നൈസാര്‍ ഉപഗ്രഹം ബഹിരാകാശ രംഗത്തെ ആഗോള സഹകരണത്തില്‍ നാഴികക്കല്ല്: ജിതേന്ദ്ര സിംഗ്

Published : Jul 29, 2025, 03:20 PM ISTUpdated : Jul 29, 2025, 03:24 PM IST
NISAR Mission

Synopsis

ഐഎസ്ആര്‍ഒ- നാസ സംയുക്ത സംരംഭമായ എന്‍ ഐ സാര്‍ ഉപഗ്രഹത്തിന്‍റെ വിക്ഷേപണത്തെ കുറിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് വിശദീകരിക്കുന്നു

ദില്ലി: നാസയും ഐഎസ്ആര്‍ഒയും സംയുക്തമായി നിര്‍മ്മിച്ച ആദ്യ ഉപഗ്രഹമായ നൈസാര്‍ (എന്‍ ഐ സാര്‍) ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ആഗോള സഹകരണത്തില്‍ നാഴികക്കല്ലാകുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. നാളെ (ജൂലൈ 30) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നാണ് നാസ- ഐഎസ്ആര്‍ഒ സിന്തറ്റിക്ക് അപേർച്ചർ റഡാർ സാറ്റ്‌ലൈറ്റ് (NISAR) വിക്ഷേപിക്കുന്നത്. ഭൗമനിരീക്ഷണത്തിനുള്ള അത്യാധുനികവും ചിലവേറിയതുമായ സാറ്റ്‌ലൈറ്റാണ് എന്‍ ഐ സാര്‍ അഥവാ നൈസാര്‍.

'ഇത് വെറുമൊരു ഉപഗ്രഹ വിക്ഷേപണമല്ല, ശാസ്ത്ര രംഗത്തും ആഗോള ക്ഷേമത്തിനുമായി രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വലിയ സഹകരണത്തിന്‍റെ അടയാളമാണിത്. നൈസര്‍ ഉപഗ്രഹത്തിന്‍റെ പ്രയോജനം ഇന്ത്യക്കും അമേരിക്കയ്ക്കും മാത്രമല്ല ലഭിക്കുക. ദുരന്ത നിവാരണം, കൃഷി, കാലാവസ്ഥാ നിരീക്ഷണം തുടങ്ങിയ മേഖലകളില്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ ഈ ഭൗമനിരീക്ഷണ ഉപഗ്രഹത്തിനാകും'- എന്നും നൈസാര്‍ ഉപഗ്രഹ വിക്ഷേപണത്തിന് മുന്നോടിയായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

2,400 കിലോഗ്രാം ഭാരമുള്ള നൈസാര്‍ കൃത്രിമ ഉപഗ്രഹവുമായി ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എൽവി-എഫ്16 റോക്കറ്റ് ജൂലൈ 30ന് ഇന്ത്യന്‍ സമയം വൈകിട്ട് 5:40ന് കുതിച്ചുയരും. എന്‍ ഐ സാര്‍ ഉപഗ്രഹത്തിന്‍റെ വിക്ഷേപണ ചെലവ് ആകെ 13,000 കോടി രൂപയ്ക്ക് മുകളില്‍ വരും. ഈ തുക നാസയും ഇസ്രൊയും പങ്കിടുന്നു. ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചതിൽ വച്ച് എറ്റവും മുടക്കുമുതലുള്ള ഉപഗ്രഹം കൂടിയാണ് നൈസാര്‍. രണ്ട് സാർ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് നൈസാര്‍. ഐഎസ്ആർഒയുടെ എസ് ബാൻഡ് റഡാറും, നാസയുടെ എൽ ബാൻഡ് റഡാറും നൈസാര്‍ ഉപഗ്രഹത്തില്‍ ഉള്‍പ്പെടുന്നു. പകല്‍-രാത്രി വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും ഭൂമിയിലെ ഓരോ ഇഞ്ചും അതിസൂക്ഷ്‌മമായി പകര്‍ത്താന്‍ എ ഐ സാര്‍ സാറ്റ്‌ലൈറ്റിനാകും.

ഉരുൾപ്പൊട്ടലുകളും, മണ്ണിടിച്ചിലുകളും, അഗ്നിപർവ്വത വിസ്ഫോടനങ്ങളും, ഭൂകമ്പങ്ങളുമെല്ലാം എൻ ഐ സാറിന്‍റെ റഡാർ ദൃഷ്‌ടിയിൽ പതിയും. കടലിലെ മാറ്റങ്ങളും പുഴകളുടെ ഒഴുക്കും തീരശോഷണവും മണ്ണൊലിപ്പും ഒപ്പിയെടുക്കും. കാട്ടുതീകളും ഹിമാനികളുടെ ചലനവും മഞ്ഞുപാളികളിലെ മാറ്റവും തിരിച്ചറിയും. കൃഷിഭൂമിയിലെ മണ്ണിന്‍റെ ഈ‌ർപ്പവും വിളകളുടെ വളർച്ചയും വനങ്ങളിലെ പച്ചപ്പുമെല്ലാം നിരീക്ഷിക്കാനും നൈസാര്‍ ഉപഗ്രഹത്തിന് ശേഷിയുണ്ട്. പന്ത്രണ്ട് ദിവസത്തിലൊരിക്കലെങ്കിലും ഭൂമിയിലെ ഓരോ ഇഞ്ചും എൻ ഐ സാര്‍ സാറ്റ്‌ലൈറ്റിലെ റഡാറുകള്‍ സൂക്ഷ്‌മമായി പകര്‍ത്തും. ഇത് ഭൗമ മാറ്റങ്ങള്‍ നിരീക്ഷിച്ച് ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാന്‍ സഹായകമാകും. 

 

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും