ശുക്രന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് മൂന്ന് കൊലയാളി ഛിന്നഗ്രഹങ്ങൾ, ഭൂമി തരിപ്പണമാക്കാന്‍ ശേഷി; മുന്നറിയിപ്പ്

Published : May 31, 2025, 03:07 PM ISTUpdated : May 31, 2025, 03:10 PM IST
ശുക്രന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് മൂന്ന് കൊലയാളി ഛിന്നഗ്രഹങ്ങൾ, ഭൂമി തരിപ്പണമാക്കാന്‍ ശേഷി; മുന്നറിയിപ്പ്

Synopsis

ഈ ഭീമന്‍ ഛിന്നഗ്രഹങ്ങളിലൊന്ന് കൂട്ടിയിടിച്ചാൽ ഭൂമിയിൽ മൂന്ന് കിലോമീറ്ററിൽ കൂടുതൽ വ്യാസമുള്ള ഗർത്തം രൂപപ്പെടും, ഹിരോഷിമയിൽ വർഷിച്ച അണുബോംബിനേക്കാൾ പത്ത് ദശലക്ഷം മടങ്ങ് കൂടുതലായിരിക്കും ആഘാതം  

ലോകത്തെയാകെ പിടിച്ചുലച്ചിരിക്കുകയാണ് അടുത്തിടെ പുറത്തുവന്ന ഒരു പഠനം. ശുക്രന് പിന്നില്‍ മറഞ്ഞിരിക്കുന്ന മൂന്ന് ഭീമൻ 'സിറ്റി ഡിസ്ട്രോയർ' ഛിന്നഗ്രഹങ്ങൾ ഭൂമിയെ ലക്ഷ്യമാക്കി ഭാവിയില്‍ നീങ്ങിയേക്കാമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഒരു നഗരത്തെ മുഴുവൻ നശിപ്പിക്കാൻ തക്ക ശക്തിയുള്ള ഈ ഛിന്നഗ്രഹങ്ങൾ ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ വലിയ ആഘാതമുണ്ടാകുമെന്ന് പഠനം പറയുന്നു. ശുക്രനുമായി ഭ്രമണപഥം പങ്കിടുന്ന ഈ ഛിന്നഗ്രഹങ്ങളെ സൂര്യപ്രകാശം കാരണം കാണാൻ കഴിയില്ല. ഇവയിലൊന്ന് കൂട്ടിയിടിച്ചാൽ  തന്നെ ഭൂമിയിൽ മൂന്ന് കിലോമീറ്ററിൽ കൂടുതൽ വ്യാസമുള്ള ഗർത്തം സൃഷ്‍ടിക്കപ്പെടും. മാത്രമല്ല, ഈ കൂട്ടിയിടി കാരണം പുറത്തുവരുന്ന ഊർജ്ജം ഹിരോഷിമയിൽ വർഷിച്ച അണുബോംബിനേക്കാൾ പത്ത് ദശലക്ഷം മടങ്ങ് കൂടുതലായിരിക്കും എന്നും ഗവേഷകർ വ്യക്തമാക്കി.

ബ്രസീൽ, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള ഒരു അന്താരാഷ്ട്ര ഗവേഷക സംഘത്തിന്‍റെ ഈ പഠന റിപ്പോർട്ട് 'ആസ്‍ട്രോണമി ആൻഡ് ആസ്‍ട്രോ ഫിസിക്സ്' എന്ന ശാസ്ത്ര ജേണലിലാണ്  പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രസീലിലെ സാവോ പോളോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ വലേരിയോ കരുബ്ബയുടെ നേതൃത്വത്തിൽ നടത്തിയ ഈ ഗവേഷണം 2020 SB, 524522, 2002 CL1 എന്നീ മൂന്ന് ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. ഇവ നിലവിൽ ശുക്രനെ ചുറ്റുന്നുണ്ടെന്നും എന്നാൽ അവയുടെ സ്ഥിതി അങ്ങേയറ്റം അപകടകരമാണെന്നും പറയുന്നു.

ഈ ഛിന്നഗ്രഹങ്ങൾ സൂര്യന്‍റെ കടുത്ത ശോഭ നിറഞ്ഞ വെളിച്ചത്തിൽ മറഞ്ഞിരിക്കുന്നതിനാൽ ഭൂമിയിൽ നിന്ന് അവയെ കാണുന്നത് മിക്കവാറും അസാധ്യമാണ്. ഏതെങ്കിലും തരത്തിലുള്ള ഗുരുത്വാകർഷണബലത്താൽ അവയുടെ ദിശയിൽ നേരിയ മാറ്റം പോലും ഉണ്ടായാൽ, അവ ഭൂമിക്ക് നേരെ തിരിയാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഇങ്ങനെ സംഭവിച്ചാൽ കൂട്ടിയിടി മൂന്ന് കിലോമീറ്റർ വീതിയുള്ള ഒരു ഗർത്തം ഭൂമിയില്‍ സൃഷ്‍ടിക്കുകയും ഹിരോഷിമയിൽ വർഷിച്ച അണുബോംബിനേക്കാൾ ഒരു ദശലക്ഷം മടങ്ങ് കൂടുതൽ ഊർജ്ജം പുറത്തുവിടുകയും ചെയ്യും. ഈ ഛിന്നഗ്രഹങ്ങൾ ശുക്രനുമായി കൂട്ടിയിടിക്കുന്നതിൽ നിന്ന് സുരക്ഷിതമാണെന്നും, പക്ഷേ ഭൂമിയുമായി അങ്ങനെയല്ല എന്നും, ഏറ്റവും വലിയ അപകടം അവയെ കൃത്യസമയത്ത് കാണുന്നത് മിക്കവാറും അസാധ്യമാണ് എന്നതാണെന്നും ഗവേഷകർ പറയുന്നു.

ചിലിയിലെ റൂബിൻ ഒബ്സർവേറ്ററി പോലുള്ള വാന നിരീക്ഷണ കേന്ദ്രങ്ങൾ ഈ ഛിന്നഗ്രഹങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്നുണ്ട്. എന്നാൽ കൂട്ടിയിടിക്ക് രണ്ടുമുതൽ നാല് ആഴ്ച വരെ മുമ്പ് മാത്രമേ ഈ ഛിന്നഗ്രഹങ്ങളെ കണ്ടെത്താൻ കഴിയൂ എന്നും അപ്പോഴേക്കും വളരെ വൈകിപ്പോയേക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഈ മറഞ്ഞിരിക്കുന്ന ഛിന്നഗ്രഹങ്ങളെ യഥാസമയം തിരിച്ചറിയണമെങ്കിൽ, സൂര്യപ്രകാശത്തിനപ്പുറം നിരീക്ഷിക്കാൻ കഴിയുന്ന ഒരു പ്രത്യേക ബഹിരാകാശ ദൗത്യം ശുക്രന് സമീപത്തേക്ക് അയയ്ക്കേണ്ടിവരുമെന്നും പഠനം സൂചിപ്പിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ