
ന്യൂയോർക്ക്: ഭൂമിയുടെ കാലാവസ്ഥയെ ക്രമീകരിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന സമുദ്രത്തിലെ 'കൺവെയർ ബെൽറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അറ്റ്ലാന്റിക് മെറിഡിയോണൽ ഓവർടേണിംഗ് സർക്കുലേഷൻ എന്ന അമോകിനെ തകർക്കാൻ ശക്തമായ പ്രതിഭാസം വടക്കൻ അറ്റ്ലാൻറിക സമുദ്രത്തിൽ രൂപം കൊള്ളുന്നതായി മുന്നറിയിപ്പ്. സമുദ്രത്തിലെ മറ്റ് മേഖലകളിൽ ചൂട് കൂടുമ്പോൾ അസാധാരണമായി ഒരു മേഖല മാത്രം തണുത്തുറയുന്നതായാണ് പുതിയ പഠനം വിശദമാക്കുന്നത്. വടക്കൻ അത്‌ലാന്റിക് സമുദ്രത്തിൽ രൂപപ്പെട്ടിരിക്കുന്ന 'കോൾഡ് ബ്ലോബ്' അഥവാ അസാധാരണമായി തണുത്തുറഞ്ഞ ജലത്തിന്റെ ഒരു വലിയ പ്രദേശം രൂപം കൊള്ളുന്നുവെന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്. ആഗോള കാലാവസ്ഥാ നിയന്ത്രണ സംവിധാനത്തിന്റെ തകർച്ചയുടെ സൂചനയാകാമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.1900നെ അപേക്ഷിച്ച് ഈ മേഖലയിൽ ഒരു ഡിഗ്രി സെൽഷ്യസ് താപനില കുറഞ്ഞതായാണ് കണ്ടെത്തിയിട്ടുള്ളത്. ഗ്രീൻലാൻഡിനും ഐസ്ലാൻഡിനും തെക്കൻ മേഖലയിലാണ് ഈ പ്രതിഭാസം കാണപ്പെട്ടിട്ടുള്ളത്.
ഭൂമധ്യരേഖാ പ്രദേശത്തുനിന്നും ഉഷ്ണ ജലം വടക്കൻ യൂറോപ്പിലേക്കും അത്‌ലാന്റിക്കിലേക്ക് എത്തിക്കുകയും അവിടെനിന്ന് തണുത്ത ജലം താഴേക്ക് താഴ്ന്ന് തെക്കോട്ട് ഒഴുക്കുകയും ചെയ്യുന്ന ഒരു ആഗോള സമുദ്ര നീരൊഴുക്ക് സംവിധാനമായ അമോകിനെ തകരുന്നതിന്റെ സൂചനയായാണ് ഈ പ്രതിഭാസത്തെ നിരീക്ഷിക്കുന്നത്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും കാരണം ഗ്രീൻലാൻഡിലെ മഞ്ഞുരുകൽ ശക്തമായിരിക്കുകയാണ്. ഇത് വൻതോതിൽ ശുദ്ധജലം അത്‌ലാന്റിക് സമുദ്രത്തിലേക്ക് ഒഴുക്കാൻ കാരണമാകുന്നുണ്ട്. ലവണാംശം കുറഞ്ഞ ഈ ശുദ്ധജലം സമുദ്രജലത്തിന്റെ സാന്ദ്രത കുറയ്ക്കുന്നതിനാൽ തണുത്ത ജലം താഴേക്ക് താഴുന്ന പ്രക്രിയ തടസ്സപ്പെടുന്നു. ഇതാണ് കോൾഡ് ബ്ലോബ് രൂപപ്പെടുന്നതിലേക്ക് കാരണമായിട്ടുണ്ട്.
ഈ പ്രതിഭാസം കൺവെയർ ബെൽറ്റ് പോലെയുള്ള സമുദ്ര നീരൊഴുക്കിന്റെ വേഗത ഗണ്യമായി കുറയ്ക്കുന്നു. നിലവിലെ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഈ ജലചംക്രമണ വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും ദുർബലമായ അവസ്ഥയിലാണെന്നാണ്. ഇത് പൂർണ്ണമായും നിലച്ചുപോയാൽ ആഗോളതലത്തിൽ പ്രത്യേകിച്ച് യൂറോപ്പിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകും. യൂറോപ്യൻ രാജ്യങ്ങളിൽ താപനില കുത്തനെ കുറയുകയും അതിശൈത്യം അനുഭവപ്പെടുകയും ചെയ്യും. അതേസമയം തെക്കൻ അർദ്ധഗോളത്തിൽ ചൂട് അമിതമായി വർദ്ധിക്കാനും സമുദ്രനിരപ്പ് വൻതോതിൽ ഉയരാനും ഇത് കാരണമാകും.
ശാസ്ത്രലോകം വളരെ ആശങ്കയോടെയാണ് ഈ മാറ്റങ്ങളെ വീക്ഷിക്കുന്നത്. മുമ്പ് കരുതിയിരുന്നതിനേക്കാൾ വേഗത്തിൽ ഈ സംവിധാനം തകർച്ചയിലേക്ക് നീങ്ങുകയാണെന്നും, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ അടിയന്തിരമായി നിയന്ത്രിച്ചില്ലെങ്കിൽ ഭൂമിയുടെ കാലാവസ്ഥാ സമതുലിതാവസ്ഥ പൂർണ്ണമായും തകിടം മറിയുമെന്നും ശാസ്ത്രജ്ഞർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സംവിധാനം തകർന്നാൽ അത് തിരിച്ചുവരവില്ലാത്ത വിധം ആഗോള കാലാവസ്ഥയെ മാറ്റിമറിക്കും. യൂറോപ്പിലെ താപനില ദശകങ്ങൾക്കുള്ളിൽ 10 ഡിഗ്രി സെൽഷ്യസ് മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ കുറയാൻ ഇത് കാരണമായേക്കാം. ഇത് വടക്കൻ യൂറോപ്പിൽ അതിശൈത്യത്തിന് വഴിതെളിക്കും. തെക്കൻ അർദ്ധഗോളത്തിൽ ചൂട് വർദ്ധിക്കുന്നതിനും ഈ സംവിധാനം തകരുന്നത് കാരണമാകും. കാലാവസ്ഥാ പ്രതിസന്ധി കാരണം ഇത് കഴിഞ്ഞ 1600 വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ അവസ്ഥയിലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം