ആർട്ടിമിസ് 2 ദൗത്യം: വെറ്റ് ഡ്രെസ് റിഹേഴ്‌സൽ വിജയം, മനുഷ്യന്‍റെ അടുത്ത ചാന്ദ്രയാത്ര സഫലമാകുന്നു

Published : Feb 20, 2026, 12:55 PM IST
Artemis 2

Synopsis

മനുഷ്യനെ വീണ്ടും ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിക്കുന്ന നാസയുടെ ആർട്ടിമിസ് 2 ദൗത്യത്തിന്‍റെ നിർണായകമായ വെറ്റ് ഡ്രെസ് റിഹേഴ്‌സൽ വിജയകരമായി പൂർത്തിയാക്കി. എസ്എൽഎസ് റോക്കറ്റിൽ ഇന്ധനം നിറച്ചുള്ള സുപ്രധാന പരീക്ഷണമാണ് പൂർത്തിയായത്. 

ഫ്ലോറിഡ: മനുഷ്യനെ വീണ്ടും ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ ആർട്ടിമിസ് 2 ദൗത്യത്തിനുള്ള വെറ്റ് ഡ്രെസ് റിഹേഴ്‌സൽ വിജയം. 322 അടി അഥവാ 98 മീറ്റർ ഉയരമുള്ള വമ്പൻ എസ്എൽഎസ് റോക്കറ്റിൽ (സ്പേസ് ലോഞ്ച് സിസ്റ്റം) അതിശീതീകരിച്ച ദ്രാവക ഇന്ധനം നിറച്ചുള്ള പരിശോധന ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ പൂര്‍ത്തിയായി. ഇത്തവണത്തെ വെറ്റ് ഡ്രെസ് റിഹേഴ്‌സൽ പരിശോധനയില്‍, കഴിഞ്ഞ തവണയുണ്ടായ പ്രശ്‌നങ്ങളൊന്നും ആവർത്തിച്ചില്ലായെന്നത് വരാനിരിക്കുന്ന ആര്‍ട്ടിമിസ് 2 ദൗത്യത്തിന് ശുഭ പ്രതീക്ഷയാണ്. രണ്ട് റൗണ്ട് ടെർമിനൽ കൗണ്ട് ഡൗണും പൂർത്തിയാക്കി. വെറ്റ് ഡ്രെസ് റിഹേഴ്‌സലില്‍ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്‌ത ശേഷം ആർട്ടിമിസ് 2 വിക്ഷേപണ തീയതി നാസ പ്രഖ്യാപിക്കും.

ചരിത്രമെഴുതാന്‍ ആർട്ടിമിസ് 2 ദൗത്യം

കഴിഞ്ഞ തവണ വെറ്റ് ഡ്രെസ് റിഹേഴ്‌സൽ നടത്തിയപ്പോൾ ഹൈഡ്രജൻ ചോർച്ച ഉൾപ്പെടെയുള്ള ഗുരുതരമായ സാങ്കേതിക പ്രശ്‌നങ്ങൾ എസ്എൽഎസ് റോക്കറ്റിൽ കണ്ടെത്തിയിരുന്നു. ഇത് പരിഹരിച്ച ശേഷമാണ് പുതിയ പരിശോധനയ്ക്ക് നാസ മുതിര്‍ന്നത്. വെറ്റ് ഡ്രെസ് റിഹേഴ്‌സൽ പൂര്‍ത്തിയായതോടെ ആർട്ടിമിസ് 2 ദൗത്യ സംഘാംഗങ്ങൾ ഉടൻ ക്വാറന്‍റീനിലേക്ക് മാറും.

1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആര്‍ട്ടിമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തിയെങ്കില്‍ ആർട്ടിമിസ് 2 അംഗങ്ങളെ വഹിക്കുന്ന ഒറൈയോൺ പേടകം 10 ദിവസം കൊണ്ട് ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് തിരിച്ചുവരികയാണ് ലക്ഷ്യമിടുന്നത്. റീഡ് വൈസ്‌മാൻ- ദൗത്യ കമാൻഡർ, വിക്‌ടർ ഗ്ലോവർ- പൈലറ്റ്, ക്രിസ്റ്റീന കോച്ച്- മിഷൻ സ്പെഷ്യലിസ്റ്റ്, ജെറമി ഹാൻസെൺ (കനേഡിയൻ സ്പേസ് ഏജൻസി)- മിഷൻ സ്പെഷ്യലിസ്റ്റ് എന്നിവരാണ് ആര്‍ട്ടിമിസ് 2 ദൗത്യ സംഘാംഗങ്ങൾ. 2027-ലോ 2028-ലോ നടക്കുന്ന ആർട്ടിമിസ് 3 ദൗത്യത്തിലൂടെയാകും മനുഷ്യൻ വീണ്ടും ചന്ദ്രോപരിതലത്തിൽ കാൽ കുത്തുക. 2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായ ആര്‍ട്ടിമിസ് 1 വിജയമായിരുന്നു. അന്ന് ഒറൈയോൺ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു.

കെന്നഡി സ്പേസ് സെന്‍ററിലെ വിഖ്യാതമായ ലോഞ്ച് പാ‍ഡ് നമ്പർ 39 ബിയിൽ നിന്നാണ് ആ‌ർട്ടിമിസ് 2 ദൗത്യ സംഘാംഗങ്ങളുമായി എസ്എല്‍എസ് കുതിക്കുക. ആര്‍ട്ടിമിസ് 2 ദൗത്യത്തോടെ അടുത്ത ചാന്ദ്ര യാത്രാ മത്സരത്തിന്‍റെ കിക്കോഫിനാകും ലോകം സാക്ഷ്യം വഹിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

പുതിയ മടക്കുകള്‍ സൂചന, ചന്ദ്രന്‍ ഇടയ്‌ക്കിടെ കുലുങ്ങാറുണ്ട്; ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ക്ക് ഭീഷണി
ശാസ്ത്രലോകത്തെ ആവേശത്തിലാക്കി പുതിയ കണ്ടെത്തൽ; ആ പ്രകാശജ്വാലയ്ക്ക് കാരണം നക്ഷത്രത്തെ വിഴുങ്ങിയ തമോദ്വാരം!