ഓപ്പറേഷൻ ബെന്നു വിജയം, ഡെലിവറി പൂര്‍ത്തിയാക്കി ഒസിരിസ് റെക്സ് അപോഫിസിലേക്ക്, 2029ലേക്ക് കണ്ണ് നട്ട് ഗവേഷകർ

By Web TeamFirst Published Sep 25, 2023, 10:30 AM IST
Highlights

അതിസങ്കീർണ്ണമായ ഛിന്നഗ്രഹ സാന്പിൾ ശേഖരണ ദൗത്യമാണ് നാസ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. സൗരയൂഥത്തോളം തന്നെ പ്രായമുണ്ടെന്ന് കരുതപ്പെടുന്ന ബെന്നു ഛിന്നഗ്രഹത്തിൽ നിന്നുള്ള കല്ലും മണ്ണുമാണ് ഭൂമിയിലെത്തിയിരിക്കുന്നത്

ഉട്ടാ: സാമ്പിള്‍ ഡെലിവറി പൂര്‍ണമാക്കി അപോഫിസ് ലക്ഷ്യമാക്കി യാത്ര തുടര്‍ന്ന് ഒസിരിസ് റെക്സ്. നാസയിലേയും ലോകത്തിലെ തന്നെ ബഹിരാകാശ ഗവേഷകരേയും ഒരേ പോലെ ത്രില്ലടിപ്പിച്ച ഛിന്ന ഗ്രഹത്തിന്റെ സാമ്പിള്‍ ക്യാപ്സൂളിലാക്കി ഭൂമിയില്‍ എത്തിച്ച് അടുത്ത ഛിന്ന ഗ്രഹത്തിലേക്ക് ഒസിരിസ് റെക്സ് യാത്രയായി. നാസയുടെ ഛിന്നഗ്രഹ സാമ്പിൾ ശേഖരണ ദൗത്യമാണ് ഇന്നലെ പൂര്‍ണ വിജയമായത്. പേടകത്തിൽ സൂക്ഷിച്ചിരുന്ന സാമ്പിളുമായി ഇന്ത്യൻ സമയം 8.22ന് അമേരിക്കയിലെ ഉട്ടാ മരുഭൂമിയിലാണ് ക്യാപ്സൂൾ ഇറങ്ങിയത്.

അതിസങ്കീർണ്ണമായ ഛിന്നഗ്രഹ സാന്പിൾ ശേഖരണ ദൗത്യമാണ് നാസ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. സൗരയൂഥത്തോളം തന്നെ പ്രായമുണ്ടെന്ന് കരുതപ്പെടുന്ന ബെന്നു ഛിന്നഗ്രഹത്തിൽ നിന്നുള്ള കല്ലും മണ്ണും അങ്ങനെ സുരക്ഷിതമായി ഭൂമിയിലെത്തി. 250 ഗ്രാം ഭാരമാണ് ശേഖരിച്ച ഛിന്നഗ്രഹത്തിന്റെ സാംപിളിനുള്ളത്. നേരത്തെ ജപ്പാന്‍ ഇറ്റോക്കാവ ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ചത് 5 ഗ്രാം സാമ്പിളായിരുന്നു. 2016ലെ വിക്ഷേപണം മുതൽ ഈ ലാൻഡിങ്ങ് വരെ ഏഴ് വർഷം നീണ്ട ദൗത്യത്തിനാണ് അന്ത്യമായത്.

2018ലാണ് ബെന്നുവിന്റെ ഭ്രമണപഥത്തിലെത്തിയ പേടകം ബെന്നുവിനെ തൊട്ടത് 2020 ഒക്ടോബർ 20നായിരുന്നു. ഛിന്നഗ്രഹത്തില്‍ നിന്നുള്ള കല്ലും മണ്ണും വലിച്ചെടുത്ത് അമൂല്യമായ ആ സന്പത്തുമായി 2021ലാണ് ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങിയത്. രണ്ട് വർഷം നീണ്ട ആ മടക്കയാത്രയ്ക്ക് ശേഷം ഭൂമിയിൽ നിന്ന് സുരക്ഷിത അകലത്തിൽ വച്ച് സാമ്പിൾ റിക്കവറി പേടകത്തെ ഒസിരിസ് ഭൂമിയിലേക്ക് അയക്കുകയായിരുന്നു. മാതൃപേടകത്തിൽ നിന്ന് വേർപ്പെട്ട് നാല് മണിക്കൂർ കൊണ്ടാണ് ക്യാപ്സൂള്‍ ഭൂമിയിലേക്ക് എത്തിയത്. ബെന്നുവിൽ നിന്നുള്ള കല്ലും മണ്ണും അടങ്ങിയ ക്യാപ്സൂൾ നാസയുടെ വിദഗ്ധ സംഘം വീണ്ടെടുത്ത് പരീക്ഷണശാലയിലേക്ക് കൊണ്ടുപോയി.

ജോൺസൺ സ്പേസ് സെന്ററിലെ ആസ്ട്രോമെറ്റീരിയൽസ് അക്വിസിഷൻ ആൻഡ് ക്യുറേഷൻ ഫെസിലിറ്റിയിലായിരിക്കും സാമ്പിളിലെ തുടർപഠനങ്ങൾ നടക്കുക. സൗരയൂഥത്തിന്റെ ഉത്പത്തിയെക്കുറിച്ചടക്കമുള്ള നിർണായക വിവരങ്ങൾ ബെന്നുവിൽ നിന്നുള്ള കല്ലും മണ്ണും പഠിക്കുന്നതിലൂടെ ലഭിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. സാമ്പിൾ പഠിക്കാൻ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള ഗവേഷണ സ്ഥാപനങ്ങൾക്കും അതിനുള്ള അവസരം ലഭിക്കും. പേടകത്തെ ഭൂമിയിലേക്ക് അയച്ച ഉപഗ്രഹം അടുത്ത ലക്ഷ്യസ്ഥാനമായ അപോഫിസ് എന്ന ഛിന്നഗ്രഹത്തിലേക്കുള്ള യാത്ര തുടങ്ങി. 2029ലായിരിക്കും ഉപഗ്രഹം അവിടെയെത്തുക എന്നാണ് കണക്കുകൂട്ടല്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!