
തിരുവനന്തപുരം: മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയിട്ട് ഇന്നേക്ക് 56 വർഷം. 1969 ജൂലൈ 21-ന് അമേരിക്കന്‍ പര്യവേഷകരായ നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനില്‍ കാലുകുത്തുകയായിരുന്നു. അന്നത്തെ അപ്പോളോ 11 ചാന്ദ്ര യാത്ര നടക്കുമ്പോൾ ജനിച്ചിട്ടില്ലാത്തവർക്ക് പോലും ആ ദൗത്യം ത്രസിപ്പിക്കുന്ന ഒരു അനുഭവമാണ്. ഭൂമിയെന്ന ചെറുഗോളത്തിൽ മനുഷ്യൻ ഒതുങ്ങില്ലെന്ന വിളംബരമായിരുന്നു അപ്പോളോ ദൗത്യങ്ങൾ. പക്ഷേ, വർഷമിത്ര കഴിഞ്ഞിട്ടും ചന്ദ്രനപ്പുറത്തേക്ക് മനുഷ്യൻ യാത്ര ചെയ്തിട്ടില്ല.
1969 ജൂലൈ 21, മനുഷ്യന്‍ ചന്ദ്രനെ തൊട്ട ദിനം
1969 ജൂലൈ 21, ഇന്ത്യൻ സമയം രാവിലെ 8:26ന് ചരിത്രം കുറിച്ച് അപ്പോളോ 11 കമാന്‍ഡര്‍ നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തി. 19 മിനിറ്റുകൾക്ക് ശേഷം ലൂണാര്‍ മൊഡ്യൂള്‍ പൈലറ്റ് എഡ്വിൻ ആൽഡ്രിൻ കൂടി ചന്ദ്രോപരിതലത്തിലിറങ്ങി. രണ്ടേകാൽ മണിക്കൂർ അവർ ചന്ദ്രോപരിതലത്തിലൂടെ നടന്നു. ആകെ 21 മണിക്കൂറും 31 മിനിറ്റുമാണ് അവർ ചന്ദ്രനിലുണ്ടായിരുന്നത്. തിരിച്ചുവരും മുമ്പ് അവർ ചന്ദ്രനിൽ ഒരു ഫലകം കൂടി സ്ഥാപിച്ചു. അതിലിങ്ങനെ എഴുതിയിരുന്നു. 'here men from the planet earth first set foot upon the moon, July 1969 A.D. we came in peace for all man kind'. മനുഷ്യ ബഹിരാകാശ പര്യവേഷണങ്ങളുടെ ചരിത്രത്തിൽ നിർണായക നേട്ടങ്ങളിൽ പലതിലും സോവിയറ്റ് യൂണിയന്‍റെ പിന്നിലായിപ്പോയ അമേരിക്ക ഈ ദൗത്യത്തോടെ അവരെ നിഷ്പ്രഭരാക്കി. അപ്പോളോ 11 ദൗത്യം യുഎസിന്‍റെ ശാസ്ത്രീയ, സാങ്കേതിക, രാഷ്ട്രീയ വിജയമായി വാഴ്‌ത്തപ്പെട്ടു. സോവിയറ്റ് യൂണിയനോ പിന്നീട് റഷ്യക്കോ ഒരിക്കൽ പോലും ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനായിട്ടില്ല.
ചന്ദ്രനില്‍ നടന്ന 12 അമേരിക്കക്കാര്‍
ആംസ്ട്രോങും ആൽഡ്രിനുമടക്കം 12 അമേരിക്കക്കാർ ചന്ദ്രോപരിതലത്തിലൂടെ നടന്നിട്ടുണ്ട്, ചാന്ദ്ര ഭ്രമണപഥം വരെ പോയ മനുഷ്യരുടെ എണ്ണം (24) അതിലും കൂടുതലാണ്. ആകെ ആറ് മനുഷ്യ ചാന്ദ്ര ലാൻഡിങ്ങുകളാണ് ചരിത്രത്തില്‍ ഇതുവരെ നടന്നത്. എല്ലാ ദൗത്യങ്ങളും അമേരിക്കയുടെ മാത്രം പേരിലുള്ളവയായിരുന്നു. 1972-ലാണ് എറ്റവും ഒടുവിലെ ദൗത്യം നടന്നത്. അന്നത്തെ സാങ്കേതിക വിദ്യ വച്ച് മനുഷ്യരെ ചന്ദ്രനിലയച്ച് തിരിച്ചുകൊണ്ടുവരാനായത് അസാധാരണ ഇച്ഛാശക്തി കൊണ്ടാണെന്ന് കൂടി പറയേണ്ടിവരും. അതിസങ്കീർണ യാത്രാ പദ്ധതി മനസ്സിൽ വിഭാവനം ചെയ്തവർ, സങ്കീർണ കണക്കുകളെ തലച്ചോറിന്‍റെ ശേഷി കൊണ്ട് മാത്രം നേരിട്ടവർ, മരണം മുന്നിൽ കണ്ടിട്ടും പിന്തിരിയാൻ വിസമ്മതിച്ചവർ, കൈ അയച്ച് പണമൊഴുക്കി പദ്ധതിക്ക് ജീവൻ നൽകിയവർ. അങ്ങനെ ആയിരക്കണക്കിന് മനുഷ്യരുടെ ശ്രമഫലമായിരുന്നു ചാന്ദ്ര ലാൻഡിങ്ങുകൾ.
അടുത്തത് ഏത് രാജ്യം?
അപ്പോളോ കഴിഞ്ഞ് ഇത്രയും വർഷത്തെ ഇടവേള എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം ഇച്ഛാശക്തിയും, പണവും ഇല്ലായിരുന്നുവെന്നതാണ്. ഇത് ആ കഥ മാറുന്ന കാലമാണ് ആർട്ടിമിസ് ദൗത്യങ്ങളിലൂടെ ചന്ദ്രനിലേക്ക് തിരിച്ചുപോകാൻ അമേരിക്ക കോപ്പുകൂട്ടുന്നു. യുഎസിന്‍റെ ആളില്ലാ ദൗത്യം 2022-ൽ വിജയകരമായി പൂർത്തിയായി. അടുത്ത പടിയിൽ നാലംഗ സംഘം ചന്ദ്രനെ ചുറ്റി തിരിച്ചുവരും. അത് 2026-ൽ നടക്കും. അതും കഴിഞ്ഞ് വീണ്ടുമൊരു അമേരിക്കൻ ചാന്ദ്ര ലാൻഡിംഗ് ദൗത്യം നടക്കുമെന്നാണ് പ്രഖ്യാപനം. പക്ഷേ അതിനും മുമ്പ് അവിടെ കൊടി പാറിക്കാൻ അരയും തലയും മുറുക്കി മറ്റൊരു രാജ്യം തയ്യാറെടുക്കുന്നുണ്ട്, അത് ചൈനയാണ്. 2030-നകം മനുഷ്യനെ ചന്ദ്രനിലിറക്കുമെന്നാണ് ചൈനീസ് പ്രഖ്യാപനം. ഇതുവരെയുള്ള ചാങ്ങ് ഇ പദ്ധതികളുടെ പുരോഗതി പരിശോധിച്ചാൽ അത് സുനിശ്ചിതമാണെന്ന് പറയേണ്ടിവരും. ചന്ദ്രനിൽ ദീർഘകാല വാസം സാധ്യമാക്കാൻ ഇന്‍റർനാഷണൽ ലൂണാർ റിസർച്ച് സ്റ്റേഷൻ എന്നൊരു പ്രത്യേക ഗവേഷണ നിലയവും ചൈന ലക്ഷ്യമിടുന്നുണ്ട്. റഷ്യയും പാകിസ്ഥാനും സൗത്ത് ആഫ്രിക്കയുമടക്കം പതിമൂന്ന് രാജ്യങ്ങളും ഈ പദ്ധതിയിൽ ചൈനയ്‌ക്കൊപ്പമുണ്ട്.
അമേരിക്കയാകട്ടെ ആർട്ടിമിസ് പദ്ധതിയുടെ ഭാഗമായി ചാന്ദ്ര ഭ്രമണപഥത്തിൽ ഒരു ബഹിരാകാശ നിലയമാണ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നത്, പേര് ലൂണാർ ഗേറ്റ് വേ. പക്ഷേ അമേരിക്കൻ പദ്ധതികൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നത് സാമ്പത്തിക ഞെരുക്കമാണ്, നാസയുടെ ബജറ്റിൽ ട്രംപ് ഭരണകൂടം നടത്തിയ അസാധാരണ വെട്ടിച്ചുരുക്കൽ ചാന്ദ്ര പദ്ധതികളുടെ നേരെയും വാളോങ്ങുന്നുണ്ട്. പക്ഷേ ചന്ദ്രനിലേക്കുള്ള ഈ രണ്ടാം ഓട്ടമത്സരത്തിൽ ചൈനയ്ക്ക് പിന്നിലാകുന്നത് അവർക്ക് ആലോചിക്കാൻ കൂടി വയ്യ, താൽക്കാലികമായി നാസയുടെ തലപ്പത്തേക്ക് നിയോഗിക്കപ്പെട്ട സീൻ ഡഫിയുടെ ആദ്യ പ്രസ്താവന ഈമത്സരത്തിൽ അമേരിക്ക പിന്നിലാകരുതെന്ന് തന്നെയായിരുന്നു.
ചന്ദ്രനിലിറങ്ങാന്‍ ഇന്ത്യയും
ഇലോൺ മസ്കിന്‍റെ സ്പേസ് എക്സ് അടക്കം സ്വകാര്യ മേഖലയും ചന്ദ്രനെയും ചന്ദ്രനിലെ വിഭവങ്ങളെയും കണ്ണുവയ്ക്കുന്നുണ്ട്. അതുകൊണ്ട് പുതിയ ഓട്ട മത്സരം രാജ്യങ്ങൾ തമ്മിൽ മാത്രമല്ല, സ്വകാര്യ കമ്പനികൾ തമ്മിൽ കൂടിയാണ്. ഇന്ത്യയുമുണ്ട് ഈ രംഗത്ത് താത്പര്യം. പക്ഷേ ഓടിയെത്താൻ നമുക്ക് മുന്നിൽ ഒരുപാട് ദൂരമുണ്ടെന്നതാണ് യാഥാര്‍ഥ്യം. 2040-കളുടെ അവസാനമാണ് മനുഷ്യനെ ചന്ദ്രനിലിറക്കാൻ നമ്മൾ സ്വയം നിശ്ചയിച്ചിരിക്കുന്ന സമയം. കാത്തിരിക്കാം അടുത്ത മനുഷ്യൻ ചന്ദ്രനിൽ കാൽ വയ്ക്കുന്ന നാളിനായി.