സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ എണ്ണം 10,600 കടന്നു: ബഹിരാകാശത്തെ പുതിയ വിപ്ലവം

Published : Jun 14, 2026, 04:29 PM IST
Starlink

Synopsis

സ്‌പേസ്‌എക്‌സ് 24 പുതിയ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിച്ചതോടെ ശൃംഖലയിലെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 10,600 കടന്നു. ഫാൽക്കൺ 9 റോക്കറ്റിന്റെ പുനരുപയോഗിക്കാവുന്ന ബൂസ്റ്റർ ഉപയോഗിച്ച ഈ ദൗത്യം, ലോകമെമ്പാടും അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുള്ള സ്റ്റാർലിങ്കിന്റെ ലക്ഷ്യത്തിൽ നിർണായകമായി. ഭാവിയിൽ 42,000 ഉപഗ്രഹങ്ങൾ വരെ വിന്യസിക്കാൻ കമ്പനി പദ്ധതിയിടുന്നു.

ലോകത്തെ ഏറ്റവും വലിയ ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയായ സ്റ്റാർലിങ്കിന്റെ വികസനത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് സ്‌പേസ്‌എക്‌സ്. കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് ജൂൺ 11-ന് വിക്ഷേപിച്ച ഫാൽക്കൺ 9 റോക്കറ്റിലൂടെ 24 പുതിയ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചതോടെ സ്റ്റാർലിങ്ക് ശൃംഖലയിലെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 10,600 കടന്നു.

‘ഗ്രൂപ്പ് 17-44’ എന്ന പേരിൽ അറിയപ്പെട്ട ദൗത്യം ഒരു മണിക്കൂറിനുള്ളിൽ വിജയകരമായി പൂർത്തിയായി. ഉപഗ്രഹ ഇന്റർനെറ്റ് സേവനം കൂടുതൽ വേഗത്തിലും വിശ്വാസ്യതയോടെയും ലോകമെമ്പാടും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌പേസ്‌എക്‌സ് സ്റ്റാർലിങ്ക് ശൃംഖല വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ ദൗത്യത്തിന്റെ പ്രധാന ആകർഷണം ഫാൽക്കൺ 9 റോക്കറ്റിന്റെ ആദ്യഘട്ട ബൂസ്റ്ററായ B1071 ആയിരുന്നു. ഇത് 34-ാം തവണയാണ് ബഹിരാകാശ ദൗത്യത്തിനായി ഉപയോഗിക്കപ്പെട്ടത്. ഫാൽക്കൺ 9 ബൂസ്റ്ററുകളുടെ പുനരുപയോഗ റെക്കോർഡ് സ്വന്തമാക്കിയ B1067 ബൂസ്റ്ററിന്റെ 35 ദൗത്യങ്ങളുടെ നേട്ടത്തിന് ഇനി ഒരു പറക്കൽ മാത്രം പിന്നിലാണ് B1071. റോക്കറ്റിന്റെ രണ്ടാംഘട്ടം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച ശേഷം, ആദ്യഘട്ട ബൂസ്റ്റർ ഭൂമിയിലേക്ക് തിരിച്ചെത്തി. സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ഡ്രോൺഷിപ്പിൽ അതിവിദഗ്ധമായി ലാൻഡ് ചെയ്തതോടെ ദൗത്യം പൂർണവിജയമായി.

10,600 ഉപഗ്രഹങ്ങൾ എന്ന നേട്ടം വെറും സംഖ്യാത്മക റെക്കോർഡ് മാത്രമല്ല. ഭൂമിയുടെ വിവിധ ഭ്രമണപഥങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഉപഗ്രഹങ്ങൾ ഇന്റർനെറ്റ് സേവനത്തിന്റെ വേഗതയും കവറേജും ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ 42,000 വരെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിന്യസിക്കാനാണ് സ്‌പേസ്‌എക്‌സിന്റെ ദീർഘകാല പദ്ധതി.

അതേസമയം, കമ്പനിയുടെ സാമ്പത്തിക രംഗത്തും ശ്രദ്ധേയമായ മുന്നേറ്റങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്റ്റാർലിങ്ക് വികസനവുമായി ബന്ധപ്പെട്ട പുതിയ നേട്ടങ്ങൾക്കൊപ്പം സ്‌പേസ്‌എക്‌സിന്റെ ഓഹരി വിപണി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമായിരിക്കുകയാണ്. ഉപഗ്രഹ ഇന്റർനെറ്റ് രംഗത്ത് ആഗോള ആധിപത്യം ഉറപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങൾക്ക് ഈ പുതിയ വിക്ഷേപണം കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തൽ.

പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യയും അതിവേഗ ഉപഗ്രഹ വിന്യാസ ശേഷിയും കൊണ്ട് ബഹിരാകാശ മേഖലയിലെ മുന്നേറ്റം തുടരുന്ന സ്‌പേസ്‌എക്‌സ്, സ്റ്റാർലിങ്കിലൂടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുള്ള ലക്ഷ്യത്തിലേക്ക് കൂടുതൽ അടുത്തിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ഭീമൻ ഗാലക്സികൾ എന്തുകൊണ്ട് നേരത്തേ ‘മരിച്ചു’? ആ രഹസ്യത്തിന്‍റെ ചുരുളഴിഞ്ഞു; കണ്ടമ്പരന്ന് ശാസ്ത്രലോകം!
ഒടുവിൽ കാലാവസ്ഥാ കേന്ദ്രം ഔദ്യോഗികമായി അറിയിച്ചു; പസഫിക് സമുദ്രത്തിൽ എൽനിനോ തുടങ്ങി, ഐഒഡി ന്യൂട്രലിൽ