വയനാട്ടില്‍ ശ്രദ്ധവേണം; മഴ ഓഗസ്റ്റ് 11വരെ തുടര്‍ന്നേക്കും: തമിഴ്നാട് വെതര്‍മാന്‍

Web Desk   | Asianet News
Published : Aug 07, 2020, 04:43 PM ISTUpdated : Aug 07, 2020, 04:47 PM IST
വയനാട്ടില്‍ ശ്രദ്ധവേണം; മഴ ഓഗസ്റ്റ് 11വരെ തുടര്‍ന്നേക്കും: തമിഴ്നാട് വെതര്‍മാന്‍

Synopsis

കേരളത്തില്‍ അടക്കം കൃത്യമായ കാലവസ്ഥ നിരീക്ഷണത്തിന്‍റെ പേരില്‍ വളരെപ്പേര്‍ പിന്തുടരുന്ന വ്യക്തിയാണ് പ്രദീപ് ജോണ്‍.  

ചെന്നൈ: കേരളത്തില്‍ കനത്ത മഴ പുരോഗമിക്കുന്നതിനിടെ മഴയുടെ പുതിയ ട്രെന്‍റുകള്‍ വ്യക്തമാക്കി സ്വതന്ത്ര്യ കാലാവസ്ഥ നിരീക്ഷകനായ തമിഴ്നാട്  വെതര്‍മാന്‍  എന്ന് അറിയപ്പെടുന്ന പ്രദീപ് ജോണ്‍. ഫേസ്ബുക്കിലൂടെയാണ് കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്ന മഴ സംബന്ധിച്ച് പ്രദീപ് കുറിച്ചത്. കേരളത്തില്‍ അടക്കം കൃത്യമായ കാലവസ്ഥ നിരീക്ഷണത്തിന്‍റെ പേരില്‍ വളരെപ്പേര്‍ പിന്തുടരുന്ന വ്യക്തിയാണ് പ്രദീപ് ജോണ്‍.

പ്രദീപിന്‍റെ ഫേസ്ബുക്ക് കുറിപ്പ് പറയുന്നത് ഇങ്ങനെ, ഇടുക്കിയിലേക്ക് മേഘ ബാന്‍റുകള്‍ വീണ്ടും പ്രവേശിക്കുകയാണ്, പീരുമേടില്‍ ഇപ്പോള്‍ തന്നെ 70 എംഎം മഴ ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ വരുന്ന മേഘങ്ങള്‍ രാജമലയിലും മറ്റും നടക്കുന്ന രക്ഷപ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് പ്രതീക്ഷിക്കാം. തമിഴ്നാട്ടിലെ ഗൂഢല്ലൂര്‍, പണ്ടല്ലൂര്‍ പ്രദേശങ്ങള്‍ നിരീക്ഷിക്കേണ്ട സ്ഥലങ്ങളാണ്.  വയനാട്ടില്‍ മഴ തുടരുകയാണ്. ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലും മഴ തുടരും. കേരളത്തില്‍ ഇത് മറ്റൊരു ഭീകരദിനം തന്നെയാണ്. ഇതുവരെ 10 ശതമാനം മണ്‍സൂണ്‍ മഴയാണ് കേരളത്തില്‍ കുറവുണ്ടായിരുന്നത്. ഇത് ഓഗസ്റ്റ് 11വരെ മഴ തുടര്‍ന്നാല്‍ പൊസറ്റീവ് സോണിലെത്തും.

വയനാട്ടില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. കഴിഞ്ഞ നാലുദിവസമായി കനത്ത മഴ ലഭിക്കുന്ന അവിടെ ഉരുള്‍ പൊട്ടല്‍ സാധ്യത അധികമാണ്- പ്രദീപ് കുറിച്ചു. അതേ സമയം ഇപ്പോള്‍ തുടരുന്ന മഴ ഓഗസ്റ്റ് 11വരെ തുടരുമോ എന്ന ഒരു ഒരു ഫേസ്ബുക്ക് ഉപയോക്താവിന്‍റെ ചോദ്യത്തിന് 'യെസ്' എന്നാണ് പ്രദീപ് മറുപടി നല്‍കുന്നത്. 

കേരളത്തില്‍ ഇക്കുറിയും കനത്ത മഴയ്ക്കുള്ള സാധ്യതകള്‍ പ്രവചിച്ച കാലവസ്ഥ വിദഗ്ധനാണ് പ്രദീപ് ജോണ്‍. ഫെയ്‌സ്ബുക്കില്‍ 57 ലക്ഷത്തിലധികം പേരാണ് തമിഴ്‌നാട് വെതര്‍മാന്‍ എന്ന പ്രദീപ് ജോണിന്‍റെ അക്കൗണ്ട്. 2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016-ല്‍ വാര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങള്‍ കൃത്യമായതോടെയാണ് ആരാധകരേറിയത്. വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു കൃത്യമായ വിശകലനങ്ങള്‍ നടത്തിയശേഷമാണു പ്രവചനങ്ങള്‍ നടത്തുന്നത്. 

അതേ സമയം കേരളത്തിൽ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ട് ദിവസം കൂടി കേരളം ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

PREV
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ