
തിരുവനന്തപുരം: പിഎസ്എൽവി പരാജയങ്ങളുടെ കാരണം തേടിയുള്ള വിദഗ്ധ സമിതിയുടെ പഠനം തുടരുന്നതിനിടെ മറ്റൊരു പരാജയത്തിന്റെ കാരണം വെളിപ്പെടുത്തി ഐഎസ്ആർഒ. 2025ൽ എൻവിഎസ് 02 ഉപഗ്രഹം താഴ്ന്ന ഭ്രമണപഥത്തിൽ കുടുങ്ങിയതെങ്ങനെയെന്നാണ് ഇസ്രൊ ഇന്ന് വെളിപ്പെടുത്തിയത്.
ഇന്ത്യയുടെ സ്വന്തം നാവിക് ശൃംഖലയുടെ ഭാഗമാകേണ്ടിയിരുന്ന പുതു തലമുറ ഗതിനിർണ്ണയ ഉപഗ്രഹമായിരുന്നു എൻവിഎസ് 02. 2025 ജനുവരി 29നാണ് വിക്ഷേപണം നടന്നത്. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഇസ്രൊയുടെ നൂറാം വിക്ഷേപണ ദൗത്യമായിരുന്നു ഇത്. ജിഎസ്എൽവി എഫ് 15 റോക്കറ്റ് ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്തു. പക്ഷേ ജിയോ ട്രാൻസ്ഫർ ഓർബിറ്റിൽ നിന്ന് ജിയോ സ്റ്റേഷണറി ഓർബിറ്റിലേക്ക് ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താനായില്ല. ത്രസ്റ്ററുകൾ പ്രവർത്തിച്ചില്ലെന്നാണ് ഐഎസ്ആർഒ വെളിപ്പെടുത്തിയത്.
ത്രസ്റ്ററുകൾ ജ്വലിക്കണമെങ്കിൽ ഓക്സിഡൈസർ വാൽവ് തുറക്കണം. വാൽവ് തുറക്കാനുള്ള സിഗ്നൽ കൺട്രോൾ സിസ്റ്റത്തിൽ നിന്ന് പുറപ്പെടുവിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന കണക്ടറിന്റെ സമ്പർക്കം വിട്ടുപോയെന്നാണ് പ്രശ്നം പഠിച്ച ഉന്നത സമിതിയുടെ കണ്ടെത്തൽ. സാധാരണ ഒരു മെയിൻ കേബിളും ഒരു ബാക്കപ്പ് കേബിളും ഉണ്ടാകും. ഇവ രണ്ടിന്റെയും കണക്ഷൻ വിട്ടുപോയെന്നാണ് ഇസ്രൊയുടെ വിശദീകരണ കുറിപ്പിൽ പറയുന്നത്. സമ്പൂർണ പരാജയ പഠന റിപ്പോർട്ടല്ല പുറത്തുവിട്ടിരിക്കുന്നത്, അതിലെ വിവരങ്ങൾ ചേർത്ത സംക്ഷിപ്ത രൂപം മാത്രമാണ്.
കണക്ടറിൻ്റെ പ്രശ്നമാണ് ഉപഗ്രഹത്തെ കുടുക്കിയതെന്ന് മുമ്പേ സൂചനയുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമെത്തുന്നത് ഇപ്പോഴാണ്. എങ്ങനെയാണ് മെയിനും ബാക്കപ്പും ഒരുമിച്ച് പ്രശ്നത്തിലായതെന്ന് ഇസ്രൊ വിശദീകരിക്കുന്നില്ല. പ്രശ്നം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചെന്നും സി.എം.എസ് 03 ഉപഗ്രഹം മുതൽ മാറ്റം നടപ്പാക്കിയെന്നും ഇസ്രൊ പറയുന്നു.
2025 മെയിലെ പിഎസ്എൽവി സി 61 പരാജയത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഇസ്രൊ ഇനിയും പുറത്തുവിട്ടിട്ടില്ല. 2026 ജനുവരിയെ പിഎസ്എൽവി സി 62 പരാജയത്തെക്കുറിച്ച് ആദ്യം മുൻ ചെയർമാൻ കെ ശിവന്റെ നേതൃത്വത്തിലുള്ള സംഘം ഒരു പഠനം നടത്തിയിരുന്നു. പിന്നീട് മുൻ പ്രിൻസിപ്പൾ സയൻ്റിഫിക് അഡ്വൈസർ കെവിജയരാഘവൻ്റെ നേതൃത്വത്തിൽ മുൻ ചെയർമാൻ എസ് സോമനാഥിനെക്കൂടി ഉൾപ്പെടുത്തി മറ്റൊരു സമിതിയെ കൂടി പ്രശ്നം പഠിക്കാൻ നിയോഗിച്ചു. ഈ സമിതി വിവരശേഖരണം തുടരുകയാണ്. ഏപ്രിൽ വരെ ഇസ്രൊയുടെ ദൗത്യങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണെന്നാണ് ലഭ്യമായ വിവരം.