പകൽ കൂരാക്കൂരിരുട്ട്! 50 വർഷത്തിനിടെ ഇങ്ങനെയൊരു ആകാശക്കാഴ്ച ആദ്യം! സ്പെഷ്യലാണ് 2024ലെ സമ്പൂർണ സൂര്യഗ്രഹണം

By Web TeamFirst Published Mar 14, 2024, 3:49 PM IST
Highlights

ഭൂമിയിൽ എവിടെയെങ്കിലും 18 മാസത്തിലൊരിക്കൽ സൂര്യഗ്രഹണം സംഭവിക്കുന്നുണ്ട്. എന്നാൽ 2024ലെ സൂര്യഗ്രഹണത്തിന് പ്രത്യേകതയുണ്ട്

ഏപ്രിൽ 8നാണ് 2024ലെ സമ്പൂർണ സൂര്യഗ്രഹണം. സൂര്യനും ഭൂമിക്കുമിടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നതോടെ പകൽ രാത്രിയാണെന്ന് തോന്നും. ഇത്തവണ വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലുമാണ് സമ്പൂർണ സൂര്യഗ്രഹണം അനുഭവപ്പെടുക. 50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ആയിരിക്കും ഇതെന്നാണ് കണക്കുകൂട്ടൽ.

ഭൂമിയിൽ എവിടെയെങ്കിലും 18 മാസത്തിലൊരിക്കൽ സൂര്യഗ്രഹണം സംഭവിക്കുന്നുണ്ട്. എന്നാൽ ശരാശരി 100 വർഷത്തിലൊരിക്കൽ മാത്രമേ ഒരു പ്രദേശത്ത് സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാകുന്നുള്ളൂ. ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം നടന്നുവെന്ന് പറയാൻ കഴിയുക. അതായത് പകൽ സന്ധ്യയായെന്ന പ്രതീതിയുണ്ടാകും. മാത്രമല്ല ആ പകലിൽ നക്ഷത്രങ്ങൾ കാണാൻ കഴിഞ്ഞേക്കാം. 

ഏപ്രിൽ 8ന് നടക്കാൻ പോകുന്ന സൂര്യഗ്രഹണം പ്രത്യേകതയുള്ളതാണ്. 7.5 മിനിറ്റ് വരെ നീണ്ടുനിൽക്കും അത് എന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ 50 വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ കാലയളവായിരിക്കും ഇതെന്നും കരുതപ്പെടുന്നു. അതായത് അപൂർവമായ നീണ്ട കാലയളവാണിത്. പസഫിക് സമുദ്രത്തിന് മുകളിൽ 2150 ലേ ഇത്രയും ദൈർഘ്യമേറിയ സൂര്യഗ്രഹണം ഇനി ദൃശ്യമാകൂ. അതായത് 126 വർഷം കാത്തിരിക്കണം.

മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്തവണ സമ്പൂർണ സൂര്യഗ്രഹണം കാണാൻ കഴിയുക. ഏകദേശം 32 മില്യണ്‍ ആളുകൾക്ക് സൂര്യന്‍റെ കൊറോണ വലയം കാണാൻ കഴിയും. സൂര്യനെ നേരിട്ടു നോക്കരുതെന്നും പ്രത്യേക സോളാർ വ്യൂവിംഗ് ഗ്ലാസുകൾ ഉപയോഗിക്കണമെന്നുമാണ് നിർദേശം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!