ആരെങ്കിലുമറിഞ്ഞോ? ശക്തമായ സൗരജ്വാല അടുത്തിടെയുണ്ടായി, റേഡിയോ സിഗ്നലുകള്‍ താറുമാറാക്കി!

Published : Jul 16, 2024, 12:16 PM ISTUpdated : Jul 16, 2024, 12:25 PM IST
ആരെങ്കിലുമറിഞ്ഞോ? ശക്തമായ സൗരജ്വാല അടുത്തിടെയുണ്ടായി, റേഡിയോ സിഗ്നലുകള്‍ താറുമാറാക്കി!

Synopsis

സൂര്യനെപോലെയുള്ള നക്ഷത്രങ്ങളുടെ അന്തരീക്ഷങ്ങളിലുണ്ടാകുന്ന ശക്തമായ പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടാകുന്ന ഊര്‍ജപ്രവാഹത്തെയാണ് സൗരജ്വാല എന്ന് വിളിക്കുന്നത്

വാഷിംഗ്‌ടണ്‍: ഇക്കഴിഞ്ഞ ജൂലൈ 13ന് സൂര്യനില്‍ നിന്ന് ശക്തമായ സൗരജ്വാല ഭൗമാന്തരീക്ഷത്തിലേക്ക് എത്തിയതായി നാസയുടെ സ്ഥിരീകരണം. നാസയുടെ സൂര്യ നിരീക്ഷണത്തിനുള്ള ബഹിരാകാശ ടെലിസ്‌കോപ്പ് (സോളാര്‍ ഡൈനാമിക്‌സ് ഒബസെര്‍വേറ്ററി) ഇതിന്‍റെ ചിത്രം പകര്‍ത്തി. ഭൗമാന്തരീക്ഷത്തിന് മുകളില്‍ വലിയൊരു ഫ്ലാഷ്‌ലൈറ്റ് പോലെ സൗരജ്വാല പ്രത്യക്ഷപ്പെടുന്നത് ഈ ചിത്രത്തില്‍ തെളിഞ്ഞുകാണാം. സൗരജ്വാലയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ അരമണിക്കൂറോളം റേഡിയോ സിഗ്നലിന് തടസം നേരിട്ടതായി റിപ്പോര്‍ട്ടുണ്ട്. 

സൂര്യനെപോലെയുള്ള നക്ഷത്രങ്ങളുടെ അന്തരീക്ഷങ്ങളിലുണ്ടാകുന്ന ശക്തമായ പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടാകുന്ന ഊര്‍ജപ്രവാഹത്തെയാണ് സൗരജ്വാല എന്ന് പറയുന്നത്. ഇത്തരം ഊര്‍ജപ്രവാഹത്തെ തുടര്‍ന്നുണ്ടാകുന്ന എക്‌സ്-റേ, അൾട്രാവയലറ്റ് വികിരണങ്ങൾ ഭൂമിയുടെ അയണോസ്‌ഫയറിനെയാണ് ബാധിക്കുക. ഭൂമിയുടെ പ്രതലത്തിലേക്ക് ഇവ കടന്നുവരാറില്ല. സൗരജ്വാല വഴിയുണ്ടാകുന്ന ശക്തമായ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ റേഡിയോ സംപ്രേഷണം, ഉപഗ്രഹങ്ങള്‍, ജിപിഎസ് പോലുള്ള നാവിഗേഷന്‍ സിഗ്‌നലുകള്‍, പവര്‍ഗ്രിഡുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കാറുണ്ട്. സമാനമായി ബഹിരാകാശവാഹനങ്ങള്‍ക്കും ബഹിരാകാശസഞ്ചാരികള്‍ക്കും സൗരജ്വാല ഭീഷണിയാണ്. 

ഏറ്റവും ശക്തമായ സൗരജ്വാലകളുടെ X1.2 വിഭാഗത്തില്‍പ്പെടുന്നത് എന്ന് നാസ രേഖപ്പെടുത്തിയിരിക്കുന്ന 2024 ജൂലൈ 13ലെ സൗരജ്വാല ഏതെങ്കിലും തരത്തില്‍ ഭൂമിക്ക് ഭീഷണിയായിട്ടുണ്ടോ എന്ന് നാസ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഓസ്‌ട്രേലിയ, തെക്കുകിഴക്കേ ഏഷ്യ, ജപ്പാന്‍ എന്നിവിടങ്ങള്‍ അരമണിക്കൂര്‍ നേരം റോഡിയോ സിഗ്നലുകള്‍ക്ക് തടസം നേരിട്ടു എന്ന് സ്പേസ്‌വെതര്‍ ഡോട്‌ കോം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 25 MHzന് താഴെ ഫ്രീക്വന്‍സിയിലുള്ള സിഗ്നലുകളെയാണ് ബാധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ശക്തമായ സൗരജ്വാലയാണ് ഭൂമിയുടെ എത്തിയതെങ്കിലും വിദ്യുത്കാന്തിക തരംഗങ്ങളടക്കം പുറംതള്ളുന്ന കൊറോണൽ മാസ് ഇജക്ഷന്‍ (സിഎംഇ) സംഭവിച്ചതായി സ്ഥിരീകരണമില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കിലും വരുംദിവസങ്ങളില്‍ കൂടുതല്‍ സൗരജ്വാലക്കുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. 

Read more: അന്യഗ്രഹജീവികളെ കണ്ടെത്തുക ഏറെ വൈകില്ല? നിര്‍ണായക ദൗത്യവുമായി നാസ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും