
ന്യൂയോർക്ക്: നിർണായക നേട്ടവുമായി നാസ വിക്ഷേപിച്ച ജെയിംസ് വെബ് ടെലസ്കോപ്. മറ്റൊരു ഗ്രഹത്തിൽ വെള്ളമുണ്ടാകാനുള്ള സാധ്യതയാണ് ജെയിംസ് വെബ് കണ്ടെത്തിയത്. ആയിരം പ്രകാശവർഷം അകലെ സൂര്യനെപ്പോലുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്ന ചൂടുള്ള, വീർത്ത വാതക ഭീമൻ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ മേഘങ്ങളുടെയും മൂടൽമഞ്ഞിന്റെയും തെളിവുകൾ കണ്ടെത്തിയതായി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ ബുധനാഴ്ച അറിയിച്ചു.
വിദൂര ഗ്രഹങ്ങളിലെ അന്തരീക്ഷം വിശകലനം ചെയ്യാനുള്ള ജെയിംസ് വെബ്ബിന്റെ അഭൂതപൂർവമായ കഴിവ് തെളിയിക്കുന്നതാണ് നിരീക്ഷണമാണ് പുറത്തുവന്നതെന്ന് നാസ പറഞ്ഞു. തെക്കൻ-ആകാശ നക്ഷത്രസമൂഹമായ ഫീനിക്‌സിൽ ഏകദേശം 1,150 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന WASP-96 b ഗ്രഹത്തിലാണ് ജല സാന്നിധ്യമുണ്ടാകാനുള്ള സാധ്യത കണ്ടെത്തിയത്. ആകാശഗംഗയിലെ 5000ത്തിലധികം ഗ്രഹങ്ങളിലൊന്നാണ് WASP-96 b. വ്യാഴത്തിന്റെ പകുതിയിൽ താഴെ പിണ്ഡവും 1.2 മടങ്ങ് വ്യാസവുമുള്ളതാണ് WASP-96 b. ഗ്രഹത്തിലെ താപനില വളരെ ഉയർന്നതാണെന്നതാണ് മറ്റൊരു പ്രത്യേതക. 538 ഡിഗ്രി സെൽഷ്യസിൽ കൂടുതലുള്ള താപനിലയിലാണ് അന്തരീക്ഷം. നാസയുടെ നിഗമനമനുസരിച്ച്, WASP-96 b അതിന്റെ സൂര്യനെപ്പോലെയുള്ള നക്ഷത്രത്തോട് വളരെ അടുത്താണ് പരിക്രമണം ചെയ്യുന്നത്. ബുധനും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ ഒമ്പതിലൊന്ന് മാത്രമാണ് നക്ഷത്രവും ഗ്രഹവും തമ്മിലുള്ള ദൂരം.
ഹബിൾ ബഹിരാകാശ ദൂരദർശിനി കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നിരവധി എക്സോപ്ലാനറ്റ് അന്തരീക്ഷങ്ങളെ വിശകലനം ചെയ്ത് 2013ലാണ് ഭൂമിക്ക് പുറത്ത് ജലത്തിന്റെ വ്യക്തമായ സാനിധ്യം കണ്ടെത്തിയത്. എന്നാൽ ജെയിംസ് വെബ് പെട്ടെന്ന് തന്നെ ജലസാന്നിധ്യ സാധ്യത കണ്ടെത്തി. ഭൂമിക്കപ്പുറത്തുള്ള വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായതെന്നും നാസ പറയുന്നു.