കഴിഞ്ഞത് 120 വര്‍ഷത്തിനിടയില്‍ കൂടുതൽ മഴ ലഭിച്ച ഒക്ടോബർ; കണക്കുകള്‍ ഇങ്ങനെ

By Web TeamFirst Published Nov 1, 2021, 7:43 PM IST
Highlights

ഒക്ടോബർ ഒന്നു മുതല്‍ ഡിസംബർ അവസാനം വരെയുള്ള തുലാവർഷ സീസണിൽ സംസ്ഥാനത്തു ലഭിക്കേണ്ട ശരാശരി മഴ 491.6 എംഎം ആണ്. എന്നാൽ ഒക്ടോബർ അവസാനിക്കുന്നതിനു മുൻപ് തന്നെ സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ചു കഴിഞ്ഞു

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ (IMD) 1901 മുതലുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ മഴ (Rain Fall) ലഭിച്ച ഒക്ടോബർ എന്ന റെക്കോർഡ് ഈ വര്‍ഷത്തെ ഒക്ടബറിന് (October 2021). 2021 ഒക്ടോബറില്‍ കേരളത്തില്‍ പെയ്തിറങ്ങിയ മഴ  589.9 മില്ലി മീറ്ററാണ്. 1999 ഒക്ടോബറില്‍ പെയ്ത 566 മില്ലി മീറ്റര്‍ മഴയായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ഇതാണ് ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തെ നടുക്കിയ പ്രളയസമാനമായ മഴയില്‍ (Kerala Flood ) മാറിമറിഞ്ഞത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം കേരളത്തിലെ ഒരു ജില്ല ഒഴികെ ഒക്ടോബര്‍ മാസം പ്രതീക്ഷിച്ചതിന്‍റെ 60 ശതമാനത്തില്‍ കൂടുതല്‍ മഴ ലഭിച്ചു. ആലപ്പുഴ ജില്ലയില്‍ പ്രതീക്ഷിച്ച മഴയെക്കാള്‍ 30 ശതമാനം കൂടുതലാണ് ലഭിച്ചത്. ഒക്ടോബറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്  പത്തനംതിട്ട ജില്ലയിലാണ് പെയ്തത്. ഇവിടെ 866.9 എംഎം മഴ ലഭിച്ചു. രണ്ടാം സ്ഥാനത്ത് ഇടുക്കിയാണ്, ഇവിടെ ഒക്ടോബറിലെ പെയ്ത് 710.5 മില്ലി മീറ്ററാണ്. കൊല്ലമാണ് മൂന്നാമത് ഇവിടെ പെയ്തത് 644.7 മില്ലി മീറ്റര്‍ മഴയാണ്. കോഴിക്കോടാണ് നാലാം സ്ഥാനത്ത് ഇവിടെ ഒക്ടോബറില്‍ പെയ്തത് 625.4 മില്ലി മീറ്റര്‍ മഴയാണ്. 

ഒക്ടോബർ ഒന്നു മുതല്‍ ഡിസംബർ അവസാനം വരെയുള്ള തുലാവർഷ സീസണിൽ സംസ്ഥാനത്തു ലഭിക്കേണ്ട ശരാശരി മഴ 491.6 എംഎം ആണ്. എന്നാൽ ഒക്ടോബർ അവസാനിക്കുന്നതിനു മുൻപ് തന്നെ സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ചു കഴിഞ്ഞുവെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്കുകള്‍ പറയുന്നത്. തിരുവനന്തപുരം, ആലപ്പുഴ ഒഴിയേക്കുള്ള ജില്ലകളിലെല്ലാം കേരളത്തിലെ എല്ലാ ജില്ലകളിലും സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ചു  കഴിഞ്ഞു.

പത്തനംതിട്ട, പാലക്കാട്‌ ജില്ലകളും ഒക്ടോബർ മഴയിൽ സർവകാല റെക്കോർഡ് തിരുത്തി. പത്തനംതിട്ട 1999 ൽ ലഭിച്ച  792.2എംഎം മഴ  ഇത്തവണ 866.9 എംഎം ആയി റെക്കോർഡ് തിരുത്തിയപ്പോൾ. പാലക്കാട്‌ ജില്ലയും 1999 ൽ ലഭിച്ച  446.8 എംഎം മഴയെ  ഈ കഴിഞ്ഞ ഒക്ടോബറില്‍ 572.2 മില്ലി മീറ്റര്‍ മഴ ലഭിച്ചതോടെ മറി കടന്നു. കോട്ടയം (599.3 മില്ലി മീറ്റര്‍), മലപ്പുറം ( 560.2 മില്ലിമീറ്റര്‍)  ഇടുക്കി ( 710.5 മില്ലി മീറ്റര്‍) ജില്ലകളിൽ ഇത്തവണ ലഭിച്ചത്  ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഒക്ടോബർ മഴയാണ്.

ഈ വര്‍ഷം ഇത് രണ്ടാമത്തെ മാസമാണ് മഴയുടെ കാര്യത്തില്‍ സര്‍വകാല റെക്കോഡ് ഭേദിച്ചത്. ഇത്തരത്തില്‍ ഈ വര്‍ഷം ജനുവരിയില്‍ ലഭിച്ച മഴയും ഇത്തരത്തില്‍ റെക്കോഡായിരുന്നു. ശരാശരി 5.9 എംഎം മഴ ലഭിക്കേണ്ട ജനുവരിയിൽ ഇത്തവണ ലഭിച്ചത്  105.5 എംഎം മഴയായിരുന്നു. ഇതും 121 വര്‍ഷത്തിനടിയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജനുവരി എന്ന റെക്കോഡ് നല്‍കി.
 

click me!