ആറ് ഗ്രഹങ്ങളും ചന്ദ്രനും ഒറ്റ ദിക്കില്‍; 2025ലെ അവസാന 'പ്ലാനറ്റ് പരേഡ്' വരും ദിവസങ്ങളില്‍, എങ്ങനെ കാണാം?

Published : Aug 16, 2025, 12:29 PM IST
Planet Alignment

Synopsis

2025ലെ അവസാന 'ഗ്രഹ പരേഡ്' വരും ദിവസങ്ങളില്‍ ദൃശ്യമാകും. എപ്പോള്‍, എങ്ങനെ കാണാമെന്ന് നോക്കാം. 

തിരുവനന്തപുരം: ഈ വര്‍ഷത്തെ അവസാന ഗ്രഹ പരേഡിന്‍റെ (Planet Parade, Planet Alignment) മനോഹാരിതയില്‍ ലോകം. ഓഗസ്റ്റ് 17 മുതല്‍ 20 വരെ ഭൂമിയുടെ ആറ് അയൽ ഗ്രഹങ്ങളായ ബുധൻ, ശുക്രൻ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നിവ പ്രഭാതത്തിന് മുമ്പുള്ള ആകാശത്ത് ഒരുമിച്ച് ദൃശ്യമാകും. ഈ ഗ്രഹങ്ങൾ മിക്കതും നിരവധി ആഴ്‌ചകളായി മാനത്ത് ദൃശ്യമാണെങ്കിലും ബുധൻ ഒപ്പം ചേരുന്നത് ഈ പ്ലാനറ്റ് പരേഡിനെ കൂടുതൽ സവിശേഷമാക്കും. ഇവയ്‌ക്കെല്ലാം പുറമെ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍റെ സാന്നിധ്യവും ആകാശത്തെ പരേഡ് മനോഹരമാക്കും. ഇത്തരത്തില്‍ ഈ വർഷത്തെ അവസാനത്തെ ഗ്രഹ പരേഡായിരിക്കും വരുന്ന ദിവസങ്ങളിൽ സംഭവിക്കുക.

ഗ്രഹ പരേഡ് എപ്പോള്‍, എവിടെ, എങ്ങനെ കാണാം? 

ഗ്രഹങ്ങളെ കാണാൻ ഏറ്റവും അനുയോജ്യമായ സമയം സൂര്യോദയത്തിന് ഏകദേശം ഒരുമണിക്കൂർ മുമ്പായിരിക്കും. രണ്ട് അർദ്ധഗോളങ്ങളിൽ നിന്നും ഈ കാഴ്‌ച ദൃശ്യമാകും. ഇത് ലോകമെമ്പാടുമുള്ള ആകാശപ്രേമികൾക്ക് ഒരു സവിശേഷ അവസരം നൽകും. ഗ്രഹ പരേഡിന്‍റെ മികച്ച അനുഭവത്തിനായി വ്യക്തമായ കിഴക്കൻ ചക്രവാളവും കുറഞ്ഞ വെളിച്ചവും കുറവ് വായുമലിനീകരണവുമുള്ള ഒരു സ്ഥലം തിരഞ്ഞെടുക്കുക. ഈ പരേഡിൽ ബുധനെ ചക്രവാളത്തോട് ഏറ്റവും അടുത്തായിരിക്കും കാണാൻ സാധിക്കുക. അതേസമയം യുറാനസും നെപ്‌റ്റ്യൂണും വ്യാഴത്തിനും ശനിക്കും ഇടയിൽ ദൃശ്യമാകും. യുറാനസിനെയും നെപ്റ്റ്യൂണിനെയും വ്യക്തമായി കാണാൻ നിങ്ങൾക്ക് ബൈനോക്കുലറുകളോ ദൂരദർശിനിയോ ആവശ്യമായി വന്നേക്കും.

അടുത്ത പ്ലാനറ്ററി പരേഡിനായി കാത്തിരിക്കണം

വരാനിരിക്കുന്ന ഈ പ്ലാനറ്ററി പരേഡ് ഒരു അപൂർവ സംഭവമാണ്. കാരണം ഇതിന് സമാനമായി ആറ് ഗ്രഹങ്ങളുടെ അടുത്ത വിന്യാസം ഇനി 2026 ഫെബ്രുവരിയിൽ മാത്രമേ നടക്കാൻ സാധ്യതയുള്ളൂ എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നത്. നിലവിലെ ഗ്രഹ വിന്യാസത്തിന്‍റെ 50 ശതമാനം ഇതിനകം സംഭവിച്ചുകഴിഞ്ഞു. ഇപ്പോൾ പ്ലാനറ്ററി പരേഡിന്‍റെ അവസാന ഘട്ടത്തിൽ ആറ് ഗ്രഹങ്ങളെയും ഒരുമിച്ച് കാണാൻ കഴിയും. അതിനാൽ, ഈ അപൂർവ്വ ആകാശ പ്രതിഭാസത്തിന് സാക്ഷ്യംവഹിക്കുക എന്നത് പരിചയസമ്പന്നരായ ജ്യോതിശാസ്ത്രജ്ഞർക്കും സാധാരണ വാനനിരീക്ഷകർക്കും ഒരുപോലെ ഒരു മികച്ച അവസരമാകും. ഇതിന് മുമ്പ് 2025ല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലും പ്ലാനറ്ററി പരേഡ് ദൃശ്യമായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ