ഭൂമിയിൽ എങ്ങനെ ജലമുണ്ടായി, ബെന്നുവിൽ നിന്നുള്ള സാമ്പിളുകളിൽ നിർണായക വിവരങ്ങൾ; കാർബൺ, ചെളിക്കുള്ളിൽ ജലകണങ്ങൾ

By Web TeamFirst Published Oct 12, 2023, 2:27 PM IST
Highlights

സൗരയൂഥത്തോളം തന്നെ പ്രായമുണ്ടെന്ന് കരുതപ്പെടുന്ന ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നുള്ള കല്ലിലും മണ്ണിലുമാണ് കാര്‍ബണ്‍, ജലത്തിന്റേയും അംശം കണ്ടെത്തിയിരിക്കുന്നത്.

കാലിഫോര്‍ണിയ: ഏഴ് വര്‍ഷം നീണ്ട ദൗത്യത്തിലൂടെ ഒസിരിസ് റെക്‌സ് ശേഖരിച്ച ഛിന്നഗ്രഹത്തിന്റെ സാമ്പിളില്‍ കാര്‍ബണും ജലാംശവുമെന്ന് ഗവേഷകര്‍. കഴിഞ്ഞ മാസമാണ് ഒസിരിസ് റെക്‌സ് തിരികെ ഭൂമിയിലെത്തിയത്. സൗരയൂഥത്തോളം തന്നെ പ്രായമുണ്ടെന്ന് കരുതപ്പെടുന്ന ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നുള്ള കല്ലിലും മണ്ണിലുമാണ് കാര്‍ബണ്‍, ജലത്തിന്റേയും അംശം കണ്ടെത്തിയിരിക്കുന്നതെന്നാണ് ഗവേഷകര്‍ ബുധനാഴ്ച വ്യക്തമാക്കിയത്. ജലാംശമുള്ള ചെളിയാണ് ഒസിരിസ് റെക്‌സ് ശേഖരിച്ച സാമ്പിളിലുള്ളത്. ഗ്രഹങ്ങളുടെ ഉറവിടം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ നല്‍കുന്നതാണ് കണ്ടെത്തലെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. 

ഭൂമിയില്‍ ജലം എങ്ങനെയുണ്ടായി എന്നതിനും സൂചനകള്‍ നല്‍കാന്‍ ഈ കണ്ടെത്തലിന് സാധിക്കുമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ചെളിയുടെ രൂപത്തിലുള്ള കല്ല് പോലുള്ള വസ്തുക്കളില്‍ ജലാംശം സുരക്ഷിതമായി ബന്ധിച്ച് വച്ച അവസ്ഥയിലായിരുന്നുവെന്നും അരിസോണ സര്‍വ്വകലാശാലയിലെ ബഹിരാകാശ ഗവേഷകനായ ഡാന്റേ ലോറേറ്റ വിശദമാക്കുന്നത്. സാമ്പിളിന്റെ ചിത്രങ്ങളും ഗവേഷകര്‍ പുറത്ത് വിട്ടിട്ടുണ്ട്. സമുദ്രങ്ങളിലും തടാകങ്ങളിലും പുഴകളിലുമുള്ള ജലവും  മഴയുമാണ് ഭൂമി മനുഷ്യ വാസയോഗ്യമായ ഗ്രഹമായിരിക്കാന്‍ കാരണമായിട്ടുള്ളത്. നാലര ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയെ വാസയോഗ്യമാക്കിയതിന് സമാനമായ മിനറലുകളാണ് ബെന്നുവില്‍ നിന്നുള്ള സാമ്പിളുകളിലുള്ളതെന്നും ഡാന്റേ പറയുന്നു. 

സെപ്തംബര്‍ 24നാണ് ഒസിരിസ് റെക്‌സിന്റെ ക്യാപ്‌സൂള്‍ ഉട്ടാ മരുഭൂമിയിലെത്തിയത്. കാര്‍ബണ്‍, ചെളി, എന്നിവയ്ക്ക് പുറമേ സള്‍ഫൈഡുകള്‍ക്കും ഗ്രഹങ്ങളുടെ പരിണാമത്തില്‍ നിര്‍മ്മാണത്തില്‍ കാര്യമായ പങ്കുണ്ടെന്നാണ് ഡാന്റേ വിശദമാക്കുന്നത്. ഇത് ആദ്യമായാണ് ഇത്രയധികം ഛിന്നഗ്രഹത്തിന്റെ സാമ്പിളുകള്‍ ഭൂമിയിലെത്തുന്നത്. കാര്‍ബണും ജല കണങ്ങളുമായിരുന്നു കണ്ടെത്തണമെന്ന പ്രതീക്ഷയിലുണ്ടായിരുന്നതെന്നും നാസ അഡ്മിനിസ്‌ടേറ്റര്‍ ബില്‍ നെല്‍സണ്‍ പറയുന്നത്. 2018ല്‍ ബെന്നുവിന്റെ ഭ്രമണപഥത്തിലെത്തിയ പേടകം ബെന്നുവിനെ തൊട്ടത് 2020 ഒക്ടോബര്‍ 20നായിരുന്നു. ഛിന്നഗ്രഹത്തില്‍ നിന്നുള്ള കല്ലും മണ്ണും വലിച്ചെടുത്ത് അമൂല്യമായ ആ സമ്പത്തുമായി 2021ലാണ് ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങിയത്. രണ്ട് വര്‍ഷം നീണ്ട ആ മടക്കയാത്രയ്ക്ക് ശേഷം ഭൂമിയില്‍ നിന്ന് സുരക്ഷിത അകലത്തില്‍ വച്ച് സാമ്പിള്‍ റിക്കവറി പേടകത്തെ ഒസിരിസ് ഭൂമിയിലേക്ക് അയക്കുകയായിരുന്നു. 250 ഗ്രാം ഭാരമാണ് ശേഖരിച്ച ഛിന്നഗ്രഹത്തിന്റെ സാംപിളിനുള്ളത്. നേരത്തെ ജപ്പാന്‍ ഇറ്റോക്കാവ ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ചത് 5 ഗ്രാം സാമ്പിളായിരുന്നു.

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; മിമിക്രി താരം ബിനു കമാൽ റിമാൻഡിൽ 
 

click me!