മെഡിറ്ററേനിയൻ കടലിനടിയിൽ കണ്ടെത്തിയ അൾട്രാ-ഹൈ-എനർജി ന്യൂട്രിനോ: പ്രാചീന ബ്ലാക്ക് ഹോൾ സ്ഫോടനമോ?

Published : Apr 11, 2026, 10:05 PM IST
Mediterranean-Sea

Synopsis

മെഡിറ്ററേനിയൻ കടലിനടിയിൽ സ്ഥാപിച്ച KM3NeT ഡിറ്റക്റ്റർ അത്യധികം ഊർജ്ജമുള്ള ഒരു ന്യൂട്രിനോയെ കണ്ടെത്തി. നിലവിലെ സിദ്ധാന്തങ്ങൾക്ക് വിശദീകരിക്കാനാകാത്ത ഈ കണികയുടെ ഉത്ഭവം ഒരു ആദിമ തമോദ്വാരത്തിന്‍റെ സ്ഫോടനത്തിൽ നിന്നാകാമെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

മസാച്യുസെറ്റ്സ്: മെഡിറ്ററേനിയൻ കടലിന്‍റെ അടിത്തട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഡിറ്റക്റ്റര്‍ 2023 ഫെബ്രുവരിയിൽ തിരിച്ചറിഞ്ഞ അത്യന്തം ഉയർന്ന ഊർജമുള്ള ന്യൂട്രിനോ ശാസ്ത്രലോകത്തെ അമ്പരപ്പിക്കുകയാണ്. കിലോമീറ്റർ ക്യൂബ് ന്യൂട്രിനോ ടെലിസ്കോപ്പ് അല്ലെങ്കിൽ KM3NeT എന്നറിയപ്പെടുന്ന ഒരു പുതിയ അണ്ടർവാട്ടർ ഒബ്‌സർവേറ്ററിയാണ് ഈ സാന്നിധ്യം കണ്ടെത്തിയത്. 'ഗോസ്റ്റ് പാർട്ടിക്കിൾ' എന്നറിയപ്പെടുന്ന ഈ ഉപ ആറ്റോമിക്ക് കണം, മനുഷ്യൻ നിർമ്മിച്ച ഏറ്റവും ശക്തമായ ആക്‌സിലറേറ്ററായ ലാർജ് ഹാഡ്രോൺ കൊളൈഡർ ഇതുവരെ സൃഷ്‌ടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ കണങ്ങളേക്കാൾ ഏകദേശം ഒരു ലക്ഷം മടങ്ങ് കൂടുതൽ ഊർജം ന്യൂട്രിനോ വഹിച്ചിരുന്നതായാണ് അനുമാനം.

ഇത്തരം ഉയർന്ന ഊർജമുള്ള ന്യൂട്രിനോകൾ സാധാരണയായി സൂപ്പർനോവാ സ്ഫോടനങ്ങൾ, ഗാമ റേ ബർസ്റ്റുകൾ തുടങ്ങിയ ശക്തമായ ബഹിരാകാശ സംഭവങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. എന്നാൽ ഈ പ്രത്യേക കണത്തിന്‍റെ ഊർജതലത്തെ വിശദീകരിക്കാൻ നിലവിലുള്ള സിദ്ധാന്തങ്ങൾ മതിയാകുന്നില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഈ രഹസ്യത്തിന്‍റെ ചുരുൾ നിവർത്താൻ മസാച്യുസെറ്റ്സ് ആംഹെർസ്റ്റ് സർവകലാശാലയിലെ ഗവേഷകർ ഇപ്പോൾ പുതിയൊരു സിദ്ധാന്തം മുന്നോട്ട് വച്ചിട്ടുണ്ട്. ഈ ന്യൂട്രിനോ ഉണ്ടായത് ഒരു ആദിമ തമോദ്വാരത്തിന്‍റെ സ്ഫോടനത്തിൽ നിന്നായിരിക്കാം എന്നതാണത്. പ്രപഞ്ചത്തിന്‍റെ തുടക്കത്തിൽ, ബിഗ് ബാംഗിന് പിന്നാലെ രൂപപ്പെട്ട ചെറിയ ബ്ലാക്ക് ഹോളുകളാണ് ഇവ. കാലക്രമേണ ഹാക്കിംഗ് റേഡിയേഷൻ എന്ന പ്രക്രിയയിലൂടെ ഇവ ഭാരം നഷ്‌ടപ്പെടുകയും ഒടുവിൽ അതിശക്തമായ സ്ഫോടനമായി അവസാനിക്കുകയും ചെയ്‍തിരിക്കാം എന്നും ഗവേഷകർ പറയുന്നു. അത്തരമൊരു സ്ഫോടനത്തിലാണ് ഈ അത്യുയർന്ന ഊർജമുള്ള ന്യൂട്രിനോ രൂപപ്പെട്ടതെന്നാണ് മസാച്യുസെറ്റ്സ് ആംഹെർസ്റ്റ് സർവകലാശാലയിലെ ഗവേഷകർ കരുതുന്നത്.

കൂടാതെ, “ഡാർക്ക് ചാർജ്” എന്ന പുതിയ ആശയവും ഗവേഷകർ മുന്നോട്ടുവയ്ക്കുന്നു. ഇത് ഡാർക്ക് മാറ്ററുമായി ബന്ധപ്പെട്ട ഒരു സിദ്ധാന്തമാണ്. ഇതിന്‍റെ സ്വാധീനത്തിൽ ചില ഊർജ നിലകളിൽ കണങ്ങൾ പുറപ്പെടാതെ, അതിലും ഉയർന്ന ഊർജത്തിൽ മാത്രമേ പുറപ്പെടുകയുള്ളൂ എന്നാണ് ഗവേഷകർ പറയുന്നത്. ഇതിലൂടെ KM3NeT കണ്ടെത്തിയ കണങ്ങളെ വിശദീകരിക്കാനാകുമെന്ന് അവർ വിശ്വസിക്കുന്നു.

എങ്കിലും, ഈ സിദ്ധാന്തങ്ങൾ എല്ലാം ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കൂടുതൽ നിരീക്ഷണങ്ങളും പഠനങ്ങളും ആവശ്യമാണ്. ഈ കണ്ടെത്തൽ ഭാവിയിൽ ബഹിരാകാശ ശാസ്ത്രത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

ശ്രീനന്ദയുടെ മരണം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, 'മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്, ശരീരത്തിൽ ഉടനീളം പരിക്കുകൾ'
ചരിത്രം കുറിച്ച് ആർട്ടെമിസ് 2 സംഘം; പത്ത് ദിവസത്തെ ചന്ദ്രയാത്ര കഴിഞ്ഞ് ഒറയോൺ പേടകം ഭൂമിയിലേക്ക് തിരിച്ചെത്തി