
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) വിക്ഷേപണം ഇന്ന് നടത്തും. പിഎസ്എല്‍വിയുടെ കഴിഞ്ഞ വർഷത്തെ പരാജയ ശേഷമുള്ള ആദ്യ ദൗത്യമാണിത്. 2026-ലെ ഇസ്രോയുടെ ആദ്യ വിക്ഷേപണം കൂടിയായ പിഎസ്എല്‍വി-സി62 ദൗത്യം രാവിലെ 10.17-നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയരുക. ഡിആര്‍ഡിഒ നിര്‍മ്മിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ അന്വേഷയടക്കം (Anvesha) 16 പേ ലോഡുകളെ ഈ യാത്രയില്‍ പിഎസ്എല്‍വി ബഹിരാകാശത്തേക്ക് അയക്കും.
കഴിഞ്ഞ വർഷം നേരിട്ട അപ്രതീക്ഷിത പരാജയത്തിന് ശേഷം ഐഎസ്ആർഒയുടെ വിശ്വസ്‌ത വിക്ഷേപണം വാഹനം ലോഞ്ച് പാഡിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പിഎസ്എൽവി-സി62 ദൗത്യം ഇന്ന് നടക്കും. അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹം അന്വേഷയടക്കം പതിനഞ്ചിലധികം ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് പോകുന്നത്. 2025 മേയ് മാസം പതിനെട്ടാം തീയതിയായിരുന്നു പരാജയപ്പെട്ട പിഎസ്എൽവി-സി61 വിക്ഷേപണം. റോക്കറ്റിന്‍റെ മൂന്നാംഘട്ടത്തിലെ സാങ്കേതിക പ്രശ്നമായിരുന്നു അന്ന് ദൗത്യം പൂര്‍ത്തിയാക്കുന്നതില്‍ വില്ലനായത്. പിഎസ്എൽവി-സി61 വിക്ഷേപണത്തിന്‍റെ പരാജയ പഠന റിപ്പോർട്ട് ഇസ്രോ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇനിയൊരിക്കലും ആ പ്രശ്‌നം ആവർത്തിക്കില്ലെന്നാണ് ഐഎസ്ആര്‍ഒ വൃത്തങ്ങൾ പറയുന്നത്. പിഎസ്എൽവിയുടെ രണ്ട് ചെറു സ്ട്രാപ്പോണുകളുള്ള ഡിഎൽ പതിപ്പാണ് ഇന്നത്തെ പിഎസ്എല്‍വി-സി62 ദൗത്യത്തിൽ ഉപയോഗിക്കുന്നത്.
നിർണായക ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-എൻ1 അന്വേഷയാണ് പിഎസ്എല്‍വി-സി62 ബഹിരാകാശത്തേക്കയക്കുന്ന പ്രധാന ഉപഗ്രഹം. ഹൈപ്പർ സ്പെക്‌ട്രല്‍ ഇമേജിംഗ് ഉപഗ്രഹമാണിത്. അറുപത്തിരണ്ടാം ദൗത്യത്തിൽ അന്വേഷയ്ക്കൊപ്പം വിദേശ രാജ്യങ്ങളിൽ നിന്നുള്ളതടക്കം പതിനഞ്ചിലധികം ചെറു ഉപഗ്രഹങ്ങളുമുണ്ട്. ഐഎസ്ആർഒയുടെ എറ്റവും ദൗത്യങ്ങൾ നടത്തിയ റോക്കറ്റ് വീണ്ടും ലോഞ്ച് പാഡില്‍ എത്തുമ്പോള്‍ രാജ്യത്തിന് പ്രതീക്ഷകളേറെ.