
ശ്രീഹരിക്കോട്ട: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുള്ള വിക്ഷേപണ വാഹനം എൽവിഎം 3 ഒരു ദൗത്യത്തിന് ഒരുങ്ങി നിൽക്കുകയാണ്. ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി നിർമിത സിഎംഎസ് 03 ഉപഗ്രഹത്തെയാണ് എൽവിഎം 3 എം5 ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ഇന്ന് വൈകുന്നേരം 5:26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം.
ചന്ദ്രയാൻ മൂന്ന് വിക്ഷേപണം കഴിഞ്ഞ്‍ 842 ദിവസങ്ങൾക്ക് ശേഷം ഒരു എൽവിഎം 3 ദൗത്യം. നീണ്ട ഇടവേളയ്ക്ക് ശേഷം ഐഎസ്ആർഒയുടെ വമ്പൻ റോക്കറ്റ് തിരിച്ചെത്തുന്നത് ഭാരിച്ച ഉത്തരവാദിത്വവുമായാണ്. നാവിക സേനയ്ക്ക് വേണ്ടി മാത്രം നിർമിച്ച വാർത്താവിനിമയ ഉപഗ്രഹം സിഎംഎസ് 03യുടെ ഭാരം 4410 കിലോഗ്രാം. ഇന്ത്യയിൽ നിന്ന് ജിയോസിക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് വിക്ഷേപിക്കുന്ന എറ്റവും ഭാരമേറിയ ഉപഗ്രഹം. സമുദ്ര നിരപ്പിൽ നിന്ന് 36000 കിലോമീറ്റർ ഉയരത്തിലാണ് ജിടിഒ.
പക്ഷേ ഇത്രയും ഭാരമേറിയ ഒരുപഗ്രഹത്തെ നേരിട്ട് അവിടെയെത്തിക്കാൻ എൽവിഎം 3യ്ക്ക് കഴിയില്ല എന്നതാണ് സത്യം. അതുകൊണ്ട് ഏകദേശം മുപത്തിനായിരം കിലോമീറ്റർ ഉയരത്തിൽ ഉപഗ്രഹത്തെ വേർപ്പെടുത്തിയ ശേഷം ഉപഗ്രഹത്തിലെ തന്നെ ത്രസ്റ്ററുകൾ ഉപയോഗിച്ച് ഭ്രമണപഥം ഉയർത്താനാണ് ഇസ്രൊ തീരുമാനിച്ചിരിക്കുന്നത്.
എൽവിഎം 3 യുടെ കെൽപ്പ് കൂട്ടാനുള്ള കൂടുതൽ കരുത്തേറിയ സി 32 ക്രയോജനിക് ഘട്ടത്തിന്റെയും ദ്രവ ഇന്ധനമുപയോഗിക്കുന്ന എൽ 110 സ്റ്റേജിന് പകരമുള്ള സെമി ക്രയോജനിക് സ്റ്റേജിന്റെയും വികസനം പുരോഗമിക്കുകയാണ്. സി 32 ആദ്യ ഗഗൻയാൻ ആളില്ലാ ദൗത്യത്തിൽ പറക്കുമെന്നാണ് പ്രഖ്യാപനം.
സെമി ക്രയോ എഞ്ചിൻ തയ്യാറാകാൻ കുറച്ച് കൂടി കാത്തിരിക്കണം. ഈ ദൗത്യം മുതൽ രാജ്യസുരക്ഷാ ഉപഗ്രഹങ്ങളെ കൂടുതൽ രഹസ്യസ്വഭാവത്തോടെ വിക്ഷേപിക്കുന്ന രീതിക്ക് ഇസ്രൊ തുടക്കമിടുകയാണ്. ജി സാറ്റ് 7 ആർ ഉപഗ്രഹമാണ് പുതിയ പേരിടൽ രീതിയിൽ സിഎംഎസ് 03 ആയതെങ്കിലും ഉപഗ്രഹത്തിന്റെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ലോഞ്ച് ബ്രോഷറിൽ സാങ്കേതിക വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുമില്ല. അമേരിക്കയും ചൈനയും സമാന നിലപാട് മുൻപേ സ്വീകരിച്ചതാണെങ്കിലും ഐഎസ്ആർഒ
ഒരു വിക്ഷേപണം ഇത്രയും രഹസ്യ സ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നത് ഇതാദ്യമായാണ്. വരാനിരിക്കുന്ന തന്ത്രപ്രധാന ദൗത്യങ്ങളിൽ ഇതൊരു കീഴ്വഴക്കമായി മാറും. 2025ലെ ഐഎസ്ആർഒയുടെ നാലാമത്തെ വിക്ഷേപണ ദൗത്യമാണ് എൽവിഎം3 എം5. വലിയ പ്രതീക്ഷകളോടെ തുടങ്ങിയ വർഷത്തിൽ പിഎസ്എൽവി സി 61 ദൗത്യത്തിന്‍റെയും എൻവിഎസ് 02 ഉപഗ്രഹത്തിന്റെയും പരാജയവും ഇന്ത്യൻ ബഹിരാകാശ ഏജൻസിക്ക് വലിയ തിരിച്ചടിയായിരുന്നു. പ്രശ്ന കാരണങ്ങളെല്ലാം കണ്ടെത്തുകയും തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്തുവന്നാണ് ഇസ്രൊ വൃത്തങ്ങൾ പറയുന്നത്. ഈ വർഷം അവസാനിക്കും മുൻപ് ഒരു പിഎസ്എൽവി ദൗത്യം കൂടി നടക്കുമെന്നാണ് സൂചന. എന്നാൽ 2025 അവസാനിക്കും മുൻപ് നടത്തുമെന്ന് പ്രഖ്യാപിച്ച ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യത്തിനായി 2026 വരെ കാത്തിരിക്കണം.