
ഓസ്‌ട്രേലിയയിൽ അടുത്തിടെ കണ്ടെത്തിയ ദുരൂഹമായ ലോഹഗോളങ്ങൾ ബഹിരാകാശ അവശിഷ്ടങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തുന്നു. ജൂലൈ ആദ്യം ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസി പുറത്തുവിട്ട വിവരമനുസരിച്ച്, കണ്ടെത്തിയ സ്‌പേസ് ബോൾ എന്ന് വിശേഷിപ്പിക്കുന്ന ലോഹഗോളങ്ങൾ ഒരു ബഹിരാകാശ വിക്ഷേപണ വാഹനത്തിലെ പ്രഷർ വെസലുകൾ ആയിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
ക്വീൻസ്ലൻഡിലെ ഇൻഘാമിന് സമീപമുള്ള ഫോറസ്റ്റ് ബീച്ച് എന്ന തീരദേശ മേഖലയിലാണ് അടുത്തിടെ ആറ് ഗോളാകൃതിയിലുള്ള ലോഹവസ്‍തുക്കൾ കണ്ടെത്തിയത്. അപകടസാധ്യത കണക്കിലെടുത്ത് ക്വീൻസ്ലൻഡ് അഗ്നിരക്ഷാ വിഭാഗം ഉൾപ്പെടെയുള്ള ഏജൻസികൾ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ശാസ്ത്രസംഘങ്ങൾ വസ്‍തുക്കൾ സുരക്ഷിതമായി മാറ്റുകയും 50 മീറ്റർ പരിധിയിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. അവയുടെ യഥാർഥ ഉറവിടവും സ്വഭാവവും സംബന്ധിച്ച അന്വേഷണം തുടരുകയാണ്.
ഓസ്‌ട്രേലിയയിൽ ബഹിരാകാശ അവശിഷ്‍ടങ്ങൾ കണ്ടെത്തുന്നത് പുതിയ സംഭവമല്ല. 1979-ൽ അമേരിക്കയുടെ സ്‌കൈലാബ് ബഹിരാകാശ നിലയത്തിന്റെ അവശിഷ്‍ടങ്ങൾ പശ്ചിമ ഓസ്‌ട്രേലിയയിൽ പതിച്ചിരുന്നു. 2022-ൽ സ്‌പേസ്എക്‌സിന്റെ ഡ്രാഗൺ പേടകത്തിന്റെ ഭാഗം ന്യൂ സൗത്ത് വെയിൽസിൽ കണ്ടെത്തി. 2023-ൽ ഇന്ത്യയുടെ ഒരു റോക്കറ്റ് ബൂസ്റ്ററിൽ നിന്നുള്ള ഭാഗങ്ങൾ പെർത്തിൽ തീരത്തെത്തിയിരുന്നു. 2025-ൽ ചൈനയുടെ ജിയേലോങ്-3 റോക്കറ്റിന്റെ ഭാഗവും ഓസ്‌ട്രേലിയയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
ഇത്തരം സംഭവങ്ങൾ വർധിച്ചതോടെ സംശയാസ്‍പദമായ ബഹിരാകാശ അവശിഷ്‍ടങ്ങൾ കണ്ടെത്തിയാൽ എന്ത് ചെയ്യണമെന്ന് ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസി പ്രത്യേക മാർഗനിർദേശവും പുറത്തിറക്കിയിട്ടുണ്ട്. അവശിഷ്ടങ്ങളിൽ സ്പർശിക്കരുതെന്നും അപകടകാരികളായ വസ്തുക്കൾ ഉപയോഗിച്ചാണ് ബഹിരാകാശ ഉപകരണങ്ങൾ നിർമ്മിക്കുന്നതെന്നും അതിനാൽ പരിശീലനം ലഭിച്ച വിദഗ്ധർ മാത്രമേ അവ കൈകാര്യം ചെയ്യാവൂ എന്നും ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസി പറയുന്നു. അടിയന്തര സാഹചര്യമാണെങ്കിൽ പ്രാദേശിക അധികൃതരെയോ പൊലീസിനെയോ ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസിയെയോ വിവരം അറിയിക്കണമെന്നും ഏജൻസി വ്യക്തിമാക്കിയിരുന്നു. സാങ്കേതിക സഹായം നൽകുന്നതിനും ബന്ധപ്പെട്ട രാജ്യങ്ങളുമായും വിക്ഷേപണ ഏജൻസികളുമായും ബന്ധപ്പെടുന്നതിനും അന്താരാഷ്ട്ര കരാർ ബാധ്യതകൾ പാലിക്കുന്നതിനും ഏജൻസി നടപടികൾ സ്വീകരിക്കും.
അമേരിക്കയിലെ എയ്റോസ്പേസ് കോർപ്പറേഷന്റെ ഓർബിറ്റൽ ആൻഡ് റീ-എൻട്രി ഡെബ്രിസ് സ്റ്റഡീസ് സെന്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ മാർലൺ സോർഗെയുടെ അഭിപ്രായത്തിൽ, ഇത്തരം ലോഹഗോളങ്ങൾ ഭൂമിയിലേക്ക് വീണിട്ടും കേടുപാടുകൾ സംഭവിക്കാതെ നിലനിൽക്കുന്നത് അത്ഭുതകരമല്ല. കാരണം ടൈറ്റാനിയം പോലുള്ള അതീവ കരുത്തുള്ള ലോഹങ്ങൾ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ കടുത്ത ചൂട് അനുഭവപ്പെടുമെങ്കിലും ടൈറ്റാനിയം അതിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതിനാൽ ഇത്തരം പ്രഷർ വെസലുകൾ പൂർണമായോ ഭാഗികമായോ സുരക്ഷിതമായി ഭൂമിയിലെത്താൻ സാധ്യത കൂടുതലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബഹിരാകാശ ദൗത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വിക്ഷേപണ ഏജൻസികളും സ്വകാര്യ ബഹിരാകാശ കമ്പനികളും കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭൂമിയിലേക്ക് നിയന്ത്രണമില്ലാതെ അവശിഷ്‍ടങ്ങൾ പതിക്കുന്നത് ഭാവിയിൽ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ബഹിരാകാശ മാലിന്യ നിയന്ത്രണത്തിന് കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ ആവശ്യമായ സമയമാണിതെന്നും വിദഗ്‍ധർ അഭിപ്രായപ്പെടുന്നു.