ലോകത്താദ്യമായി കൃത്രിമ സൂര്യഗ്രഹണം സൃഷ്‍ടിച്ചു; ചരിത്രമെഴുതി ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച പ്രോബ-3 പേടകങ്ങള്‍

Published : Jun 19, 2025, 10:06 AM ISTUpdated : Jun 19, 2025, 10:09 AM IST
Proba-3

Synopsis

രണ്ട് ബഹിരാകാശ പേടകങ്ങള്‍ ചേര്‍ന്നതാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്രോബ-3 ദൗത്യം

പാരീസ്: 2024 ഡിസംബറില്‍ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ-3 പേടകങ്ങള്‍ ബഹിരാകാശത്ത് ആദ്യത്തെ കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചു. പ്രോബ-3 (Proba-3) ഉപഗ്രഹങ്ങൾ കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് കൊറോണയെ വെളിപ്പെടുത്തിയ ചിത്രങ്ങള്‍ ഇഎസ്‌എ പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി59 റോക്കറ്റിലാണ് പ്രോബ-3 പേടകങ്ങള്‍ വിക്ഷേപിച്ചത്.

സൂര്യന്‍റെ ഏറ്റവും ബാഹ്യഭാഗത്തുള്ളതും, എന്നാല്‍ സൂര്യന്‍റെ ഉപരിതലത്തേക്കാൾ വളരെ ചൂടേറിയതുമായ അദൃശ്യപാളിയാണ് കൊറോണ. സൂര്യന്‍റെ ഉപരിതലത്തിൽ നിന്ന് ദശലക്ഷക്കണക്കിന് കിലോമീറ്റർ അകലെയാണെങ്കിലും കൊറോണയ്ക്ക് ഒരു ദശലക്ഷം ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനിലയിൽ എത്താൻ കഴിയും. സൂര്യന്‍റെ ഗാഢമായ തെളിച്ചം കൊറോണയെ മുക്കിക്കളയുന്നതിനാൽ സാധാരണയായി നമ്മുടെ കണ്ണുകൾക്ക് കൊറോണ അദൃശ്യമാണ്. എന്നാൽ പൂർണ്ണ സൂര്യഗ്രഹണ സമയത്ത് കൊറോണ കറുത്തിരുണ്ട സൂര്യന് ചുറ്റും തിളങ്ങുന്ന വെളുത്ത വലയം പോലെ ദൃശ്യമാകുന്നു. പൂർണ്ണ സൂര്യഗ്രഹണം പതിവായി നടക്കുന്ന ഒരു പ്രതിഭാസം അല്ല എന്നതിനാല്‍ കൊറോണയെ കുറിച്ച് പഠിക്കാൻ കൃത്രിമ സൂര്യഗ്രഹണം സൃഷ്‍ടിക്കുക എന്നതായിരുന്നു ശാസ്‍ത്രജ്ഞരുടെ മുന്നിലുണ്ടായിരുന്ന പോംവഴി.

അങ്ങനെയാണ് കൃത്രിമ പൂര്‍ണ സൂര്യഗ്രഹണം സൃഷ്ടിച്ച് കൊറോണയെ കുറിച്ച് പഠിക്കാന്‍ പ്രോബ-3 ദൗത്യത്തില്‍ രണ്ട് ബഹിരാകാശ പേടകങ്ങൾ ഉൾക്കൊള്ളുന്ന ദൗത്യം യൂറോപ്യന്‍ സ്പേസ് ഏജന്‍സി നടത്തിയത്. ഒക്യുല്‍റ്റര്‍ (200 കിലോഗ്രാം), കൊറോണഗ്രാഫ് (340 കിലോഗ്രാം) എന്നിവയായിരുന്നു ഈ ദൗത്യത്തിലുണ്ടായിരുന്ന പേടകങ്ങള്‍.

പ്രോബ -3 ദൗത്യം

നേരത്തെ സൂചിപ്പിച്ചതുപോലെ രണ്ട് ബഹിരാകാശ പേടകങ്ങള്‍ ചേര്‍ന്നതാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ-3 ദൗത്യം. 150 മീറ്റർ അകലമിട്ട് പറന്ന ഒക്യുല്‍റ്റര്‍, കൊറോണഗ്രാഫ് എന്നിവ ഒരു മില്ലിമീറ്റർ കൃത്യതയുള്ള പറക്കൽ നടത്തി ബഹിരാകാശത്ത് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചു. ഒരു പേടകം മറ്റൊരു പേടകത്തെ പൂര്‍ണമായും മറയ്ക്കുന്ന രീതിയില്‍ വിന്യസിച്ച് നിഴല്‍ വീഴ്ത്തിയാണ് ഇത് സാധ്യമായത്. സൂര്യനിൽ നിന്ന് ബഹിരാകാശത്തേക്കുള്ള തുടർച്ചയായ പ്രവാഹമായ സൗരവാതത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിന് കൊറോണയെ നിരീക്ഷിക്കുന്നത് നിർണായകമാണ്. മാത്രമല്ല, സൂര്യനിൽ മിക്കവാറും എല്ലാ ദിവസവും കണങ്ങളെ പുറന്തള്ളുന്ന സ്ഫോടനങ്ങളായ കൊറോണൽ മാസ് ഇജക്ഷനുകളുടെ (CME) പ്രവർത്തനം മനസിലാക്കുന്നതിനും ഇത്തരം നിരീക്ഷണങ്ങൾ ആവശ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ