ബഹിരാകാശത്ത് തലനാരിഴയ്ക്ക് ഒഴിവായത് വന്‍ കൂട്ടിയിടി; കൂട്ടിയിടിച്ചാല്‍ ദുരന്തമായേനെ.!

By Web TeamFirst Published Oct 19, 2020, 8:50 AM IST
Highlights

വ്യാഴാഴ്ച്ച രാത്രി 8.56 ഓടെ ഏതാണ്ട് എട്ട് മീറ്റര്‍ മുതല്‍ 43 മീറ്റര്‍ വരെ അടുത്തുവരെ ഇരു വസ്തുക്കളും എത്തിയെന്നാണ് ലിയോ ലാബ്സിന്‍റെ റഡാര്‍ ഡാറ്റകള്‍ സൂചിപ്പിക്കുന്നത്. 

ന്യൂയോര്‍ക്ക്: വ്യാഴാഴ്ച ബഹിരാകാശത്ത് ഒഴിവായത് വന്‍ കൂട്ടിയിടിയെന്ന് റിപ്പോര്‍ട്ട്. ഉപേക്ഷിക്കപ്പെട്ട റഷ്യന്‍ കൃത്രിമോപഗ്രഹവും, ചൈനീസ് റോക്കറ്റിന്‍റെ വലിയൊരു ഭാഗവും തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്കാണ്. ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെട്ട വസ്തുക്കളെ ട്രാക്ക് ചെയ്യുന്ന ലിയോ ലാബ്സ് ആണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഈ കൂട്ടിയിടി നടന്നിരുന്നെങ്കില്‍ ഇപ്പോള്‍ ബഹിരാകാശത്ത് ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങള്‍ക്കും മറ്റും അപകടം സൃഷ്ടിക്കുന്ന അവശിഷ്ടങ്ങള്‍ ഉടലെടുക്കുമായിരുന്നു.

വ്യാഴാഴ്ച്ച രാത്രി 8.56 ഓടെ ഏതാണ്ട് എട്ട് മീറ്റര്‍ മുതല്‍ 43 മീറ്റര്‍ വരെ അടുത്തുവരെ ഇരു വസ്തുക്കളും എത്തിയെന്നാണ് ലിയോ ലാബ്സിന്‍റെ റഡാര്‍ ഡാറ്റകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ 12 മീറ്റര്‍ അടുത്തുവരെ ഇവ എത്താമെന്നും കൂട്ടിയിടിക്ക് പത്ത് ശതമാനം സാധ്യതയുണ്ടെന്നും ലിയോലാബ്‌സ് കണക്കുകൂട്ടിയിരുന്നു. ബഹിരാകാശവസ്തുക്കളുടെ കൂട്ടിയിടി സാധ്യതകളുമായി പരിഗണിക്കുമ്പോള്‍ ഇത് വളരെ ഉയര്‍ന്ന നിരക്കാണ്. 

ബഹിരാകാശ വസ്തുക്കളുമായി 0.001 ശതമാനം (ലക്ഷത്തിലൊന്ന്) കൂട്ടിയിടിക്ക് സാധ്യതയുണ്ടെങ്കില്‍ പോലും നാസ രാജ്യാന്തര ബഹിരാകാശ നിലയത്തിന്‍റെ സ്ഥാനം മാറ്റാറുണ്ട്. ഇത്തരം ഒരു കൂട്ടിയിടി നടന്നാല്‍ ഭൂമിക്ക് അത് നേരിട്ട് വലിയ വെല്ലുവിളിയാകില്ല. അന്റാര്‍ട്ടിക്കയിലെ വെഡ്ഡല്‍ സമുദ്രത്തിന് മുകളിലായിരിക്കും കൂട്ടിയിടി നടക്കുന്ന സ്ഥാനം. പക്ഷെ ഇത്തരമൊരു കൂട്ടിയിടിയെ തുടര്‍ന്നുണ്ടാകുന്ന ആയിരക്കണക്കിന് ബഹിരാകാശ മാലിന്യങ്ങള്‍ ഭാവിയിലേക്ക് വന്‍ ഭീഷണി സൃഷ്ടിക്കും.

ഏതാണ്ട് 130 ദശലക്ഷം മനുഷ്യ നിര്‍മിത വസ്തുക്കള്‍ നിയന്ത്രണമില്ലാതെ ഭൂമിക്ക് ചുറ്റും കറങ്ങുന്നുണ്ടെന്നാണ് ലിയോ ലാബ്സിന്‍റെ കണക്ക്. കാലാവധി കഴിഞ്ഞ കൃത്രിമോപഗ്രഹങ്ങളും റോക്കറ്റ് ഭാഗങ്ങളും മറ്റു ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായിരുന്ന വസ്തുക്കളുമെല്ലാം ഇതിലുണ്ട്. വെടിയുണ്ടയേക്കാള്‍ പത്തിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ഇത്തരം വസ്തുക്കള്‍ എത്ര ചെറുതാണെങ്കിലും ബഹിരാകാശ വാഹനത്തിനും സാറ്റലൈറ്റുകള്‍ക്കും കേടുപാടുണ്ടാക്കുമെന്നാണ് ബഹിരാകാശ ഗവേഷകര്‍ പറയുന്നത്. 

click me!