
മോസ്‌കോ: ഒരു ഓർബിറ്റൽ സ്റ്റേഷനിൽ (ബഹിരാകാശ നിലയം) നിന്ന് ബഹിരാകാശ പേടകങ്ങൾ ഓട്ടോമാറ്റിക്കായി വിക്ഷേപിക്കാൻ അനുവദിക്കുന്ന പുത്തന്‍ സാങ്കേതികവിദ്യ റഷ്യ വികസിപ്പിക്കുകയും പേറ്റന്‍റ് നേടുകയും ചെയ്തെന്ന് റിപ്പോർട്ട്. റഷ്യൻ വാർത്താ ഏജൻസിയായ ടാസിനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ സംവിധാനത്തിൽ ബഹിരാകാശ നിലയത്തിന്‍റെ റോബോട്ടിക് അറ്റകുറ്റപ്പണി സവിശേഷതകളും ഉൾപ്പെടുന്നു. റഷ്യയുടെ വരാനിരിക്കുന്ന സ്വന്തം ബഹിരാകാശ നിലയത്തില്‍ (Russian Orbital Station) ഈ സാങ്കേതികവിദ്യ പരീക്ഷിക്കപ്പെടും.
അറ്റകുറ്റപ്പണികൾക്കായി റോബോട്ടുകൾ ഘടിപ്പിച്ചിരിക്കുന്ന ലോകത്തിലെ ആദ്യത്തെ ബഹിരാകാശ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക എന്നതാണ് റഷ്യയുടെ റോസ്‌കോസ്‌മോസിന്‍റെ ലക്ഷ്യം. ഈ സാങ്കേതികവിദ്യ വരാനിരിക്കുന്ന റഷ്യൻ ഓർബിറ്റൽ സ്റ്റേഷനിൽ (ROS) പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. ശേഷം ഭാവിയിലെ ചാന്ദ്ര പര്യവേക്ഷണ ശ്രമങ്ങളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ റഷ്യ ആലോചിക്കുന്നു. 2033-ഓടെ റഷ്യ സ്വന്തം ബഹിരാകാശ നിലയം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. റഷ്യൻ ഓർബിറ്റൽ സ്റ്റേഷൻ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിലവിൽ നടന്നുവരികയാണ്. പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിന്‍റെ അധ്യക്ഷതയിൽ നടന്ന ഒരു യോഗം അടുത്തിടെ ബഹിരാകാശവുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ റഷ്യയുടെ വിവിധ ദേശീയ പദ്ധതികളിലെ പുരോഗതി വിലയിരുത്തി.
റഷ്യൻ ഓർബിറ്റൽ സ്റ്റേഷനിന്‍റെ പ്രധാന ഭാഗമായ സയന്‍റിഫിക് ആൻഡ് പവർ മൊഡ്യൂൾ (SPM-1) 2028-ഓടെ വിക്ഷേപിക്കാനാണ് പദ്ധതി. 2030 ആകുമ്പോഴേക്കും യൂണിവേഴ്സൽ-നോഡ്, ഗേറ്റ്‌വേ, ബേസ് മൊഡ്യൂളുകൾ എന്നിവ ഉൾപ്പെടെയുള്ള മറ്റ് ഘടകങ്ങൾ വിക്ഷേപിക്കാനും റഷ്യ ആലോചിക്കുന്നു. സ്റ്റേഷന്‍ വിന്യാസത്തിന്‍റെ രണ്ടാം ഘട്ടത്തിൽ 2031-നും 2033-നും ഇടയിൽ രണ്ട് ടാർഗെറ്റ് മൊഡ്യൂളുകൾ ഡോക്ക് ചെയ്തുകൊണ്ട് സൗകര്യം വികസിപ്പിക്കുന്നത് ഉൾപ്പെടും. 2030-ഓടെ നിലവില്‍ റഷ്യ കൂടി ഭാഗമായ അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവര്‍ത്തനരഹിതമാക്കുന്നതോടെ റോസ്‌കോസ്‌മോസ് സ്വന്തം ഓർബിറ്റൽ സ്റ്റേഷന്‍റെ വിന്യാസം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2028-ഓടുകൂടി ഐഎസ്എസിന്‍റെ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍മാറുമെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു.