
ഭൂമിയിൽ നിന്ന് ഏകദേശം 1.5 ബില്യൺ പ്രകാശവർഷം അകലെയുള്ള ഒരു ഗാലക്‌സിയിൽ കണ്ടെത്തിയ അപൂർവമായ ഒരു ആകാശഘടനയുടെ രഹസ്യം എന്തായിരിക്കാം? 2022 ഒക്‌ടോബറില്‍ ശ്രദ്ധയിൽപ്പെട്ട ആ പ്രകാശ ജ്വാല ഒരു നക്ഷത്രം തമോദ്വാരത്തിന്‍റെ ഗുരുത്വാകർഷണബലത്തിൽ വിഴുങ്ങപ്പെട്ടതിന്‍റെ ഫലമാണെന്ന് ഇപ്പോൾ ഗവേഷകർ സ്ഥിരീകരിച്ചിരിക്കുകയാണ്. 'ടൈഡൽ ഡിസ്റപ്ഷൻ ഇവന്‍റ്' (TDE) എന്നറിയപ്പെടുന്ന ഈ സംഭവം സാധാരണയായി വലിയ ഗാലക്‌സികളുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന സൂപ്പർമാസീവ് തമോദ്വാരങ്ങളുമായി ബന്ധപ്പെട്ടാണ് ഉണ്ടാകാറുള്ളതെന്നും എന്നാൽ ഈ സംഭവം വ്യത്യസ്‍തമാണെന്നും ഗവേഷകർ പറയുന്നു.
AT2022zod എന്ന പേരിൽ രേഖപ്പെടുത്തിയ ഈ പ്രകാശവിസ്ഫോടനം ഏകദേശം ഒരു മാസമാണ് നീണ്ടുനിന്നത്. സാധാരണയായി ഇത്തരം സംഭവങ്ങൾ നൂറുകണക്കിന് ദിവസങ്ങളോ വർഷങ്ങളോ നീളാറുണ്ട്. ഈ ചെറിയ കാല ദൈർഘ്യവും സംഭവസ്ഥലവും ശാസ്ത്രജ്ഞരെ ആകർഷിച്ചു. കാരണം ഇത് ഗാലക്‌സിയുടെ മധ്യത്തിൽ അല്ലാതെ ഏകദേശം 10,000 പ്രകാശവർഷം അകലെയാണ് നടന്നത്. ഇതോടെ ഇത് ഒരു ഇടത്തരം ഭാരമുള്ള അഥവാ "ഇന്‍റമീഡിയറ്റ് മാസ് ബ്ലാക്ക് ഹോളിന്‍റെ" (Intermediate Mass) പ്രവർത്തന ഫലമായിരിക്കാം ഇത് എന്ന സംശയം ശക്തമായി.
സൂപ്പർമാസീവ് ബ്ലാക്ക് ഹോളുകളുടെ ഭാരം സൂര്യഭാരത്തിന്‍റെ ലക്ഷക്കണക്കിന് മുതൽ ബില്യൺ ഗുണം വരെ ആയിരിക്കുമ്പോൾ, നക്ഷത്രങ്ങളുടെ മരണം മൂലം രൂപപ്പെടുന്ന സ്റ്റല്ലാർ മാസ് ബ്ലാക്ക് ഹോളുകൾക്ക് സാധാരണയായി മൂന്ന് മുതൽ നൂറുകണക്കിന് സൂര്യഭാരം വരെയാണ്. ഈ രണ്ടിനും ഇടയിൽ ഉള്ള ഭാരം കൈവരിക്കുന്ന ബ്ലാക്ക് ഹോളുകളെയാണ് ഇന്‍റർമീഡിയിറ്റ് മാസ് ബ്ലാക്ക് ഹോളുകൾ എന്ന് വിളിക്കുന്നത്. എന്നാൽ ഇവയെ കണ്ടെത്തുന്നത് ഏറെ പ്രയാസകരമാണ്.
ഗവേഷകരുടെ വിലയിരുത്തലുകൾ പ്രകാരം, ബ്ലാക്ക് ഹോളിന്‍റെ ഭാരം കുറവായാൽ ടൈഡൽ ഡിസ്റപ്ഷൻ ഇവന്‍റെ സംഭവത്തിന്‍റെ ദൈർഘ്യവും കുറയുന്നു. AT2022zod-ന്‍റെ പ്രത്യേകതയും അതിന്‍റെ ചെറിയ കാല ദൈർഘ്യവുമാണ് ഇതിനെ മറ്റു സംഭവങ്ങളിൽ നിന്ന് വേറിട്ടുനിർത്തുന്നത്. കൂടാതെ ഈ സ്‍ഫോടനം ഒരു ഗാലക്‌സിയുടെ മദ്ധ്യഭാഗത്ത് അല്ലാതെ ഒരു നക്ഷത്രസമൂഹത്തിൽ നടന്നിരിക്കാമെന്ന സൂചനയും ലഭിക്കുന്നു.
ഇത് ഗ്ലോബുലാർ ക്ലസ്റ്റർ അല്ലെങ്കിൽ അൾട്രാകോംപാക്റ്റ് ഡ്വാർഫ് ഗാലക്‌സി പോലുള്ള സാന്ദ്ര നക്ഷത്രസമൂഹങ്ങളിലൊന്നിൽ ഉണ്ടായിരിക്കാമെന്ന് ഗവേഷകർ കരുതുന്നു. ഇത്തരം ഇടങ്ങൾ ബ്ലാക്ക് ഹോളുകളുടെ രൂപീകരണത്തിനും വളർച്ചയ്ക്കും അനുകൂലമാണ്. ഈ കണ്ടെത്തൽ ഇന്‍റർമീഡിയറ്റ് മാസ് ബ്ലാക്ക് ഹോളിന്‍റെ സാന്നിധ്യത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് പുതിയ വഴികൾ തുറക്കുമെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു. ഭാവിയിൽ കൂടുതൽ ശക്തമായ നിരീക്ഷണോപകരണങ്ങൾ ഉപയോഗിച്ച് ഇത്തരം സംഭവങ്ങൾ കൂടുതൽ കണ്ടെത്താനാകുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ഇത് ബ്ലാക്ക് ഹോളുകളുടെ രൂപീകരണവും വികാസവും സംബന്ധിച്ച നമ്മുടെ അറിവ് വിപുലീകരിക്കാൻ സഹായകരമാകും.