
പെരിയ: ബഹിരാകാശത്തെ ചെറുചലനങ്ങൾ തിരിച്ചറിയുന്നതിനുള്ള സെൻസർ വികസിപ്പിക്കാനുള്ള സിദ്ധാന്തവുമായി മലയാളി ഉൾപ്പെട്ട ഗവേഷക സംഘം. പെരിയ കേന്ദ്ര സർവകലാശാലയിലെ അധ്യാപിക ഡോ. മഞ്ജു പെരുമ്പിലും സംഘവുമാണ് ഗവേഷണത്തിന് പിന്നിൽ. കോഴിക്കോട് വടകര സ്വദേശിയും പെരിയയിലുള്ള കേരള കേന്ദ്ര സർവകലാശാലയിലെ അധ്യാപികയുമാണ് ഡോ. മഞ്ജു പെരുമ്പിൽ.
ആറ്റോമിക് ഫാബ്രിപെറോട്ട് ഇന്‍റര്‍ഫെറോമീറ്റർ എന്ന ക്വാണ്ടം സെൻസറിനെക്കുറിച്ചുള്ള പഠനമാണ് ഡോ. മഞ്ജു പെരുമ്പിൽ അടക്കമുള്ള നാലാംഗ സംഘം നടത്തിയത്. ബഹിരാകാശത്തെ ഏറ്റവും ചെറിയ ചലന വ്യതിയാനം പോലും കണ്ടെത്താൻ ശേഷിയുള്ളതാണ് ഈ സെൻസർ. ഓസ്ട്രേലിയൻ നാഷണൽ സർവകലാശാല, കേംബ്രിജ് സർവകലാശാല എന്നിവയിലെ ഗവേഷകരോടൊപ്പം ചേർന്നാണ് പഠനം നടത്തിയത്. വിവിധ മേഖലകളിൽ ഈ സെൻസർ ഉപയോഗപ്പെടുത്താൻ കഴിയും എന്ന് ഡോക്‌ടര്‍ മഞ്ജു പറയുന്നു.
ബഹിരാകാശ പഠന രംഗത്ത് വലിപ്പം കുറഞ്ഞ കൂടുതൽ കൃത്യതയുള്ള സെൻസറുകൾ നിർമ്മിക്കാൻ ഇവരുടെ പഠനം സഹായകരമാകും. നാസയുടെ പിന്തുണയുള്ള നേച്ചർ എന്ന പ്രസിദ്ധീകരണവിഭാഗത്തിന്‍റെ മൈക്രോഗ്രാവിറ്റിയിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.