ചരിത്രനേട്ടം; അന്തരീക്ഷ ഓക്‌സിജന്‍ വലിച്ചെടുത്ത് ഐഎസ്ആര്‍ഒയുടെ റോക്കറ്റ് കുതിച്ചു; പരീക്ഷണം വിജയകരം

Published : Jul 24, 2024, 07:59 AM ISTUpdated : Jul 24, 2024, 08:06 AM IST
ചരിത്രനേട്ടം; അന്തരീക്ഷ ഓക്‌സിജന്‍ വലിച്ചെടുത്ത് ഐഎസ്ആര്‍ഒയുടെ റോക്കറ്റ് കുതിച്ചു; പരീക്ഷണം വിജയകരം

Synopsis

സാധാരണയായി റോക്കറ്റുകള്‍ പറത്താന്‍ ഇന്ധനം കത്തിക്കാന്‍ ഓക്‌സിഡൈസറിനെയാണ് ആശ്രയിക്കുന്നത്

ശ്രീഹരിക്കോട്ട: അന്തരീക്ഷ ഓക്‌സിജന്‍ വലിച്ചെടുത്ത് ഇന്ധനം കത്തിച്ച് റോക്കറ്റുകള്‍ക്ക് കുതിക്കാന്‍ കഴിയുന്ന എയര്‍ ബ്രീത്തനിംഗ് പ്രോപ്പൽഷൻ സംവിധാനത്തിന്‍റെ രണ്ടാം പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലായിരുന്നു പരീക്ഷണം. RH-560 സൗണ്ടിംഗ് റോക്കറ്റിനൊപ്പമായിരുന്നു എയര്‍ ബ്രീത്തനിംഗ് പ്രോപ്പൽഷൻ സിസ്റ്റം ഘടിപ്പിച്ചിരുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ നിര്‍ണായക ചുവടുവെപ്പാണിത്. എയര്‍ ബ്രീത്തനിംഗ് പ്രോപ്പൽഷൻ സിസ്റ്റം ഉപയോഗിച്ച് പരീക്ഷണ നടത്തുന്ന നാലാമത്തെ മാത്രം രാജ്യം എന്ന നേട്ടത്തിലെത്തി ഇന്ത്യ. 

എയര്‍ ബ്രീത്തനിംഗ് പ്രോപ്പൽഷൻ സിസ്റ്റം വിജയകരമായി പരീക്ഷിച്ച അപൂര്‍വ രാജ്യങ്ങളിലൊന്ന് എന്ന നേട്ടത്തില്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും ഇടംപിടിച്ചിരിക്കുകയാണ്. പരീക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ എയര്‍ ബ്രീത്തനിംഗ് പ്രോപ്പൽഷൻ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ ഐഎസ്ആര്‍ഒയ്ക്ക് നിര്‍ണായകമാണ്. ഐഎസ്ആര്‍ഒസിയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രാഥമിക പരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രധാന പരീക്ഷണം ശ്രീഹരിക്കോട്ടയില്‍ നടന്നത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്‍ററും ഇതിന്‍റെ ഭാഗമായിരുന്നു. പ്രോപ്പൽഷന്‍റെ 110 പാരാമീറ്ററുകള്‍ സൂക്ഷമമായി നിരീക്ഷിച്ചാണ് പരീക്ഷണത്തിന്‍റെ വിജയമുറപ്പിച്ചത്. 

എന്താണ് എയര്‍ ബ്രീത്തനിംഗ് പ്രോപ്പൽഷൻ സിസ്റ്റം? 

സാധാരണയായി റോക്കറ്റുകള്‍ പറത്താനുള്ള ഇന്ധനം കത്തിക്കാന്‍ ഓക്‌സിഡൈസറിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ എയര്‍ ബ്രീത്തനിംഗ് പ്രോപ്പൽഷൻ സിസ്റ്റത്തില്‍ വലിച്ചെടുക്കുന്ന അന്തരീക്ഷ ഓക്‌സിജനാണ് ഇന്ധനം കത്താനുള്ള ഊര്‍ജമായി മാറുക. ഇത് റോക്കറ്റുകളുടെ ഭാരം കുറയാനും കൂടുതല്‍ വലിയ ഉപഗ്രഹങ്ങളെ വഹിക്കാനും പ്രാപ്തമാക്കും. ഓക്‌സിഡൈസറിന്‍റെ ഭാരം കുറയുന്നതോടെയാണ് റോക്കറ്റിന്‍റെ ഭാരം കുറയുക. സാധാരണയായി റോക്കറ്റുകളുടെ ഭാരത്തില്‍ ഭൂരിഭാഗവും ഇന്ധനവും അത് ജ്വലിപ്പിക്കാനാവശ്യമായ ഓക്‌സിഡൈസറുമാണ്. എയര്‍ ബ്രീത്തനിംഗ് പ്രോപ്പൽഷൻ സിസ്റ്റം വഴി വിക്ഷേപണ ചിലവ് കുറയ്ക്കാനാകും എന്ന പ്രത്യേകതയുമുണ്ട്. ഭൂമിയില്‍ നിന്ന് 70 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഈ സാങ്കേതികവിദ്യ പ്രയോഗിച്ച് റോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനാവുക. 2016ലാണ് ഈ സാങ്കേതിക വിദ്യയുടെ ആദ്യ പരീക്ഷണം നടന്നത്.

Read more: ഉറപ്പായി, ലോകം നേരിട്ടത് ഏറ്റവും വലിയ ഐടി പ്രതിസന്ധി തന്നെ; മൈക്രോസോഫ്റ്റിന്‍റെ കണക്കുകള്‍ സാക്ഷി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ