ജ്യോതിശാസ്ത്രജ്ഞർ 'റെഡ് പൊട്ടറ്റോ' എന്ന് വിളിപ്പേരുള്ള ഒരു വിചിത്ര ഗാലക്സിയെ കണ്ടെത്തി. സമീപത്തുള്ള ഒരു അതിവലിപ്പമുള്ള തമോദ്വാരത്തിൽ നിന്നുള്ള ജെറ്റുകൾ ഈ ഗാലക്സിയിലെ വാതകത്തെ ചൂടാക്കുന്നതിനാൽ അവിടെ പ്രതീക്ഷിച്ച രീതിയിൽ നക്ഷത്ര രൂപീകരണം നടക്കുന്നില്ലെന്ന് ചന്ദ്ര എക്സ്-റേ ദൂരദർശിനി ഉപയോഗിച്ചുള്ള പഠനം വെളിപ്പെടുത്തുന്നു.
പ്രപഞ്ചത്തിന്റെ ആദ്യകാലഘട്ടത്തിലെ ഒരു വിചിത്ര ഗാലക്സിയെ സ്വാധീനിക്കുന്ന അതിവലിപ്പമുള്ള ബ്ലാക്ക് ഹോളിനെ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. ചന്ദ്ര എക്സ്-റേ ബഹിരാകാശ ദൂരദർശിനി (Chandra X-ray spacecraft) ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് "ചുവന്ന ഉരുളക്കിഴങ്ങ്" (Red Potato) എന്ന് വിളിപ്പേരുള്ള ഗാലക്സിയെ സമീപത്തുള്ള അതിവലിപ്പമുള്ള തമോദ്വാരം ചൂടാക്കുകയും മാറ്റങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്നതായി കണ്ടെത്തിയത്.
ഔദ്യോഗികമായി എംക്യുഎൻ01 ജെ004131.9-493704 എന്നറിയപ്പെടുന്ന ഈ ഗാലക്സി ഭൂമിയിൽ നിന്ന് ഏകദേശം 1170 കോടി പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. പ്രപഞ്ചത്തിന് ഏകദേശം 200 കോടി വർഷം മാത്രം പ്രായമുണ്ടായിരുന്ന കാലഘട്ടത്തിലെ ഈ ഗാലക്സിയെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയാണ് ആദ്യം കണ്ടെത്തിയത്. അസാധാരണമായ രൂപമാണ് ഈ ഗാലക്സിക്ക് 'റെഡ് പൊട്ടറ്റോ' എന്ന പേര് ലഭിക്കാൻ കാരണം. ആദ്യകാല പ്രപഞ്ചത്തിൽ ഗാലക്സികൾ രൂപപ്പെട്ട വലിയ കോസ്‍മിക് ശൃംഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഈ ഗാലക്സി തണുത്തതും സാന്ദ്രവുമായ വാതകത്തിന്റെ ഒരു വലിയ ശേഖരത്തിനുള്ളിലാണ് കാണപ്പെടുന്നത്. സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ പുതിയ നക്ഷത്രങ്ങൾ രൂപപ്പെടേണ്ടതാണ്. എന്നാൽ 'റെഡ് പൊട്ടറ്റോ' ഗാലക്സിയിൽ പ്രതീക്ഷിച്ച രീതിയിൽ നക്ഷത്ര രൂപീകരണം നടക്കുന്നില്ലെന്നതാണ് ശാസ്ത്രജ്ഞരെ ആശ്ചര്യപ്പെടുത്തിയത്.
ഇതിന് കാരണം സമീപത്തുള്ള ഒരു അതിവലിപ്പമുള്ള തമോദ്വാരമാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഈ തമോദ്വാരത്തിൽ നിന്ന് പുറപ്പെടുന്ന ശക്തമായ ജെറ്റുകൾ ചുറ്റുമുള്ള വാതകത്തെ ഇളക്കിമറിക്കുകയും ചൂടാക്കുകയും ചെയ്യുന്നു. ഇതുമൂലം വാതകം തണുത്ത് ചുരുങ്ങാനും പുതിയ നക്ഷത്രങ്ങൾ രൂപപ്പെടാനും കഴിയാതെ വരുന്നു.
"നക്ഷത്രങ്ങൾ നമ്മൾ പ്രതീക്ഷിച്ച രീതിയിൽ രൂപപ്പെടുന്നില്ല. അതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് ഈ കോസ്‍മിക് അടുക്കളയിൽ ഒരു പാചകക്കാരൻ ഉണ്ടാകാമെന്ന് കണ്ടെത്തിയത്," മിലാൻ-ബിക്കോക്ക സർവകലാശാലയിലെ ഗവേഷകനായ വെയ്‌ചെൻ വാങ് പറഞ്ഞു. ചന്ദ്ര ദൂരദർശിനിയുടെ നിരീക്ഷണത്തിലാണ് 'റെഡ് പൊട്ടറ്റോ' ഗാലക്സിയിലേക്ക് ലക്ഷ്യമിട്ടിരിക്കുന്ന തമോദ്വാര ജെറ്റ് കണ്ടെത്തിയത്. ഏകദേശം രണ്ട് ലക്ഷം പ്രകാശവർഷം അകലെയുള്ള മറ്റൊരു ഗാലക്സിയിലാണ് ഈ തമോദ്വാരം സ്ഥിതി ചെയ്യുന്നത്. അതേസമയം, ഈ ഗാലക്സിയിൽ സജീവമായി പുതിയ നക്ഷത്രങ്ങൾ രൂപപ്പെടുന്നുണ്ട്.
തമോദ്വാരത്തിന്റെ ജെറ്റുകൾ 'റെഡ് പൊട്ടറ്റോ' ഗാലക്സിയിലെ വാതകത്തെ നിരന്തരം ഇളക്കുകയാണെങ്കിൽ, പുതിയ നക്ഷത്രങ്ങൾ രൂപപ്പെടാൻ ആവശ്യമായ വസ്‍തുക്കൾ ലഭിക്കുന്ന വേഗത കുറയുമെന്ന് ഗവേഷകർ പറയുന്നു. നക്ഷത്ര രൂപീകരണം കുറഞ്ഞ ഗാലക്സികൾക്ക് ചുറ്റുമുള്ള വാതകങ്ങളുടെ സ്വഭാവം പഠിക്കുന്ന ആദ്യകാല ഗവേഷണങ്ങളിൽ ഒന്നാണ് ഇത്. സമീപ ഗാലക്സികൾ പരസ്പരം എങ്ങനെ സ്വാധീനിക്കുകയും അവയുടെ വളർച്ചയെ മാറ്റുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ കണ്ടെത്തൽ നൽകുമെന്നാണ് പ്രതീക്ഷ.
"ഈ ഗാലക്സി വലിയ ശാസ്ത്രീയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങളുടെ ചെറിയ അടയാളങ്ങൾ നൽകുകയാണ്," ഗവേഷകൻ ആൻഡ്രിയ ട്രാവാസിയോ പറഞ്ഞു. ഈ ഗവേഷണ ഫലങ്ങൾ ജൂലൈ 7ന് അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.


