
വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിൽ കണ്ടെത്തിയ Northwest Africa 12264 എന്ന ഉൽക്കാശില നമ്മുടെ സൗരയൂഥത്തിലെ ഗ്രഹരൂപീകരണത്തെ കുറിച്ചുള്ള ദീർഘകാല വിശ്വാസങ്ങള്‍ തകർക്കുന്നുവെന്ന് പുതിയ കണ്ടെത്തല്‍. 4.56 ബില്യൺ വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതാണ് ഈ പുരാതന പാറ എന്ന് ഗവേഷകര്‍ പറയുന്നു. സൗരയൂഥത്തിലെയും പുറത്തെയും ഗ്രഹങ്ങൾ ഒരേസമയം രൂപംകൊണ്ടിരിക്കാമെന്ന സൂചനയാണ് ഈ ഉല്‍ക്കാശിലയുടെ വിശകലനം നല്‍കുന്നത്. ഇതുവരെ കരുതിയിരുന്നതിനേക്കാള്‍ വളരെ മുമ്പ് സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ രൂപപ്പെട്ടിരുന്നു എന്ന നിഗമനത്തിലേക്കാണ് ഗവേഷകര്‍ ഇപ്പോള്‍ എത്തുന്നത്.
യുകെയിലെ മിൽട്ടൺ കീൻസിലെ ദി ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ ഡോ ബെൻ റൈഡർ-സ്റ്റോക്‌സാണ് NWA 12264 എന്ന ഉൽക്കാശിലയിൽ ഗവേഷണം നടത്തിയത്. കമ്മ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയോൺമെന്‍റിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്, ഛിന്നഗ്രഹ വലയത്തിനകത്തും പുറത്തുമുള്ള പാറകള്‍ ഒരേസമയം രൂപപ്പെട്ടുവെന്നാണ്. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങൾ തണുത്ത താപനിലയും ഉയർന്ന ഹിമത്തിന്‍റെ അളവും കാരണം കൂടുതൽ സാവധാനത്തിൽ രൂപംകൊണ്ടതാണെന്നായിരുന്നു നിലവിലുള്ള അനുമാനം. അതായത് താപനിലയും ഘടനയും കണക്കിലെടുക്കുമ്പോൾ ഭൂമി, ചൊവ്വ തുടങ്ങിയ സൗരയൂഥ ഗ്രഹങ്ങൾ കൂടുതൽ വിദൂരത്തിലുള്ള ഗ്രഹങ്ങളേക്കാൾ നേരത്തെ രൂപപ്പെട്ടതായി കരുതപ്പെട്ടിരുന്നു. ഇതിനെ പുതിയ ഈ കണ്ടെത്തലുകൾ വെല്ലുവിളിക്കുന്നു. പകരം ഗ്രഹരൂപീകരണം ഒരേസമയം നടന്ന ഒരു പ്രതിഭാസമായിരുന്നുവെന്ന് സൂചിപ്പിക്കുന്നു.
ഒരു യുവ നക്ഷത്രത്തിന് ചുറ്റും കറങ്ങുന്ന വാതക ഡിസ്‌ക് ഒന്നിച്ചുചേർന്ന് കട്ടപിടിക്കാൻ തുടങ്ങുമ്പോഴാണ് ഗ്രഹങ്ങൾ രൂപപ്പെടുന്നത് എന്നതാണ് പരമ്പരാഗത വീക്ഷണം. ഈ പ്രക്രിയ അക്രീഷൻ എന്നറിയപ്പെടുന്നു. ഇത് കാമ്പ്, മാന്‍റിൽ, പുറംതോട് തുടങ്ങിയ വ്യത്യസ്ത ഗ്രഹ പാളികൾ സൃഷ്ടിക്കുന്നു. സൗരയൂഥത്തിന്‍റെ ആദ്യകാലങ്ങളിൽ അത്തരം പ്രക്രിയകൾ ആന്തരിക പ്രോട്ടോപ്ലാനറ്റുകൾക്ക് ഏകദേശം 4.566 ബില്യൺ വർഷങ്ങൾക്ക് മുമ്പും പുറത്തുള്ളവയ്ക്ക് 4.563 ബില്യൺ വർഷങ്ങൾക്ക് മുമ്പും എന്നിങ്ങനെ വ്യത്യസ്ത സമയങ്ങളിൽ ആരംഭിച്ചു എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്.
എന്നാൽ 50 ഗ്രാം ഭാരമുള്ള ഈ ഉൽക്കാശില പരമ്പരാഗത സമയക്രമത്തെ വെല്ലുവിളിച്ചു. ലെഡ് ഐസോടോപ്പുകൾ അളക്കുന്നതിലൂടെ ഗവേഷകർ അതിന്‍റെ പ്രായം ഏകദേശം 4.564 ബില്യൺ വർഷമാണെന്ന് നിർണ്ണയിച്ചു. ഗ്രഹങ്ങളുടെ പുറംതോടിൽ കാണപ്പെടുന്ന സൗരയൂഥത്തിലെ ബസാൾട്ടുകൾക്ക് സമാനമാണിത്. വ്യാഴത്തിനപ്പുറത്തുള്ള പാറക്കെട്ടുകളുള്ള ഗ്രഹങ്ങൾ അവയുടെ ജലസമൃദ്ധമായ ഘടന കാരണം രണ്ട് മുതൽ മൂന്ന് ദശലക്ഷം വർഷങ്ങൾക്ക് ശേഷം രൂപപ്പെട്ടതാണെന്ന മുൻ അനുമാനത്തെ ഈ കണ്ടെത്തലുകൾ നേരിട്ട് വെല്ലുവിളിക്കുന്നു.
റേഡിയൽ ദൂരങ്ങളിൽ ദ്രുതഗതിയിലുള്ള ഗ്രഹരൂപീകരണത്തെ സൂചിപ്പിക്കുന്ന എക്സോപ്രോട്ടോപ്ലാനറ്ററി ഡിസ്കുകളുടെ നിരീക്ഷണങ്ങളുമായി ഈ കണ്ടെത്തലുകൾ പൊരുത്തപ്പെടുന്നുവെന്ന് ഗവേഷകർ പറയുന്നു. ഇതിനർഥം പുതിയ കണ്ടെത്തലുകൾ ആദ്യകാല സൗരയൂഥത്തിലെ ഗ്രഹരൂപീകരണത്തെക്കുറിച്ചുള്ള നമ്മുടെ ഇതുവരെയുള്ള ധാരണകൾക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നാണ്. നമ്മുടെ ആദ്യകാല പ്രപഞ്ചത്തിന് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ ഈ ഗവേഷണം സഹായിക്കുമെന്നും ഗവേഷകർ പറയുന്നു.