പഠിച്ചത് മാറ്റിപ്പറയേണ്ടി വന്നേക്കും; ലോകത്ത് സമുദ്രങ്ങള്‍ നാല് അല്ല, അഞ്ച്; പുതിയ വഴിത്തിരിവ് ഇങ്ങനെ

By Web TeamFirst Published Jun 11, 2021, 8:35 PM IST
Highlights

ലോകത്തിലെ പലഭൂപടങ്ങളുടെയും വിവര സ്രോതസാണ് നാഷണല്‍ ജിയോഗ്രഫിക്ക് സൊസേറ്റി, അതിനാല്‍ തന്നെ വലിയ മാറ്റമായിരിക്കും ഈ പ്രഖ്യാപനം ഉണ്ടാക്കാന്‍ പോരുന്നത്.

നിങ്ങളുടെ ഭൂമിശാസ്ത്ര അറിവുകള്‍ പുതുക്കേണ്ട സമയം ആയിരിക്കുന്നു, ഇനി ഭൂമിയില്‍ നാല് സമുദ്രങ്ങള്‍ അല്ല, സമുദ്രങ്ങളുടെ എണ്ണം അഞ്ചാണെന്നാണ് പുതിയ കാര്യം. നാഷണല്‍ ജിയോഗ്രഫിക്ക് സൊസേറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അന്റാര്‍ട്ടിക്കയിലെ സതേണ്‍ സമുദ്രമാണ് ഇനി ലോകത്തിലെ അഞ്ചാമത്തെ സമുദ്രം.

ലോകത്തിലെ പലഭൂപടങ്ങളുടെയും വിവര സ്രോതസാണ് നാഷണല്‍ ജിയോഗ്രഫിക്ക് സൊസേറ്റി, അതിനാല്‍ തന്നെ വലിയ മാറ്റമായിരിക്കും ഈ പ്രഖ്യാപനം ഉണ്ടാക്കാന്‍ പോരുന്നത്. 60 ഡിഗ്രി ലാറ്റിറ്റ്യൂഡില്‍ അന്റാര്‍ട്ടിക്കയിലെ ജലം ഉള്‍പ്പെടുന്ന ഭാഗത്തെയാണ് സതേണ്‍ സമുദ്രം എന്ന് വിളിക്കുന്നത് എന്നാണ് നാഷണല്‍ ജിയോഗ്രഫിക്ക് പറയുന്നത്. 

നേരത്തെ തന്നെ ഈ ഭാഗത്തെ സമുദ്രമായി പല ശാസ്ത്രകാരന്മാരും ശാസ്ത്ര സ്ഥാപനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്, ഇപ്പോള്‍ ഇതിനെ സമുദ്രം എന്ന നിലയില്‍ തന്നെ വിളിക്കേണ്ടിയിരിക്കുന്നു - നാഷണല്‍ ജിയോഗ്രഫിക്കിലെ ഭൗമശാസ്ത്രകാരന്‍ അലക്സ് ടെയ്റ്റ് പറയുന്നു. എന്നാല്‍ വിവിധ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ഈ പ്രഖ്യാപനത്തിന് വേണ്ടതിനാല്‍ ഇപ്പോഴും ഔദ്യോഗികമായി നാലായിരിക്കും സമുദ്രങ്ങള്‍ എന്നാണ് അലക്സ് ടെയ്റ്റ് പറയുന്നത്.  

ആര്‍ട്ടിക്, അറ്റ് ലാന്‍റിക്ക്, ഇന്ത്യന്‍, പസഫിക്ക് എന്നീ സമുദ്രങ്ങളാണ് ഇതുവരെ ലോക ഭൂപടത്തില്‍ ഉണ്ടായിരുന്നത്. പുതിയ പ്രഖ്യാപനം ഈ വസ്തുത മാറുന്നതിലേക്കുള്ള വഴി തെളിയിക്കുന്നു. അതേസമയം അമേരിക്കന്‍ ബോര്‍ഡ് ഓഫ് ജിയോഗ്രാഫിക്ക് നെയിംസ് നേരത്തെ തന്നെ സതേണ്‍ സമുദ്രത്തിന് ആ പേര് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ നാഷണല്‍ ജിയോഗ്രഫിക്ക് ഈ പേര് ഉപയോഗിക്കുന്നത് വലിയ മാറ്റം വരുത്താന്‍ ഇടയുണ്ട്. 

ഓദ്യോഗികമായി സതേണ്‍ സമുദ്രത്തിന്‍റെ അതിര്‍ത്തി നിര്‍ണ്ണയവും മറ്റും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായേക്കും. പക്ഷെ ഔദ്യോഗികമായി സതേണ്‍ സമുദ്രം എന്ന് പറയുന്നതിനപ്പുറം, വിദ്യാഭ്യാസ കാഴ്ച്ചപ്പാടില്‍ ഈ പ്രഖ്യാപനം ഏറെ മാറ്റം ഉണ്ടാക്കുമെന്നാണ് അലക്സ് ടെയ്റ്റ് പറയുന്നത്. സാധാരണ സമുദ്രങ്ങള്‍ പഠിക്കുന്നതൊടൊപ്പം 'ഇന്‍റര്‍കണക്ടഡ്' സമുദ്രം എന്ന ആശയം തന്നെ ചിലപ്പോള്‍ ഭൗമശാസ്ത്ര വിദ്യാര്‍ത്ഥികള്‍ പരിചയപ്പെടും.  

click me!