അഭിമാനമായി സ്പേഡെക്സ്; സ്പേസ് ഡോക്കിംഗ് വിജയിപ്പിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ, ഇസ്രൊ എലൈറ്റ് ക്ലബില്‍

Published : Jan 16, 2025, 09:24 AM ISTUpdated : Jan 16, 2025, 10:07 AM IST
അഭിമാനമായി സ്പേഡെക്സ്; സ്പേസ് ഡോക്കിംഗ് വിജയിപ്പിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ, ഇസ്രൊ എലൈറ്റ് ക്ലബില്‍

Synopsis

ഐഎസ്ആര്‍ഒ നാലാം പരിശ്രമത്തില്‍ സ്പേഡെക്സ് ഉപ​ഗ്രഹങ്ങൾ കൂട്ടിയോജിപ്പിച്ചു, ഇന്ത്യ 'സ്പേസ് ഡോക്കിംഗ്' വിജയിപ്പിക്കുന്ന നാലാമത്തെ രാജ്യം

ബെംഗളൂരു: ബഹിരാകാശ രംഗത്ത് ഇന്ത്യ മഹാശക്തികള്‍ക്കൊപ്പം. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയത്തിലെത്തിച്ചു. സ്പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ മാത്രം രാജ്യമെന്ന നേട്ടമാണ് സ്പേഡെക്സ് വിജയത്തോടെ ഇസ്രൊ സ്വന്തമാക്കിയത്. ഡോക്കിംഗ് ടെക്നോളജി വിജയിപ്പിച്ചതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ ബഹിരാകാശ രംഗത്ത് എലൈറ്റ് ക്ലബിലെത്തി. 

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2024 ഡിസംബര്‍ 30-ാം തിയതിയാണ് പിഎസ്എല്‍വി-സി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്പേഡെക്സ് സാറ്റ്‌ലൈറ്റുകള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ഈ ഉപഗ്രഹങ്ങളുടെ പേരുകള്‍. ജനുവരി 6ന് ഇവയുടെ ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഇസ്രൊ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഈ ശ്രമം 9-ാം തിയതിയിലേക്ക് നീട്ടിവെച്ചു. ഒന്‍പതാം തിയതി ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 500 മീറ്ററില്‍ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനിടെ വീണ്ടും സാങ്കേതിക പ്രശ്‌നം നേരിട്ടതിനാല്‍ ഡോക്കിംഗ് പരീക്ഷണം രണ്ടാമതും നീട്ടുന്നതായി ഇസ്രൊ അറിയിക്കുകയായിരുന്നു. പിന്നീട് ഐഎസ്ആര്‍ഒ ഏറെ കരുതലോടെയാണ് ഡോക്കിംഗിനായുള്ള മൂന്നാം ശ്രമം ആരംഭിച്ചത്. 

മൂന്നാം പരിശ്രമത്തില്‍ 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും 3 മീറ്ററിലേക്കും ഇസ്രൊ അനായാസം ഉപഗ്രഹങ്ങളെ കൊണ്ടുവന്നു. എന്നാല്‍ ഇതൊരു ട്രെയല്‍ മാത്രമായിരുന്നു എന്ന അറിയിപ്പ് പിന്നാലെ ഐഎസ്ആര്‍ഒയുടെ ഭാഗത്ത് നിന്നെത്തി. ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ചെയ്തു. വിവരങ്ങൾ പഠിച്ച ശേഷമേ അടുത്ത നീക്കമുണ്ടാകൂ എന്ന അറിയിപ്പ് വന്നതോടെ ആകാംക്ഷ ഇരട്ടിച്ചു. ഇതിന് ശേഷം കരുതലോടെയുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങളെ വിജയകരമായി ഇസ്രൊ ഡോക്ക് ചെയ്തത്. 

Read more: സ്പേഡെക്സ് ഡോക്കിംഗ് വിജയം; പുതു ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒയുടെ 'ഉപഗ്രഹ ചുംബനം'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും