
ബെംഗളൂരു: സ്‌പേസ് ഡോക്കിംഗ് പരീക്ഷണവുമായി ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ മുന്നോട്ട്. സ്പേഡെക്സ് ഉപഗ്രഹങ്ങൾ (എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ്) തമ്മിലുള്ള അകലം 500 മീറ്റർ ആയി കുറച്ചുകൊണ്ടുവരാന്‍ ഇസ്രൊയ്‌ക്കായി. അടുത്ത ഘട്ടം ഐഎസ്ആര്‍ഒയ്ക്ക് അതീവ നിര്‍ണായകമാണ്. രണ്ട് ഉപഗ്രഹങ്ങളും തമ്മിലുള്ള അകലം 225 മീറ്ററിലേക്ക് കുറയ്ക്കുകയാണ് ഇനി മുന്നിലുള്ള വെല്ലുവിളി. കഴിഞ്ഞ പരിശ്രമത്തില്‍ ഈ ഘട്ടത്തിലായിരുന്നു ഇസ്രൊ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടത്. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ആദ്യ ബഹിരാകാശ ഡോക്കിംഗ് പരീക്ഷണമാണ് സ്പേഡെക്സ്.
2025 ജനുവരി ഒൻപതാം തിയതി രാത്രി ഉപഗ്രഹങ്ങള്‍ തമ്മിലുള്ള പരസ്‌പര അകലം 500 മീറ്ററിൽ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനിടെയാണ് സാങ്കേതിക പ്രശ്നമുണ്ടായതും ഐഎസ്ആര്‍ഒയ്ക്ക് ഡോക്കിംഗ് വീണ്ടും മാറ്റിവയ്ക്കേണ്ടിവന്നതും. തുടർന്ന് പരസ്പരം 6.8 കിലോമീറ്റർ വരെ അകലത്തിലേക്ക് മാറ്റിയ ഉപഗ്രഹങ്ങളെ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വീണ്ടും അടുപ്പിച്ച് തുടങ്ങിയത്. രണ്ട് വട്ടം ഡോക്കിംഗ് മാറ്റിവയ്‌ക്കേണ്ടിവന്നതിനാൽ കൂടുതൽ കരുതലോടെയാണ് ഐഎസ്ആര്‍ഒ മൂന്നാം പരിശ്രമം നടത്തുന്നത്.
2024 ഡിസംബര്‍ 30-ാം തിയതിയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പിഎസ്എല്‍വി-സി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്പേഡെക്സ് സാറ്റ്‌ലൈറ്റുകള്‍ ഇസ്രൊ വിക്ഷേപിച്ചത്. ജനുവരി 6ന് ഇവയുടെ ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഐഎസ്ആര്‍ഒ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഈ ശ്രമം 9-ാം തിയതിയിലേക്ക് നീട്ടിവെച്ചു. ഒന്‍പതാം തിയതി ഇരു ഉപഗ്രഹങ്ങളും തമ്മിലുള്ള അകലം 500 മീറ്ററില്‍ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനിടെ വീണ്ടും സാങ്കേതിക പ്രശ്‌നം നേരിട്ടതിനാല്‍ ഡോക്കിംഗ് പരീക്ഷണം രണ്ടാമതും നീട്ടുന്നതായി ഇസ്രൊ അറിയിക്കുകയായിരുന്നു.
സ്പേഡെക്സ് ഡോക്കിംഗ് ദൗത്യം വിജയിപ്പിച്ച് ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ മാത്രം രാജ്യമെന്ന ഖ്യാതി നേടാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമേ സ്പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ ഇതുവരെ വിജയിപ്പിച്ചിട്ടുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം