ക്ഷീരപഥത്തിലെ അപൂർവ ഹീലിയം നോവയായ വി445 പപ്പിസിൽ നിന്ന് അതിവേഗത്തിൽ സഞ്ചരിക്കുന്ന 'കോസ്മിക് ബുള്ളറ്റുകൾ' ഹബിൾ ദൂരദർശിനി കണ്ടെത്തി. ഒരു വെളുത്ത കുള്ളനും ഹീലിയം നക്ഷത്രവും അടങ്ങുന്ന ഈ സംവിധാനം വീണ്ടും ഒരു സ്ഫോടനത്തിന് ഒരുങ്ങുകയാണോയെന്നും ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു, ഇത് ഭാവിയിൽ ഒരു ടൈപ്പ് ഐഎ സൂപ്പർനോവയ്ക്ക് കാരണമായേക്കാം.

ക്ഷീരപഥ ഗാലക്സിയിലെ അപൂർവമായ നക്ഷത്രസ്ഫോടനമായ വി445 പപ്പിസ് (V445 Puppis)ൽ നിന്ന് മണിക്കൂറിൽ ഏകദേശം 2 കോടി മൈൽ വേഗത്തിൽ സഞ്ചരിക്കുന്ന വാതകക്കട്ടകൾ കണ്ടെത്തി നാസയുടെ ഹബിൾ ബഹിരാകാശ ദൂരദർശിനി. ‘കോസ്‍മിക് ബുള്ളറ്റുകൾ’ എന്ന് വിശേഷിപ്പിക്കുന്ന ഈ അതിവേഗ വാതകക്കട്ടകളുടെ സാന്നിധ്യം രണ്ട് പതിറ്റാണ്ടിലേറെയായി ശാസ്ത്രജ്ഞരെ കുഴക്കിയിരുന്ന നക്ഷത്രസംവിധാനത്തിന്റെ പുതിയ രഹസ്യങ്ങൾ വെളിപ്പെടുത്തുകയാണ്.

2000-ലാണ് വി445 പപ്പിസ് എന്ന നക്ഷത്രസംവിധാനത്തിൽ അപൂർവമായ ഹീലിയം നോവ സ്ഫോടനം സംഭവിച്ചത്. ക്ഷീരപഥത്തിൽ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള ഏക ഹീലിയം നോവയാണ് ഇത്. സ്ഫോടനത്തിന് പിന്നാലെ രൂപപ്പെട്ട കട്ടിയേറിയ പൊടിപടലങ്ങൾ കാരണം വർഷങ്ങളോളം ഈ നക്ഷത്രസംവിധാനത്തെ വ്യക്തമായി നിരീക്ഷിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിരുന്നില്ല.

എന്നാൽ കാലക്രമേണ പൊടിപടലങ്ങൾ മാറിയതോടെ നാസയുടെ ഹബിൾ ബഹിരാകാശ ദൂരദർശിനി, ട്രാൻസിറ്റിങ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് (ടെസ്), യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയുടെ വെരി ലാർജ് ടെലിസ്കോപ്പ് (വിഎൽടി) എന്നിവ ഉപയോഗിച്ച് ഗവേഷകർ വീണ്ടും നിരീക്ഷണം നടത്തി. ഇതിലൂടെയാണ് പ്രകാശവേഗത്തിന്‍റെ ചെറിയൊരു ഭാഗം വരെ എത്തുന്ന അതിവേഗ വാതകക്കട്ടകളെ കണ്ടെത്തിയത്.

ഹീലിയം നോവയുടെ അപൂർവ സ്വഭാവം

പഠനമനുസരിച്ച്, വി445 പപ്പിസ് ഒരു വെളുത്ത കുള്ളൻ നക്ഷത്രവും സമീപത്തുള്ള ഹീലിയം നക്ഷത്രവും ചേർന്നുള്ള ഇരട്ട നക്ഷത്രസംവിധാനമാണ്. സമീപ നക്ഷത്രത്തിൽ നിന്ന് വെളുത്ത കുള്ളൻ നക്ഷത്രം ഹീലിയം സമ്പുഷ്ടമായ ദ്രവ്യം വലിച്ചെടുക്കുമ്പോഴാണ് ഈ തരത്തിലുള്ള സ്ഫോടനങ്ങൾ ഉണ്ടാകുന്നത്. സാധാരണ നോവ സ്ഫോടനങ്ങളിൽ ഹൈഡ്രജൻ സമ്പുഷ്ടമായ വസ്തുക്കളാണ് വെളുത്ത കുള്ളൻ നക്ഷത്രത്തിൽ അടിഞ്ഞുകൂടുന്നത്. എന്നാൽ വി445 പപ്പിസിൽ ഹീലിയം അടങ്ങിയ വസ്തുക്കളാണ് സ്ഫോടനത്തിന് കാരണമായത്. ഇതാണ് ഈ നക്ഷത്രസംവിധാനത്തെ വ്യത്യസ്തമാക്കുന്നത്.

“ഈ കോസ്മിക് ബുള്ളറ്റുകളുടെ ഉത്ഭവം ഇപ്പോഴും പൂർണമായി മനസിലായിട്ടില്ല. മറ്റൊരു നോവയിലും ഇതുവരെ ഇതുപോലുള്ള വാതകക്കട്ടകൾ കണ്ടെത്തിയിട്ടില്ല,” ബ്രിട്ടനിലെ വാർവിക് സർവകലാശാലയിലെ ഗവേഷകൻ ജോൺ മിൽസ് പറഞ്ഞു.

വീണ്ടും സ്ഫോടനത്തിന് ഒരുങ്ങുന്ന നക്ഷത്രം?

പുതിയ പഠനത്തിലെ പ്രധാന കണ്ടെത്തലുകളിൽ ഒന്ന് വി445 പപ്പിസ് വീണ്ടും ഹീലിയം ശേഖരിക്കാൻ തുടങ്ങിയെന്നതാണ്. ഇതോടെ സമീപഭാവിയിൽ ഈ നക്ഷത്രസംവിധാനത്തിൽ വീണ്ടും ഹീലിയം നോവ സ്ഫോടനം സംഭവിക്കാനുള്ള സാധ്യതയും ശാസ്ത്രജ്ഞർ പരിശോധിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഇത് ശക്തമായ ടൈപ്പ് ഐഎ സൂപ്പർനോവ സ്ഫോടനത്തിലേക്ക് നയിച്ചേക്കാമെന്നും ഗവേഷകർ വിലയിരുത്തുന്നു. പ്രപഞ്ചത്തിലെ ദൂരങ്ങൾ കണക്കാക്കുന്നതിനും പ്രപഞ്ചത്തിന്റെ വികാസനിരക്കും ഡാർക്ക് എനർജിയുടെ സ്വഭാവവും മനസിലാക്കുന്നതിനും ടൈപ്പ് ഐഎ സൂപ്പർനോവകൾക്ക് നിർണായക പങ്കുണ്ട്. ഈ ഗവേഷണഫലങ്ങൾ ബ്രിട്ടനിലെ ബർമിങ്ഹാമിൽ നടന്ന റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ നാഷണൽ ആസ്ട്രോണമി മീറ്റിങ്ങിൽ അവതരിപ്പിച്ചു