അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഏഴ് സഞ്ചാരികളിൽ ഒരാൾക്ക് ആരോഗ്യപ്രശ്നം; ക്രൂ 11 ദൗത്യം നേരത്തെ അവസാനിപ്പിക്കും

Published : Jan 09, 2026, 04:33 PM IST
NASA

Synopsis

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഒരു ആസ്ട്രനോട്ടിന് ഗുരുതര ആരോഗ്യപ്രശ്നമെന്ന് നാസ. പ്രശ്നം കാരണം ക്രൂ 11 ദൗത്യം നേരത്തെ അവസാനിപ്പിക്കാനും നാലംഗ സംഘത്തേ നേരത്തെ ഭൂമിയിലേക്ക് മടക്കികൊണ്ടുവരാനും തീരുമാനിച്ചു

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഒരു ആസ്ട്രനോട്ടിന് ഗുരുതര ആരോഗ്യപ്രശ്നമെന്ന് നാസ. പ്രശ്നം കാരണം ക്രൂ 11 ദൗത്യം നേരത്തെ അവസാനിപ്പിക്കാനും നാലംഗ സംഘത്തേ നേരത്തെ ഭൂമിയിലേക്ക് മടക്കികൊണ്ടുവരാനും തീരുമാനിച്ചു. ഏത് സഞ്ചാരിക്കാണ് ആരോഗ്യപ്രശ്നമെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചരിത്രത്തിലാദ്യമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇങ്ങനെയൊരു അടിയന്തര തിരിച്ചുകൊണ്ടുവരൽ വേണ്ടി വരുന്നത്.

മിഷൻ കമാൻഡറായ നാസയുടെ സെന കാർഡ്മാൻ, മിഷൻ പൈലറ്റായ നാസയുടെ തന്നെ മൈക്ക് ഫിൻകെ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ജാപ്പനീസ് ബഹിരാകാശ ഏജൻസി ജാക്സയുടെ കിമിയ യുവി, റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിൻ്റെ ഒലെഗ് പ്ലാറ്റോണോവ് എന്നിവരടങ്ങുന്നതാണ് ക്രൂ 11 സംഘം. ജനുവരി എട്ടിന് സെന കാർഡ്മാനും മൈക്ക് ഫിൻകെയും ചേർന്ന് ഒരു ബഹിരാകാശ നടത്തം പദ്ധതിയിട്ടിരുന്നു. നിലയത്തിന്റെ പവർ സിസ്റ്റത്തിലെ അറ്റകുറ്റപ്പണിയായിരുന്നു ലക്ഷ്യം. അവസാന നിമിഷം ഇത് മാറ്റി. രണ്ടിലൊരാൾക്ക് ആരോഗ്യപ്രശ്നം കണ്ടെത്തിയതിനെ തുടർന്നായിരുന്നു പിൻമാറ്റമെന്ന് അറിയിപ്പുണ്ടായിരുന്നു. ആ വ്യക്തിയുടെ സുരക്ഷ കണക്കിലെടുത്ത് തന്നെയാണ് ക്രൂ 11 ദൗത്യം വെട്ടിച്ചുരുക്കുന്നതും.

നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ ക്രൂ 11ന്റെ തിരിച്ചുവരവിനുള്ള സമയവും തീയതിയും പ്രഖ്യാപിക്കും. സെനയ്ക്കാണോ മൈക്കിനാണോ ആരോഗ്യപ്രശ്നമെന്ന് നാസ വെളിപ്പെടുത്തിയിട്ടില്ല. പ്രശ്നമെന്താണെന്നും പുറത്തുവിടില്ല. പക്ഷേ ദൗത്യം തന്നെ നേരത്തെ അവസാനിപ്പിക്കാൻ മാത്രം ഗൗരവമുള്ളതാണ് സംഭവം. വേണമെങ്കിൽ ഒരു മാസം കൂടി നിലയത്തിൽ തങ്ങി ദൗത്യം പൂർത്തിയാക്കാമെങ്കിലും ആസ്ട്രനോട്ടിന്റെ കാര്യത്തിൽ ഒരു ഭാഗ്യപരീക്ഷണം വേണ്ടെന്നാണ് നാസ തീരുമാനം.

സാധാരണ ഗതിയിൽ ആറ് മാസത്തിലധികം നീളുന്നതാണ് നാസയുടെ ക്രൂ ദൗത്യങ്ങൾ. അടുത്ത സംഘമെത്തി ചുമതലയേറ്റെടുത്ത ശേഷമേ മുൻഗാമികൾ മടങ്ങാറുള്ളൂ. ക്രൂ 12 ദൗത്യത്തിന്റെ വിക്ഷേപണം നിലവിൽ ഫെബ്രുവരിയിലാണ് തീരുമാനിച്ചിരിക്കുന്നത്. അവരെത്തും മുമ്പേ ക്രൂ 11 മടങ്ങുമ്പോൾ റഷ്യയുടെ സൊയൂസ് എം എസ് 28 ദൗത്യത്തിലൂടെ നവംബറിൽ നിലയത്തിലെത്തിയ മൂന്നംഗ സംഘത്തിനാകും നിലയത്തിന്റെ സമ്പൂർണ ഉത്തരവാദിത്തം. രണ്ട് റഷ്യൻ ബഹിരാകാശ സഞ്ചാരികളും ഒരു നാസ പ്രതിനിധിയുമാണ് ഈ സംഘത്തിലുള്ളത്.

PREV
Read more Articles on
click me!

Recommended Stories

തമോഗർത്തത്തിന്റെ ‘വിശപ്പ്’ കുറയുന്നത് എന്തുകൊണ്ട്? നക്ഷത്രങ്ങളുടെ കറക്കമാണ് കാരണമെന്ന് പുതിയ പഠനം
ജാപ്പനീസ് മാധ്യമപ്രവർത്തകനും ബഹിരാകാശ സഞ്ചാരിയുമായ ടൊയോഹിരോ അകിയാമ അന്തരിച്ചു