ചൊവ്വയില്‍ പാമ്പുപോലെ ഇഴഞ്ഞിഴഞ്ഞ് ക്യൂരിയോസിറ്റി റോവര്‍; ചിത്രം പകര്‍ത്തി റിക്കോണിസൻസ് ഓ‌‌ബിറ്റ‌ർ

Published : Apr 26, 2025, 07:35 PM ISTUpdated : Apr 26, 2025, 08:22 PM IST
ചൊവ്വയില്‍ പാമ്പുപോലെ ഇഴഞ്ഞിഴഞ്ഞ് ക്യൂരിയോസിറ്റി റോവര്‍; ചിത്രം പകര്‍ത്തി റിക്കോണിസൻസ് ഓ‌‌ബിറ്റ‌ർ

Synopsis

ചൊവ്വയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മാര്‍സ് ക്യൂരിയോസിറ്റി റോവറിന്‍റെ ഫോട്ടോ നാസയുടെ മാര്‍സ് റിക്കോണിസൻസ് ഓ‌‌ബിറ്റ‌ർ ഉപഗ്രഹത്തിലെ ഹൈറൈസ് ക്യാമറ ആദ്യമായി പകര്‍ത്തി

കാലിഫോര്‍ണിയ: മനുഷ്യന്‍റെ അടുത്ത വാസസ്ഥലം എന്ന് കരുതപ്പെടുന്ന ചൊവ്വ ഗ്രഹത്തിന്‍റെ രഹസ്യങ്ങള്‍ തിരയുന്ന മാര്‍സ് ക്യൂരിയോസിറ്റി റോവറിനെ കുറിച്ച് നമുക്ക് ഏറെയറിയാം. ചൊവ്വയില്‍ പര്യവേഷണം തുടങ്ങി നാളിതുവരെ അനേകം വിവരങ്ങളാണ് ക്യൂരിയോസിറ്റി റോവര്‍ ഭൂമിയിലേക്ക് അയച്ചത്. ചുവന്ന ഗ്രഹത്തിന്‍റെ വളരെ സങ്കീര്‍ണമായ ടറൈനുകളിലൂടെ സഞ്ചരിക്കുന്ന ആ മാര്‍സ് ക്യൂരിയോസിറ്റി റോവറിനെ ക്യാമറയിലായിരിക്കുകയാണ് നാസയുടെ റിക്കോണിസൻസ് ഓ‌‌ബിറ്റ‌ർ എന്ന ഉപഗ്രഹം. 

ചൊവ്വയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മാര്‍സ് ക്യൂരിയോസിറ്റി റോവറിന്‍റെ ഫോട്ടോ നാസയുടെ തന്നെ മാര്‍സ് റിക്കോണിസൻസ് ഓ‌‌ബിറ്റ‌ർ ഉപഗ്രഹത്തിലെ ഹൈറൈസ് ക്യാമറ (High-Resolution Imaging Science Experiment) 2025 ഫെബ്രുവരി 28നാണ് പകര്‍ത്തിയത്. ക്യൂരിയോസിറ്റി റോവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരുപക്ഷേ ഇതാദ്യമായായിരിക്കും റിക്കോണിസൻസ് ഓ‌‌ബിറ്ററിലെ ക്യാമറ അതിനെ പകര്‍ത്തുന്നത്. ഒരു പൊട്ടുപോലെ റോവര്‍ ഈ ഫോട്ടോയില്‍ കാണാം. ക്യൂരിയോറ്റി റോവര്‍ സഞ്ചരിച്ച പാതയും അതില്‍ തെളിഞ്ഞിരിക്കുന്നു. 320 മീറ്ററോളം നീളം ഈ സഞ്ചാരപാതയ്ക്കുണ്ട് എന്ന് നാസ പറയുന്നു. ചിത്രത്തില്‍ കാണുന്നതുപോലെയല്ല, ഏറെ പാറകള്‍ നിറഞ്ഞയിടത്ത് കൂടിയാണ് റോവര്‍ സഞ്ചരിച്ചിരിക്കുന്നത്. ചൊവ്വയില്‍ ഒരുകാലത്ത് ജലസാന്നിധ്യമുണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ഇടത്തുകൂടിയാണ് ക്യൂരിയോസിറ്റി റോവറിന്‍റെ സഞ്ചാരം. 

നാസയുടെ കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപ്പല്‍ഷ്യന്‍ ലബോറട്ടറി നിര്‍മ്മിച്ച റോബോട്ടിക് ദൗത്യമാണ് മാര്‍സ് ക്യൂരിയോസിറ്റി റോവര്‍. 2011 നവംബർ 26-ന് ഫ്ലോറിഡയിലെ കേപ് കനവറല്‍ എയർഫോഴ്സ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ക്യൂരിയോസിറ്റി അയച്ചത്. 57 കോടി കിലോമീറ്റർ ദൂരം സഞ്ചരിച്ച് എട്ടരമാസം കൊണ്ട് 2012 ഓഗസ്റ്റ് 6-ന് ഇന്ത്യൻ സമയം 11.02-ന് പേടകം ചൊവ്വയുടെ പ്രതലത്തിൽ ഗേല്‍ ക്രേറ്ററില്‍ ഇറങ്ങി. ചൊവ്വയുടെ ഉപരിതലത്തിലെ മണ്ണും പാറയും ശാസ്ത്രീയമായി വിശകലനം ചെയ്യാനുള്ള ഉപകരണങ്ങളുള്ള ഈ റോവറില്‍ ചൊവ്വയുടെ ഉപരിതലം തുളയ്ക്കാനുള്ള സംവിധാനങ്ങളുമുണ്ട്. ഒരു ചെറിയ കാറിന്‍റെ വലിപ്പമുള്ള ക്യൂരിയോസിറ്റി റോവര്‍ ഏഴ് ചക്രങ്ങള്‍ ഉപയോഗിച്ചാണ് നീങ്ങുന്നത്. 

പുരാതന തടാകങ്ങളുടെ സൂചനകള്‍, ജീവന്‍ നിലനില്‍ക്കാനാവശ്യമായ വിവിധ മൂലകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്, ക്രിസ്റ്റല്‍ രൂപത്തിലുള്ള മഞ്ഞ സള്‍ഫറിന്‍റെ വലിയ അളവിലുള്ള സാന്നിധ്യം തിരിച്ചറിഞ്ഞത്, ചൊവ്വയ്ക്ക് മുകളില്‍ തിളങ്ങുന്ന വര്‍ണ മേഘങ്ങളെ പകര്‍ത്തിയത്, ചൊവ്വയുടെ ഹൈ-റെസ്സലൂഷന്‍ പനോരമ അടക്കം അനേകം ദൃശ്യങ്ങള്‍ ക്യാമറക്കണ്ണിലാക്കിയത്, 36 റോക്ക് സാംപിളുകള്‍ ശേഖരിച്ചത് തുടങ്ങി അനേകം കണ്ടെത്തലുകള്‍ ചുവന്ന ഗ്രഹത്തില്‍ നിന്ന് മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ ഇതിനകം നടത്തിയിട്ടുണ്ട്. 

Read more: ഞെട്ടി ലോകം! ചൊവ്വ സള്‍ഫര്‍ കല്ലുകളുടെ പറുദീസ; 360 ഡിഗ്രി വീഡിയോയുമായി ക്യൂരിയോസിറ്റി റോവര്‍

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ