യു എ ഇയുടെ ആദ്യ ബഹിരാകാശസഞ്ചാരി യാത്ര ആരംഭിച്ചു

By Web TeamFirst Published Sep 25, 2019, 10:02 PM IST
Highlights

സോയുസ് എംഎസ് 15 പേടകത്തില്‍ ആറ് മണിക്കൂറാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ അവര്‍ എത്തിച്ചേരാന്‍ എടുക്കുന്ന സമയം. എട്ടു ദിവസമാണ് അല്‍ മന്‍സൗരി ബഹിരാകാശനിലയത്തില്‍ കഴിയുക. 

അബുദാബി: ബഹിരാകാശത്തേക്ക് ആദ്യ സഞ്ചാരിയെന്ന യു.എ.ഇ.യുടെ സ്വപ്നം ഇന്ന് പൂവണിഞ്ഞു. ബഹിരാകാശത്ത് യു.എ.ഇ.യുടെ കൊടിനാട്ടാൻ ഇമറാത്തി പര്യവേക്ഷകൻ ഹസ്സ അൽ മൻസൂരി പുറപ്പെട്ടു, പ്രതീകമായി സുഹൈൽ എന്ന പാവക്കുട്ടിയും ഒപ്പമുണ്ടാകും. സെപ്‌തംബർ 25 ബുധനാഴ്ച വൈകിട്ട് യുഎഇ സമയം 5.56ന് കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് യുഎഇ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂറി പുറപ്പെട്ടത്. റഷ്യൻ കമാൻഡർ ഒലെഗ് സ്ക്രിപോഷ്ക, യുഎസിലെ ജെസീക്ക മീർ എന്നിവരാണു സഹയാത്രികർ. 

സോയുസ് എംഎസ് 15 പേടകത്തില്‍ ആറ് മണിക്കൂറാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ അവര്‍ എത്തിച്ചേരാന്‍ എടുക്കുന്ന സമയം. എട്ടു ദിവസമാണ് അല്‍ മന്‍സൗരി ബഹിരാകാശനിലയത്തില്‍ കഴിയുക. ഭൂമിയുടെ ഏതാണ്ട് 400കിലോമീറ്റര്‍ മുകളിലുള്ള പരിക്രമണപഥത്തിലാണ് ഒരു ഫുട്‍ബോള്‍ ഗ്രൗണ്ടിനോളം വലിപ്പം വരുന്ന ബഹിരാകാശനിലയം. നിലവില്‍ ആറ് പേര്‍ അവിടെ താമസിക്കുന്നുണ്ട്.

സോയുസ് എംഎസ് 15 പേടകത്തിന് 7.48 മീറ്റർ നീളവും 2.71 മീറ്റർ വ്യാസവുമുണ്ട്. അടുത്തമാസം നാലിനാണ് ഐഎസ്എസിൽ നിന്നുള്ള മടക്കയാത്ര. ഇൻറർനാഷനൽ സ്‌പേസ് സെന്ററിൽ ആദ്യമായി അറബ് ലോകത്തുനിന്നൊരാൾ എത്തുന്നതിന്റെ പ്രതീകാത്മകസന്ദേശം കൂടിയാണ് പുതിയ കാലത്തിന്റെ താരകം എന്നറിയപ്പെടുന്ന സുഹൈലിന്റെ സാന്നിധ്യം.

2017ലാണ് യു എ ഇ വൈസ്പ്രസിഡന്‍റ് തങ്ങളുടെ ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചത്. ബഹിരാകാശസഞ്ചാരിയാവാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ചതോടെ നിരവധി പേരാണ് താത്പര്യത്തോടെ മുന്നോട്ടുവന്നത്. അതില്‍നിന്ന് തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍നാലായിരത്തോളം പേര്‍ മാത്രമാണ് ഉണ്ടായത്. അവരില്‍നിന്ന് രണ്ടു പേരെയാണ്  തിരഞ്ഞെടുത്തത്. അതിലൊരാളാണ് ഹസ. സുല്‍ത്താന്‍ അല്‍ നയാദിയായിരുന്നു  മറ്റൊരാള്‍. ബാക്കപ്പ് ആസ്ട്രോനോട്ട് ആയിട്ടായിരുന്നു അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്മനോട്ട് പരിശീലനകേന്ദ്രത്തിലായിരുന്നു ഇവര്‍ക്ക് പരിശീലനം നല്‍കിയത്.

click me!