220 കിലോ വീതമുള്ള രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് ഒന്നാക്കും; ഐഎസ്ആര്‍ഒയുടെ 'സ്പേഡെക്സ്' വിക്ഷേപണം നാളെ

Published : Dec 29, 2024, 01:43 PM ISTUpdated : Dec 30, 2024, 10:39 PM IST
220 കിലോ വീതമുള്ള രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് ഒന്നാക്കും; ഐഎസ്ആര്‍ഒയുടെ 'സ്പേഡെക്സ്' വിക്ഷേപണം നാളെ

Synopsis

ചരിത്രമെഴുതാന്‍ ഐഎസ്ആര്‍ഒ, പിഎസ്എല്‍വി-സി60 റോക്കറ്റ് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ 470 കിലോമീറ്റര്‍ ഉയരത്തിലുള്ള സര്‍ക്കുലാര്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ വച്ച് കൂട്ടിച്ചേര്‍ക്കുകയാണ് സ്പേഡെക്സ് ദൗത്യത്തിന്‍റെ ലക്ഷ്യം

ശ്രീഹരിക്കോട്ട: രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ ആദ്യമായി കൂട്ടിച്ചേര്‍ക്കുന്ന അതിസങ്കീര്‍ണ ഡോക്കിംഗ് പരീക്ഷണം നാളെ. സ്പേഡെക്സ് (Space Docking Experiment) എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. രാത്രി 9.58നാണ് ഇരട്ട പേടകങ്ങളുമായി ഇസ്രൊയുടെ പിഎസ്എല്‍വി-സി60 വിക്ഷേപണ വാഹനം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് കുതിച്ചുയരുക. 

ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ സ്വപ്നങ്ങളും ശിരസിലേറി രണ്ട് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി60 റോക്കറ്റ് 2024 ഡിസംബര്‍ 30ന് കുതിച്ചുയരും. ഭാവി ചാന്ദ്രദൗത്യങ്ങളിലും ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍റെ നിര്‍മാണത്തിനും അനിവാര്യമായ സാങ്കേതികവിദ്യയായ ഡോക്കിംഗിന്‍റെ ചരിത്ര പരീക്ഷണമാണ് സ്പേഡെക്സ് ദൗത്യം. പിഎസ്എല്‍വി-സി60 റോക്കറ്റ് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ 470 കിലോമീറ്റര്‍ ഉയരത്തിലുള്ള സര്‍ക്കുലര്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ വച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ഇസ്രൊയുടെ ലക്ഷ്യം. എസ്‌ഡിഎക്‌സ്01 (SDX01-ചേസര്‍), എസ്‌ഡിഎക്‌സ്02 (SDX02- ടാര്‍ഗറ്റ്) എന്നിങ്ങനെയാണ് ഈ ഉപഗ്രഹങ്ങളുടെ പേര്. 

രണ്ട് ഉപഗ്രഹങ്ങള്‍ക്കും ഏതാണ്ട് 220 കിലോഗ്രാം വീതമാണ് ഭാരം. ഒറ്റ വിക്ഷേണത്തിന് ശേഷം വേര്‍പെടുന്ന ഈ പേടകങ്ങള്‍ തമ്മിലുള്ള അകലം 5 കിലോമീറ്റര്‍, 1.5 കിലോമീറ്റര്‍, 500 മീറ്റര്‍, 15 മീറ്റര്‍, 3 മീറ്റര്‍ എന്നിങ്ങനെ പതിയെ കുറച്ചുകൊണ്ടുവന്നാണ് ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുക (ഡോക്കിംഗ്). ഇസ്രൊയുടെ സ്പേഡെക്സ് ദൗത്യം 66 ദിവസം നീണ്ടുനില്‍ക്കും. അതേസമയം രണ്ട് വര്‍ഷത്തെ ആയുസ് ഈ ഉപഗ്രഹങ്ങള്‍ക്കുണ്ടാകും. എസ്‌ഡിഎക്‌സ്01, എസ്‌ഡിഎക്‌സ്02 എന്നീ കൃത്രിമ ഉപഗ്രഹങ്ങള്‍ക്ക് പുറമെ ഗവേഷണാവശ്യങ്ങള്‍ക്കുള്ള 24 പേലോഡുകളും പിഎസ്എല്‍വി-സി60 വഹിക്കും. 

സ്പേഡെക്സ് പരീക്ഷണം വിജയമായാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ മാത്രം രാജ്യമായി ഇന്ത്യ പേരെടുക്കും. അമേരിക്ക, റഷ്യ, ചൈന എന്നീ ബഹിരാകാശ വമ്പന്‍മാരുടെ കൈവശം മാത്രമാണ് നിലവില്‍ ഈ സാങ്കേതികവിദ്യയുള്ളത്. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍റെ നിര്‍മാണത്തിന് ഡോക്കിംഗ് സാങ്കേതികവിദ്യ ഐഎസ്ആര്‍ഒയ്ക്ക് അനിവാര്യമാണ്. ഭാവിയില്‍ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍റെ മൊഡ്യൂളുകളെ വിവിധ ഘട്ടങ്ങളായി വിക്ഷേപിച്ച് ബഹിരാകാശത്ത് വച്ച് ഡോക്കിംഗിലൂടെ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യേണ്ടത്. 

Read more: എലൈറ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ ഇന്ത്യ; 'സ്പേഡെക്സ്' ഡോക്കിംഗ് പരീക്ഷണത്തിന് ഐഎസ്ആര്‍ഒ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

3.7 ബില്യൺ വർഷം പഴക്കമുള്ള ചൊവ്വ പ്രദേശം, അമ്പരപ്പിക്കും ചിത്രങ്ങൾ പുറത്തുവിട്ട് ഇഎസ്എ
ഭൂമിയുടെ ഹൈഡ്രജൻ ഹാലോ പഠന ദൗത്യം ആരംഭിച്ച് നാസയുടെ കറതേര്‍സ് നിരീക്ഷണ കേന്ദ്രം