ലോകത്തിന് ആശ്വാസം… ആരോഗ്യപ്രശ്‌നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 ദൗത്യ സംഘം സുരക്ഷിതമായി ഭൂമിയിലിറങ്ങി. ക്രൂ-11 സംഘത്തിലുള്ളത് ആകെ നാല് ബഹിരാകാശ സഞ്ചാരികള്‍. 

കാലിഫോര്‍ണിയ: ആരോഗ്യപ്രശ്‌നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കമുള്ള നാലംഗ സംഘവുമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് യാത്രതിരിച്ച നാസയുടെ ക്രൂ-11 ദൗത്യ സംഘം ഭൂമിയിലിറങ്ങി. ഇന്നുച്ചയ്‌ക്ക് ഇന്ത്യന്‍ സമയം 2:12-ഓടെയാണ് ക്രൂ-11 സംഘവുമായി സ്പേസ്‌എക്‌സിന്‍റെ ഡ്രാഗൺ എൻഡവർ പേടകം കാലിഫോര്‍ണിയ തീരത്ത് സ്‌പ്ലാഷ്‌ഡൗണ്‍ ചെയ്‌തത്. ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്‌ത ശേഷം പത്തരം മണിക്കൂര്‍ സമയമെടുത്താണ് ഡ്രാഗണ്‍ പേടകത്തിന്‍റെ ലാന്‍ഡിംഗ്. പ്രത്യേക ബോട്ടുപയോഗിച്ച് ഡ്രാഗണ്‍ എന്‍ഡവര്‍ പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി കരയിലെത്തിക്കും. നാല് ബഹിരാകാശ സഞ്ചാരികളെയും വിശദമായ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാക്കും.

ആശങ്കകള്‍ക്ക് വിരാമം, ക്രൂ-11 മടങ്ങിയെത്തി

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു ഡ്രാഗൺ എൻഡവർ പേടകത്തിന്‍റെ അൺഡോക്കിങ് പ്രക്രിയ. ഓസ്‌ട്രേലിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു ഐഎസ്എസില്‍ നിന്ന് വേര്‍പ്പെട്ട് ഡ്രാഗണ്‍ എന്‍ഡവര്‍ ഭൂമി ലക്ഷ്യമാക്കി യാത്ര പുറപ്പെടുത്തത്. ഭ്രമണപഥത്തിൽ നിന്ന് ഭൂമിയിലേക്ക് പേടകത്തെ ഇറക്കുന്ന ഡീ ഓർബിറ്റ് ജ്വലനം മുന്‍നിശ്ചയിച്ച പ്രകാരം 1:21-ന് തന്നെ നടന്നു. 2:12-ന് കാലിഫോർണിയയുടെ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തില്‍ ഇറങ്ങിയ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുക്കാനുള്ള ചുമതല സ്പേസ്‌എക്‌സിന്‍റെ പ്രത്യേക സംഘത്തിനാണ്. സ്പേസ്‌എക്‌സ് ക്രൂ-11 ദൗത്യ സംഘത്തിന്‍റെ തിരിച്ചുവരവിന്‍റെ വിശദാംശങ്ങള്‍ ഇന്ന് വൈകീട്ട് 4.15-ന് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ നാസ അഡ്‌മിനിസ്‌ട്രേറ്റര്‍ ജാറെഡ് ഐസക്‌മാന്‍ വിശദീകരിക്കും എന്നാണ് പ്രതീക്ഷ.

2025 ഓഗസ്റ്റ് ഒന്നിനാണ് ക്രൂ-11 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ഓഗസ്റ്റ് രണ്ടാം തീയതി ക്രൂ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകം ഐഎസ്എസില്‍ ഡോക്ക് ചെയ്‌തു. ആറ് മാസത്തെ ദൗത്യം പൂര്‍ത്തിയാക്കി ഈ നാല്‍വര്‍ സംഘം 2026 ഫെബ്രുവരിയില്‍ ഭൂമിയിലേക്ക് മടങ്ങാനാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മുന്‍നിശ്ചയിച്ചിരുന്നത്. എന്നാല്‍ സ്പേസ്എക്‌സ് ക്രൂ-11 സംഘത്തിലെ പേര് വെളിപ്പെടുത്താത്ത ഒരു നാസ പ്രതിനിധിക്ക് ആരോഗ്യപ്രശ്‌നം നേരിട്ടതോടെ ഇവരോട് ദൗത്യം വെട്ടിച്ചുരുക്കി ഭൂമിയിലേക്ക് മടങ്ങാന്‍ നാസ നിര്‍ദേശിക്കുകയായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്‌നം കാരണം ദൗത്യം വെട്ടിച്ചുരുക്കുന്നതും മടക്കയാത്ര നേരത്തേയാക്കുന്നതും. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ 165 ദിവസം ചിലവഴിച്ചതിന് ശേഷമാണ് ക്രൂ-11 സംഘത്തിന്‍റെ മടക്കം.

ക്രൂ-11 ദൗത്യ സംഘാംഗങ്ങള്‍

നാസയുടെ സെന കാർഡ്‌മാനും മൈക്ക് ഫിൻകെയും, ജാക്‌‌സയുടെ കിമിയ യുയിയും, റോസ്കോസ്മോസിന്‍റെ ഒലെഗ് പ്ലാറ്റനോവും അടങ്ങുന്നതാണ് സ്പേസ്‌എക്‌സ് ക്രൂ-11 ദൗത്യ സംഘം. നാസയുടെ പതിനൊന്നാമത്തെ ഓപ്പറേഷണൽ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമാണ് ക്രൂ-11 ദൗത്യം. 

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്