മൂന്ന് ദിവസങ്ങള്‍ക്കിടെ മൂന്ന് ഭൂകമ്പം; പാകിസ്ഥാന്‍റെ രഹസ്യ ആണവ പരീക്ഷണങ്ങളോ ഈ കുലുക്കങ്ങള്‍ക്ക് കാരണം?

Published : May 14, 2025, 12:07 PM ISTUpdated : May 14, 2025, 12:17 PM IST
മൂന്ന് ദിവസങ്ങള്‍ക്കിടെ മൂന്ന് ഭൂകമ്പം; പാകിസ്ഥാന്‍റെ രഹസ്യ ആണവ പരീക്ഷണങ്ങളോ ഈ കുലുക്കങ്ങള്‍ക്ക് കാരണം?

Synopsis

പാകിസ്ഥാന്‍ ആണവ പരീക്ഷണങ്ങള്‍ നടത്തിയതിന്‍റെ പ്രതിഫലനമായാണ് മൂന്ന് ദിവസങ്ങള്‍ക്കിടെ മൂന്ന് ഭൂകമ്പങ്ങള്‍ അവിടെ രേഖപ്പെടുത്തിയത് എന്ന് അഭ്യൂഹങ്ങള്‍, സത്യമെന്ത്?

ദില്ലി: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ നിന്ന് അഭ്യൂഹങ്ങളുടെ കുത്തൊഴുക്ക്. പാകിസ്ഥാനില്‍ ആണവച്ചോര്‍ച്ചയുണ്ടായി എന്ന കിംവദന്തികളാണ് ഇതിലൊന്ന്. രണ്ടാമത്തേത് പാകിസ്ഥാനില്‍ അടിക്കടിയുണ്ടായ ഭൂകമ്പങ്ങളെ ചുറ്റിപ്പറ്റിയാണ്. പാകിസ്ഥാന്‍ രഹസ്യമായി ആണവ പരീക്ഷണങ്ങള്‍ നടത്തിയതിന്‍റെ പ്രതിഫലനമായാണ് മൂന്ന് ദിവസങ്ങള്‍ക്കിടെ മൂന്ന് ഭൂകമ്പങ്ങള്‍ അവിടെ രേഖപ്പെടുത്തിയത് എന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍. എന്നാല്‍ ഭൗമവിദഗ്ധര്‍ ഇത് നിഷേധിക്കുന്നു. 

ഭൂകമ്പങ്ങളുടെ പാകിസ്ഥാന്‍

കഴിഞ്ഞ ശനിയാഴ്‌ച മുതല്‍ മൂന്ന് ദിവസങ്ങള്‍ക്കിടെ പാകിസ്ഥാനില്‍ മൂന്ന് ഭൂചലനങ്ങളുണ്ടായി. പാകിസ്ഥാന്‍റെ വടക്ക്, വടക്കുപടിഞ്ഞാറാന്‍ മേഖലകളിലായിരുന്നു ഈ ചലനങ്ങള്‍ രേഖപ്പെടുത്തിയത്. ശനിയാഴ്ച പാകിസ്ഥാനിൽ തുടർച്ചയായി രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു. രാവിലെ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ആദ്യത്തേത്. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം 4.0 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവുമുണ്ടായി. 4.6 തീവ്രതയിലൊരു ഭൂകമ്പം മെയ് 12-ാം തിയതിയും രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍റെ രഹസ്യ ആണവ പരീക്ഷണം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായത്. 

പാകിസ്ഥാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആണവ പരീക്ഷണങ്ങളാണോ അവിടെ അടിക്കടിയുണ്ടായ ഭൂകമ്പങ്ങള്‍ക്ക് കാരണം? അല്ലായെന്നാണ് ഭൗമശാസ്ത്രജ്ഞരുടെയും ഭൂകമ്പ നിരീക്ഷകരുടെയും നിഗമനം എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അതിശക്തമായ ഭൂകമ്പ സാധ്യതാ മേഖലകളിലൊന്നാണ് പാകിസ്ഥാന്‍. ഹിമാലയന്‍ ഫലകങ്ങളില്‍ സംഭവിക്കുന്ന ടെക്റ്റോണിക് ചലനങ്ങള്‍ പാകിസ്ഥാനില്‍ അടിക്കടി ഭൂചലനങ്ങള്‍ക്ക് കാരണമാകാറുണ്ട് എന്ന് വിദഗ്ധര്‍ ഇതിന് തെളിവായി സൂചിപ്പിക്കുന്നു. 

'ആണവ സ്ഫോടനങ്ങള്‍ ഭൗമോപരിതലത്തില്‍ പ്രതിധ്വനിയുണ്ടാക്കുമെങ്കിലും അത് സ്വാഭാവിക ഭൂചലനങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന്' നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജി ഡയറക്ടര്‍ ഒപി മിശ്ര വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 'പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭൂചലനങ്ങള്‍ രാജ്യത്തിന്‍റെ വിവിധ മേഖലകളിലാണ് രേഖപ്പെടുത്തിയത്. അത്രയേറെ ഇടങ്ങളില്‍ ആണവായുധ കേന്ദ്രങ്ങളുണ്ടാകാനോ പരീക്ഷണങ്ങള്‍ നടന്നിരിക്കാനോ സാധ്യതയില്ലെന്ന്' മുതിര്‍ന്ന ഭൂചലന നിരീക്ഷകനായ എ കെ ശുക്ലയും വ്യക്തമാക്കി. സ്വാഭാവിക ഭൂകമ്പത്തിലെ ചലനവും ആണവപരീക്ഷണത്തെ തുടര്‍ന്നുണ്ടാകുന്ന പ്രകമ്പനവും വ്യത്യസ്തമായാണ് ഭൂകമ്പമാപിനി രേഖപ്പെടുത്തുന്നതെന്ന് എ കെ ശുക്ല പറയുന്നു.  

ഇന്ത്യന്‍-യുറേഷ്യന്‍ ഫലകങ്ങള്‍ കൂടിച്ചേരുന്ന ഭൂകമ്പ സാധ്യതാ മേഖലയിലാണ് പാകിസ്ഥാന്‍ സ്ഥിതിചെയ്യുന്നത്. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍, ഖൈബർ പഖ്തുൻഖ്വ, ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ മേഖലകള്‍ ഭൂകമ്പങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള ഇടങ്ങളാണ്. അതിശക്തമായ ഭൂകമ്പങ്ങളുണ്ടായിട്ടുള്ള ചരിത്രവും പാകിസ്ഥാനുണ്ട്. എങ്കിലും ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം വീണ്ടും സജീവമാവുകയും, ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തതിന് പിന്നാലെ പാകിസ്ഥാനില്‍ മൂന്ന് ദിവസങ്ങള്‍ക്കിടെ മൂന്ന് ഭൂകമ്പങ്ങളുണ്ടായത് അസ്വാഭാവികമാണ് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ പലരും. 

ഇതിനിടെ ,ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ പാകിസ്ഥാനിലെ ആണവായുധ ശേഖരണ കേന്ദ്രത്തിന് തകരാറുണ്ടായതായും, ചോര്‍ച്ച സംഭവിച്ചുമെന്നുമുള്ള കിംവദന്തികളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇതോടെ റേഡിയേഷന്‍ എന്ന വാക്ക് എക്സില്‍ ട്രെന്‍ഡിംഗാവുകയും ചെയ്തു. ആണവ ചോര്‍ച്ച സംഭവിച്ചതായി ഒരു നോട്ടീസ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായെങ്കിലും അത് വ്യാജമാണ് എന്ന് പിന്നീട് തെളിഞ്ഞു. ആണവ നിലയങ്ങൾക്ക് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇന്ത്യയും പാകിസ്ഥാനും വ്യക്തമാക്കുകയും ചെയ്തു. അതേസമയം, പാകിസ്ഥാന്‍ രഹസ്യ ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടോ എന്ന് ഇപ്പോഴും വ്യക്തമല്ലെന്നത് മറ്റൊരു യാഥാര്‍ഥ്യം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ