റേഡിയേഷന്‍ തടയാനുള്ള 'ചാണക ചിപ്പ്'; തെളിവ് ചോദിച്ച് 400 ശാസ്ത്രജ്ഞര്‍

By Web TeamFirst Published Oct 16, 2020, 9:45 AM IST
Highlights

ഐഐടി മുംബൈ, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് തെളിവ് ആവശ്യപ്പെട്ടിരിക്കുന്നത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ചിപ്പ് പുറത്തിറക്കിയതെന്നായിരുന്നു വല്ലഭായി കത്തിരീയ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്

പശുചാണകം കൊണ്ട് റേഡിയേഷന്‍ തടയാന്‍ സഹായിക്കുന്ന രാഷ്ട്രീയ കാമധേനു അയോഗിനോട് തെളിവ് ആവശ്യപ്പെട്ട് രാജ്യത്തെ നാനൂറോളം ശാസ്ത്രജ്ഞരുടെ കത്ത്. രാജ്യത്തെ കന്നുകാലി സമ്പത്തിനെ ശാസ്ത്രീയമായി പരിപാലിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ സംവിധാനമായ രാഷ്ട്രീയ കാമധേനു അയോഗ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ചാണക ചിപ്പിന്‍റെ അവകാശവാദങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കണമെന്നാണ് ആവശ്യം. ഇത്തരമൊരു അവകാശവാദം ഉയര്‍ത്താന്‍ രാഷ്ട്രീയ കാമധേനു അയോഗ് ചെയര്‍മാന്‍ വല്ലഭായി കത്തിരീയ വിവരം ലഭിച്ചതെവിടെ നിന്നാണെന്നും ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടതായാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 13നാണ് ചാണക ചിപ്പുകള്‍ പുറത്തിറക്കിയ വിവരം  വല്ലഭായി കത്തിരീയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. 

ഐഐടി മുംബൈ, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് തെളിവ് ആവശ്യപ്പെട്ടിരിക്കുന്നത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ചിപ്പ് പുറത്തിറക്കിയതെന്നായിരുന്നു വല്ലഭായി കത്തിരീയ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. ഇതി സംബന്ധിച്ച പരീക്ഷണങ്ങള്‍ എവിടെ വച്ചാണ് നടന്നതെന്നും എപ്പോഴാണ് നടന്നതെന്നും ശാസ്ത്രജ്ഞര്‍ ചോദിക്കുന്നു. ആരുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം നടന്നതെന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ പരീക്ഷണഫലങ്ങള്‍ എവിടെയാണ് പ്രസിദ്ധീകരിച്ചതെന്നും ശാസ്ത്രജ്ഞര്‍ ചോദിക്കുന്നു. ഈ ഗവേഷണത്തിനായി പൊതുഖജനാവില്‍ നിന്നുള്ള പണമാണോ ചെലവിട്ടതെന്നും ആരാണ് പണം നല്‍കിയതെന്നും ശാസത്രജ്ഞര്‍ ചോദിക്കുന്നു.

ദേശീയതലത്തില്‍  രാഷ്ട്രീയ കാമധേനു അയോഗ് സംഘടിപ്പിക്കുന്ന  കാമധേനു ദീപാവലി അഭിയാന്‍ പ്രഖ്യാപന സമയത്താണ്  രാഷ്ട്രീയ കാമധേനു അയോഗ് ചെയര്‍മാന്‍ വല്ലഭായി കത്തിരീയ ചാണക ചിപ്പിന്‍റെ കാര്യം വെളിപ്പെടുത്തിയത്.  പശുചാണകം കൊണ്ട് റേഡിയേഷന്‍ തടയാന്‍ സഹായിക്കുന്ന ചിപ്പാണ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് കത്തിരീയ അവകാശപ്പെട്ടത്. ഈ ചിപ്പ് നിങ്ങളുടെ മൊബൈലില്‍ സൂക്ഷിക്കാം.  ഇത് നിങ്ങളുടെ മൊബൈലിന്‍റെ റേഡിയേഷന്‍ കുറയ്ക്കും. രോഗങ്ങള്‍ ഒഴിവാക്കാന്‍ ഇത് ഉപയോഗിക്കുന്നത് നല്ലതാണ്. ഗോസ്തുഭ കവച് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. രാജ്കോട്ട് ആസ്ഥാനമാക്കിയുള്ള ശ്രീജി ഗോശാലയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നതെന്നുമാണ് വല്ലഭായി കത്തിരീയ പറഞ്ഞത്.

രാജ്യത്തെ 500 ഓളം ഗോ ശാലകള്‍ ഇത്തരം ചാണകം കൊണ്ടുള്ള റേഡിയേഷന്‍ ചിപ്പ് നിര്‍മ്മിക്കുന്നുണ്ടെന്നും, അത് 100 മുതല്‍ 50 രൂപവരെ രൂപയ്ക്ക്  ലഭിക്കുമെന്നും. ഇത് കയറ്റുമതി വരെ ചെയ്യുന്ന വ്യക്തികളുണ്ടെന്നും വല്ലഭായി കത്തിരീയ അവകാശപ്പെട്ടിരുന്നു.കേന്ദ്ര മൃഗ പരിപാലന, ക്ഷീര, മത്സ്യപരിപാലന വകുപ്പിന്‍റെ കീഴില്‍ വരുന്ന ഏജന്‍സിയാണ്  രാഷ്ട്രീയ കാമധേനു അയോഗ്. 2019 ഫെബ്രുവരി ആറിനാണ് ഇത് സ്ഥാപിതമായത്. 

click me!