അമേരിക്കയുടെ പുതിയ ചൊവ്വാ ദൗത്യം: പെർസിവിയറൻസിൻ്റെ വിക്ഷേപണം ഇന്ന്

By Web TeamFirst Published Jul 30, 2020, 7:11 AM IST
Highlights

ചരിത്രം കുറിച്ച ഓപ്പ‍‌ർച്ച്യൂണിറ്റിക്കും, ക്യൂരിയോസിറ്റിയ്ക്കും ശേഷം വീണ്ടും ഒരു അമേരിക്കൻ റോവ‍ർ ചൊവ്വയിലേക്ക്. യുണൈറ്റ‍ഡ് ലോഞ്ച് അലയൻസിന്റെ അറ്റ്ലസ് V 541 ആണ് വിക്ഷേപണ വാഹനം

ന്യൂയോർക്ക്: അമേരിക്കയുടെ പുതിയ ചൊവ്വാ ദൗത്യമായ പെ‍‌‌‌‍‌ർസിവിയറൻസ് വിക്ഷേപണം ഇന്ന്. ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്ക് ഫ്ലോറിഡയിലെ കേപ്പ് കനാവറൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് പെ‍‍‌ർസിവിയറൻസ് വിക്ഷേപിക്കുക.

ചരിത്രം കുറിച്ച ഓപ്പ‍‌ർച്ച്യൂണിറ്റിക്കും, ക്യൂരിയോസിറ്റിയ്ക്കും ശേഷം വീണ്ടും ഒരു അമേരിക്കൻ റോവ‍ർ ചൊവ്വയിലേക്ക്. യുണൈറ്റ‍ഡ് ലോഞ്ച് അലയൻസിന്റെ അറ്റ്ലസ് V 541 ആണ് വിക്ഷേപണ വാഹനം. പെര്‍സിവിയറൻസ് റോവറും ഇന്‍ജന്യൂറ്റി ഹെലികോപ്റ്ററും അടങ്ങുന്നതാണ് ദൗത്യം. ആദ്യമായാണ് ഒരു അന്യഗ്രഹത്തിൽ ഹെലികോപ്റ്റ‍ർ ശൈലിയിലുള്ള പറക്കുന്ന പര്യവേഷണ വാഹനം പ്രവ‍ർത്തിപ്പിക്കാൻ ശ്രമിക്കുന്നത്. ഏഴ് മാസത്തെ യാത്രക്കൊടുവിൽ 2021 ഫെബ്രുവരിയിൽ ചൊവ്വയിലെ ജസീറോ ക്രേറ്ററിൽ ലാൻഡ് ചെയ്യുന്ന രീതിയിലാണ് ദൗത്യ പദ്ധതി.

ചൊവ്വയിലെ അന്തരീക്ഷത്തെക്കുറിച്ചും, ഭൂപ്രകൃതിയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പെർസിവിയറൻസിലൂടെ ലഭിക്കും. ചുവന്ന ഗ്രഹത്തിൽ എന്നെങ്കിലും ജീവ സാന്നിധ്യമുണ്ടായിരുന്നോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് പെ‍ർസിവിയറൻസിന് വിരൽചൂണ്ടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവി ദൗത്യങ്ങൾക്ക് തിരിച്ചു കൊണ്ടുവരാനായി ചൊവ്വയിലെ മണ്ണിൻ്റെ സാമ്പിളുകൾ ശേഖരിക്കുകയെന്ന ജോലിയും ആറ് ചക്രമുള്ള റോവറിനുണ്ട്. യുഎഇയുടെ ഹോപ്പും, ചൈനയുടെ ടിയാൻവെൻ ദൗത്യവും നിലവിൽ ചൊവ്വയിലേക്കുള്ള യാത്രയിലാണ്.

click me!