എൻജിഎൽവി 'സൂര്യ' അണിയറയില്‍, കൂറ്റന്‍ വിക്ഷേപണത്തറ വരും; വിഎസ്എസ്‌സി മേധാവി ഏഷ്യാനെറ്റ് ന്യൂസിനോട്

Published : Sep 22, 2024, 10:18 AM ISTUpdated : Sep 22, 2024, 10:23 AM IST
എൻജിഎൽവി 'സൂര്യ' അണിയറയില്‍, കൂറ്റന്‍ വിക്ഷേപണത്തറ വരും; വിഎസ്എസ്‌സി മേധാവി ഏഷ്യാനെറ്റ് ന്യൂസിനോട്

Synopsis

എൻജിഎൽവി 'സൂര്യ' റോക്കറ്റ് വികസനത്തിന് പിന്നില്‍ മലയാളിക്കരുത്ത്, തിരുവനന്തപുരം വിഎസ്എസ്‌സി രാജ്യത്തിന്‍റെ ശ്രദ്ധാകേന്ദ്രം

തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ നിലവിലെ വിക്ഷേപണ വാഹനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും എൻജിഎൽവി 'സൂര്യ' എന്ന പുത്തൻ റോക്കറ്റ്. ഇസ്രൊയുടെ ഇതുവരെയുള്ള റോക്കറ്റ് നിർമ്മാണ രീതിയിൽ വരെ മാറ്റങ്ങളുണ്ടാകുമെന്നും വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിൽ വമ്പൻ സംവിധാനങ്ങൾ സൂര്യക്കായി പുതുതായി ഒരുക്കേണ്ടിവരുമെന്നും വിഎസ്എസ്‍സി മേധാവി ഡോ. എസ്. ഉണ്ണിക്കൃഷ്ണൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

'നിലവിലെ ലോഞ്ച് വെഹിക്കിളുകളില്‍ നിന്ന് ഏറെ പരിഷ്‌കാരങ്ങളോടെയാണ് എൻജിഎൽവി സൂര്യ തയ്യാറാക്കുന്നത്. നവീന ലോഞ്ച് വെഹിക്കിള്‍ വരുന്നതോടെ ഐഎസ്ആര്‍ഒ ദൗത്യങ്ങളുടെ ആകെ ചിലവ് കുറയ്ക്കാനാകും. എൻജിഎൽവി റോക്കറ്റിനെ പുനരുപയോഗിക്കാന്‍ കഴിയുന്നതിനാലാണിത്. എൻജിഎൽവിയുടെ ആദ്യഭാഗം ഒരു ദൗത്യം കഴിഞ്ഞാല്‍ ഭൂമിയില്‍ തിരിച്ചിറക്കി ഒന്‍പതോ പത്തോ തവണയോ പുനരുപയോഗിക്കാന്‍ കഴിയും. നിലവിലുള്ള നമ്മുടെ റോക്കറ്റുകള്‍ എല്ലാം ഒരു ദൗത്യം കഴിഞ്ഞാല്‍ കടലില്‍ വീഴുകയാണ് ചെയ്യുകയാണ്. ദ്രവീകൃത ഓക്സിജനും മീഥെയ്‌നും ക്രയോജനിക്ക് സാങ്കേതികവിദ്യയുമാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഇക്കോ-ഫ്രണ്ട്‌ലിയായിരിക്കും എൻജിഎൽവി വിക്ഷേപണ വാഹനം. എൻജിഎൽവിക്ക് അടക്കം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ശ്രീഹരിക്കോട്ടയില്‍ മൂന്നാം ലോഞ്ച്-പാഡ് തയ്യാറാക്കാനാണ് പദ്ധതി. എൻജിഎൽവിയെ ഹൊറിസോണ്ടലായി ഇന്‍റഗ്രേറ്റ് ചെയ്‌ത് വെര്‍ട്ടിക്കലായി ലിഫ്റ്റ് ചെയ്യുകയാണ് മനസില്‍, നിശ്ചയിച്ചിരിക്കുന്ന സമയത്തുതന്നെ എൻജിഎൽവിയുടെ ആദ്യ വിക്ഷേപണം നടത്താനാകും'- എന്നും വിഎസ്എസ്‍സി മേധാവി കൂട്ടിച്ചേര്‍ത്തു. 

പുനരുപയോഗിക്കാൻ കഴിയുന്ന 'സൂര്യ' എന്ന പുതുതലമുറ എൻജിഎൽവി വിക്ഷേപണ വാഹനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഈയടുത്താണ് അനുമതി നല്‍കിയത്. രാജ്യാന്തര തലത്തില്‍ ദുര്‍ഘടമായ ബഹിരാകാശ ദൗത്യങ്ങള്‍ പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റുകള്‍ കീഴടക്കിക്കഴിഞ്ഞ സാഹചര്യത്തിലാണ് ഐഎസ്ആര്‍ഒയുടെ ഈ നീക്കം. സ്പേസ് എക്‌സിന്‍റെ പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ ബഹിരാകാശ വിക്ഷേപണ വിപണിയെ തന്നെ കീഴ്മേൽ മറിച്ചുകഴിഞ്ഞു. ഫാൽക്കൺ 9ഉം കൂടുതൽ കരുത്തുറ്റ വകഭേദമായ ഫാൽക്കൺ ഹെവിയുമാണ് ഇപ്പോൾ വിക്ഷേപണ വിപണി അടക്കിഭരിക്കുന്നത്. ഈ ഗണത്തിലേക്ക് സ്പേസ് എക്‌സിന്‍റെ സ്റ്റാർഷിപ്പ് കൂടി വരാനിരിക്കുകയാണ്. 

അമേരിക്കയിൽ തന്നെ പല കമ്പനികളും സമാന പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്. ചൈനീസ് ബഹിരാകാശ ഏജൻസിയും  ചൈനയിലെ സ്വകാര്യ കമ്പനികളും ഇതേ ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുന്നു. അതുകൊണ്ട് ഇസ്രൊയ്ക്ക് മാറിനിൽക്കാൻ സാധിക്കുകയില്ല. കൂടുതൽ ഭാരമേറിയ ഉപഗ്രങ്ങൾ വികസിപ്പിക്കാനും, സ്ഥിരം ചാന്ദ്ര ദൗത്യങ്ങൾ നടത്താനുമൊക്കെ എൽവിഎം 3യേക്കാൾ കെൽപ്പുള്ള വിക്ഷേപണ വാഹനം അത്യാവശ്യമാണ്. അവിടെയാണ് സൂര്യ എന്ന പുത്തൻ റോക്കറ്റ് രംഗപ്രവേശം ചെയ്യുന്നത്. താഴ്ന്ന ഭൂഭ്രമണപഥത്തിലേക്ക് 30 ടണ്ണും, ജിയോ ട്രാൻസ്ഫർ ഓർബിറ്റിലേക്ക് 12 ടണ്ണും ഭാരം അയക്കാനുള്ള ശേഷിയാകും സൂര്യക്ക് ഉണ്ടാകുക. 

റോക്കറ്റിന്‍റെ ആദ്യഘട്ടത്തെ വിക്ഷേപണ ശേഷം കുത്തനെ തിരിച്ചിറക്കി ലാൻഡ് ചെയ്യിക്കാനാണ് പദ്ധതി. റോക്കറ്റിന്‍റെ വികസനത്തിനും അനുബന്ധ സൗകര്യങ്ങളുടെ നിർമാണത്തിനും ഒക്കെയായി 8239 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഏഴ് വർഷം കൊണ്ട് ആദ്യ പരീക്ഷണ വിക്ഷേപണം നടത്തുകയാണ് ലക്ഷ്യം. തിരുവനന്തപുരം വിഎസ്എസ്‍സിയാണ് വിക്ഷേപണ വാഹനത്തിന്‍റെ വികസനത്തിന് ചുക്കാൻ പിടിക്കുന്നത്. എൽപിഎസ്‍സിയാണ് എഞ്ചിനുകൾ വികസിപ്പിക്കുന്നത്.

കാണാം അഭിമുഖത്തിന്‍റെ പൂര്‍ണരൂപം

Read more: മസ്‌ക്കിന്‍റെ അടുത്ത ചിപ്പ് പരീക്ഷണം; കാഴ്‌ച നഷ്ടമായവരെ ലോകം കാണിക്കാന്‍ 'ബ്ലൈൻഡ് സൈറ്റ്' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ