ ഐഎസ്എസിലുണ്ട്. 113 ദിവസമായി ഐഎസ്എസില്‍ കഴിയുന്ന സ്പേസ് എക്സ് ക്രൂ 10 ദൗത്യത്തില്‍പ്പെട്ട ആനി മക്ലൈന്‍, നിക്കേള്‍ അയേഴ്സ്, കിരിള്‍ പെസ്‌കോവ്, തകുയാ ഒനീഷി എന്നിവരാണ് നിലയത്തിലുള്ള മറ്റൊരു സംഘം. ഐഎസ്എസിലെ റഷ്യന്‍ മൊഡ്യൂളില്‍ മൂന്ന് കോസ്മോനട്ടുകളും കഴിയുന്നു.

എന്താണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം?

താഴ്ന്ന ഭൂ-ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം അഥവാ ഐഎസ്എസ്. ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഐഎസ്എസ് മണിക്കൂറിൽ 27000 കിലോമീറ്റർ വേഗത്തില്‍ സഞ്ചരിക്കുന്നു. നിലയം ഒരു ദിവസം 15.54 തവണ ഭൂമിയെ വലംവെക്കുന്നു. ഒരു ഫുട്ബോൾ സ്റ്റേഡിയത്തിന്‍റെ വലിപ്പമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 109 മീറ്റർ നീളവും 73 മീറ്റർ വീതിയുമുണ്ട്. 4.5 ലക്ഷം കിലോഗ്രാമാണ് ഐഎസ്എസിന്‍റെ ഭാരം.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും