'ഐസ് ഭീമന്മാർ' എന്ന വിശേഷണം തെറ്റായിരുന്നോ? അമ്പരപ്പിച്ച് ഈ ഗ്രഹങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തൽ

Published : May 15, 2026, 10:11 AM IST
Uranus

Synopsis

യുറാനസിനെയും നെപ്റ്റ്യൂണിനെയും 'ഹിമ ഭീമന്മാർ' എന്ന് വിശേഷിപ്പിച്ചിരുന്നത് തെറ്റാണെന്ന് പുതിയ പഠനം. ഈ ഗ്രഹങ്ങളുടെ ഉള്ളറയിൽ ഐസിനേക്കാൾ പാറഘടകങ്ങൾ കൂടുതലായിരിക്കാമെന്നും, ഇത് സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ വർഗ്ഗീകരണത്തെ തന്നെ മാറ്റിമറിച്ചേക്കാമെന്നും ഗവേഷകർ പറയുന്നു.

സൗരയൂഥത്തിലെ ഏറ്റവും അകലെയുള്ള രണ്ട് ഗ്രഹങ്ങളായ യുറാനസിനെയും നെപ്റ്റ്യൂണിനെയും ഇതുവരെ 'ഹിമ ഭീമന്മാർ' അഥവാ ഐസ് ജയന്‍റുകൾ എന്നായിരുന്നു ശാസ്ത്രലോകം വിശേഷിപ്പിച്ചിരുന്നത്. ജലം, അമോണിയ, മീഥേൻ തുടങ്ങിയവയുടെ മഞ്ഞുപോലുള്ള ഘടകങ്ങൾ വലിയ അളവിൽ അടങ്ങിയ ഗ്രഹങ്ങളാണിവ എന്നായിരുന്നു പഴയ വിലയിരുത്തൽ. എന്നാൽ പുതിയ ശാസ്ത്രീയ പഠനം ഈ ധാരണയെ ചോദ്യം ചെയ്യുകയാണ്. പ്രമുഖ ശാസ്ത്ര ജേർണലായ ആസ്‍ട്രോണമി ആൻഡ് ആസ്‍ട്രോഫിസിക്‌സിൽ ആണ് ഈ പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുതിയ പഠനം ഇങ്ങനെ

നെതർലാൻഡ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് റിസർച്ചിലെ ഗവേഷകയായ യമില മിഗ്വേലിന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് യുറാനസിന്‍റെയും നെപ്റ്റ്യൂണിന്‍റെയും ആന്തരിക ഘടനയെക്കുറിച്ചുള്ള പുതിയ മോഡൽ വികസിപ്പിച്ചിരിക്കുന്നത്. ഈ പഠനഫലങ്ങൾ പ്രകാരം ഈ ഗ്രഹങ്ങളുടെ ഉള്ളറയിൽ ഐസിനേക്കാൾ പാറഘടകങ്ങൾ കൂടുതൽ ആയിരിക്കാം എന്നാണ് കണ്ടെത്തൽ.

ഗ്രഹങ്ങളുടെ അന്തരീക്ഷത്തിലെ അത്യന്തം ഉയർന്ന താപനില മൂലം സിലിക്കേറ്റ് മേഘങ്ങൾ രൂപപ്പെടുകയും പിന്നീട് അവ ദൃഢപദാർത്ഥങ്ങളായി മാറി പാറകളായി രൂപാന്തരപ്പെടുകയും ചെയ്യുന്നുവെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇതിലൂടെ ഗ്രഹങ്ങളുടെ ഘടനയിൽ ഏകദേശം 60 ശതമാനം വരെ 'ഹെവി എലമെന്‍റുകൾ'അഥവാ പാറകളോട് സദൃശമുള്ള ഘടകങ്ങൾ അടങ്ങിയിരിക്കാം എന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. നെപ്റ്റ്യൂണിന് അപ്പുറത്തുള്ള ട്രാൻസ്-നെപ്റ്റ്യൂണിയൻ വസ്‍തുക്കളെക്കുറിച്ചുള്ള പുതിയ നിരീക്ഷണങ്ങളും ഈ പഠനത്തിന് പ്രചോദനമായി. അവ മുമ്പ് കരുതിയതുപോലെ അത്ര തണുത്തുറഞ്ഞത് അല്ല എന്നുള്ള പുതിയ കണ്ടെത്തൽ യുറാനസിനും നെപ്റ്റ്യൂണിനും സമാന സ്വഭാവം ഉണ്ടാകാമെന്ന് ഗവേഷകർ സംശയിക്കുന്നു.

ഐസ് ജയന്‍റുകൾ മാറുമോ? 

ഈ കണ്ടെത്തൽ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ വർഗ്ഗീകരണത്തെ തന്നെ മാറ്റിമറിക്കാൻ ഇടയുള്ളതാണ് എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. 'ഐസ് ജയന്‍റുകൾ' എന്നതിനുപകരം 'മൈനർ ജയന്‍റുകൾ' പോലുള്ള പുതിയ വിഭാഗീകരണം ആവശ്യമായേക്കാം എന്ന് ഗവേഷകയായ യമില മിഗ്വേൽ അഭിപ്രായപ്പെട്ടു. അതേസമയം, ഗ്രഹങ്ങളിൽ ഐസ് ഇല്ല എന്നല്ല പുതിയ പഠനം പറയുന്നത്. ഐസിന്‍റെ അളവ് മുൻപ് കരുതിയതിനെക്കാൾ വളരെ കുറവാണ് എന്നാണ് പ്രധാന കണ്ടെത്തൽ. ഭാവിയിൽ യുറാനസിലേക്കും നെപ്റ്റ്യൂണിലേക്കും കൂടുതൽ ബഹിരാകാശ ദൗത്യങ്ങൾ നടത്തുന്നതിലൂടെ ഈ നിഗമനങ്ങൾ സ്ഥിരീകരിക്കാൻ സാധിക്കം എന്നാണ് പ്രതീക്ഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സൗരജ്വാലയോടെ സൂര്യനില്‍ പൊട്ടിത്തെറി, പ്ലാസ്‍മ ഭൂമിയിലേക്ക്, അറോറ ദൃശ്യമാകും
ആ സുരക്ഷിത താവളവും നഷ്ടമായി, ഭൂമിയിൽ കൊതുകുകളില്ലാത്ത അവസാന രാജ്യത്തും കൊതുക് ശല്യം, വില്ലനായത് കാലാവസ്ഥ വ്യതിയാനം