ത്രീ, ടൂ, വണ്‍, സീറോ... ആ കൗണ്ട്ഡൗൺ ശബ്ദം ഇനിയില്ല, വളര്‍മതി അന്തരിച്ചു

Published : Sep 04, 2023, 09:23 AM IST
 ത്രീ, ടൂ, വണ്‍, സീറോ... ആ കൗണ്ട്ഡൗൺ ശബ്ദം ഇനിയില്ല, വളര്‍മതി അന്തരിച്ചു

Synopsis

ചന്ദ്രയാന്‍ 3 വിക്ഷേപണ സമയത്താണ് ഏറ്റവും ഒടുവില്‍ വളര്‍മതിയുടെ കൗണ്ട്ഡൗൺ ശബ്ദം കേട്ടത്

ചെന്നൈ: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. ഐഎസ്ആര്‍ഒയുടെ നിരവധി റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് പിന്നിലെ കൗണ്ട്ഡൗൺ ശബ്ദമായിരുന്നു വളര്‍മതി. ചന്ദ്രയാന്‍ 3 വിക്ഷേപണ സമയത്താണ് ഏറ്റവും ഒടുവില്‍ വളര്‍മതിയുടെ കൗണ്ട്ഡൗൺ ശബ്ദം കേട്ടത്. 

തമിഴ്നാട്ടിലെ അരിയല്ലൂര്‍ സ്വദേശിയാണ്. 1959 ജൂലൈ 31നായിരുന്നു ജനനം. 1984ൽ ഐഎസ്ആർഒയിൽ ചേര്‍ന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാർ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്-1ന്‍റെ പ്രോജക്ട് ഡയറക്ടറായിരുന്നു വളര്‍മതി. 2012 ഏപ്രിലിലാണ് റിസാറ്റ്-1 വിജയകരമായി വിക്ഷേപിച്ചത്.

ഇന്ത്യയുടെ മിസൈല്‍ മാനും മുന്‍ രാഷ്ട്രപതിയുമായ ഡോ. എപിജെ അബ്ദുൾ കലാമിന്റെ സ്മരണയ്ക്കായി തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ അബ്ദുൾ കലാം പുരസ്കാരം ആദ്യം ലഭിച്ചത് വളര്‍മതിയ്ക്കാണ്. 2015ലാണ് തമിഴ്നാട് സര്‍ക്കാര്‍ വളര്‍മതിയെ ഈ പുരസ്കാരം നല്കി ആദരിച്ചത്. 

ഐഎസ്ആർഒയുടെ മുൻ ഡയറക്ടർ ഡോ പി വി വെങ്കിടകൃഷ്ണൻ സമൂഹമാധ്യമമായ എക്സില്‍ വളര്‍മതിയെ അനുസ്മരിച്ചതിങ്ങനെ-  "ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങളുടെ കൗണ്ട്‌ഡൗണുകൾക്ക് വളർമതി മാഡത്തിന്റെ ശബ്ദം ഇനി ഉണ്ടാകില്ല. ചന്ദ്രയാൻ 3 ആയിരുന്നു അവരുടെ അവസാന കൗണ്ട്ഡൗൺ. അപ്രതീക്ഷിതമായ വിയോഗം. സങ്കടം തോന്നുന്നു. പ്രണാമം." 

PREV
click me!

Recommended Stories

രാത്രിയിൽ പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്നതും ചൂടും തമ്മിൽ ബന്ധമുണ്ടോ? ശീതരക്ത ജീവിയായ പാമ്പിന്റെ സവിശേഷതകൾ
ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയെത്തിയ വോയേജർ 1-ലെ ഒരു ഉപകരണം നാസ ഓഫാക്കി, നിർണായക നീക്കം ഇക്കാരണത്താൽ