പിടിവിടാതെ ചൊവ്വയിലൊരു പാറ; ആറ് ദിവസം വലഞ്ഞ് ക്യൂരിയോസിറ്റി റോവർ, ഒടുവില്‍ നാസ അത് തകര്‍ത്തു

Published : May 09, 2026, 11:06 AM IST
Curiosity rover

Synopsis

ചൊവ്വയിൽ ഗവേഷണം നടത്തുന്ന നാസയുടെ ക്യൂരിയോസിറ്റി റോവറിന്‍റെ ഡ്രില്ലിൽ ഒരു പാറക്കഷണം കുടുങ്ങി. ആറു ദിവസത്തെ തീവ്രമായ പരിശ്രമത്തിനൊടുവിൽ, ഡ്രിൽ ശക്തമായി തിരിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്തതിലൂടെ നാസ എഞ്ചിനീയർമാർ പാറയെ വിജയകരമായി നീക്കം ചെയ്തു. 

ചൊവ്വയിലെ സങ്കീര്‍ണമായ കാലാവസ്ഥയും അത്യന്തം വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളും അതിജീവിച്ച് വർഷങ്ങളായി ഗവേഷണം നടത്തുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ക്യൂരിയോസിറ്റി റോവർ. എന്നാൽ ഈ റോവർ കഴിഞ്ഞ മാസം ഒരു അസാധാരണ പ്രശ്‍നത്തിൽ അകപ്പെട്ടു. ചൊവ്വയുടെ ഉപരിതലത്തിൽ നിന്നും പരീക്ഷണത്തിനായി എടുത്ത ഒരു പാറ കഷണം റോവറിന്‍റെ ഡ്രില്ലിൽ കുടുങ്ങിയതാണ് ശാസ്ത്രജ്ഞരെ ആശങ്കയിലാക്കിയത്. ആറു ദിവസത്തോളം ആണ് ഈ പാറക്കഷണം റോവറിനെ പ്രതിസന്ധിയിൽ ആക്കിയത് എന്നാണ് റിപ്പോർട്ടുകൾ.

മൈനസ് 200 ഡിഗ്രി ഫാരൻഹീറ്റ് വരെ താഴുന്ന താപനില, ശക്തമായ പൊടിക്കാറ്റുകൾ, അപകടകരമായ വികിരണങ്ങൾ എന്നിവയെ പോലും അതിജീവിച്ച ക്യൂരിയോസിറ്റിക്ക് ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്‍നമായിരുന്നു ഇത്. 'അറ്റകാമ' എന്ന് പേരുള്ള പാറയുടെ സാമ്പിൾ ശേഖരിക്കുന്നതിനിടെയാണ് പാറയുടെ ഒരു ഭാഗം ഡ്രില്ലിൽ കുടുങ്ങിയത്. സാധാരണയായി സാമ്പിൾ ശേഖരിച്ച ശേഷം പാറ തകരുകയോ ഡ്രിൽ വിട്ടുപോകുകയോ ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ പാറ ഭാഗികമായി പുറത്തുവന്നിട്ടും ഡ്രില്ലിൽ മുറുകെ പിടിച്ച നിലയിൽ തുടരുകയായിരുന്നു.

ആദ്യം പാറയെ വിട്ടുമാറ്റാൻ ഡ്രിൽ ശക്തമായി കുലുക്കാൻ നാസ എഞ്ചിനീയർമാർ ശ്രമിച്ചു. എന്നാൽ യാതൊരു ഫലവും ഉണ്ടായില്ല. നാല് ദിവസം കഴിഞ്ഞ് റോവറിന്‍റെ കൈയുടെ സ്ഥാനം മാറ്റി വീണ്ടും വൈബ്രേഷൻ പരീക്ഷിച്ചെങ്കിലും പാറയിൽ നിന്ന് ചെറിയ മണൽതരികൾ മാത്രം പൊഴിഞ്ഞു. പാറ പിന്നെയും പിടിവിടാതെ തന്നെ തുടർന്നു.

പാറ തകര്‍ത്ത് നാസയുടെ തന്ത്രം

അവസാനം മേയ് ഒന്നിന് കൂടുതൽ ശക്തമായ നടപടികളിലേക്ക് നാസ നീങ്ങി. ഡ്രില്ലിന്‍റെ കോൺ മാറ്റി തിരിക്കുകയും ശക്തമായ വൈബ്രേഷനും സ്‍പിന്നിംഗും ഒരുമിച്ച് നടത്തുകയും ചെയ്‌തു. നിരവധി തവണ ഈ പ്രക്രിയ ആവർത്തിക്കേണ്ടിവരുമെന്ന് കരുതിയിരുന്നെങ്കിലും ആദ്യ ശ്രമത്തിൽ തന്നെ വിജയം കൈവന്നു. ശക്തമായ ചലനത്തെ തുടർന്ന് അറ്റകാമ പാറ പൊട്ടി ചൊവ്വയുടെ ഉപരിതലത്തിലേക്ക് വീണു.

ഭൂമിയിൽ നിന്ന് ഏകദേശം 225 ദശലക്ഷം കിലോമീറ്റർ അകലെയാണ് കോടിക്കണക്കിന് ബില്യൺ ഡോളർ ചെലവഴിച്ച് ശാസ്‍ത്രലോകം ഈ ദൗത്യം നടത്തുന്നത്. അതുകൊണ്ടുതന്നെ ഇത് വളരെ അസാധാരണമായ ഒരു പ്രശ്നമായിരുന്നുവെന്നാണ് ശാസ്ത്രലോകത്തിന്‍റെ വിലയിരുത്തൽ. ചെരുപ്പിന്‍റെ അടിയിൽ ചവച്ച ച്യൂയിംഗം കുടുങ്ങിയതുപോലെ ആറ് ദിവസം പാറ ക്യൂരിയോസിറ്റി റോവറിൽ പറ്റിപ്പിടിച്ച് നിന്നു എന്നാണ് പലരുടെയും തമാശ രൂപത്തിലുള്ള പ്രതികരണം. എന്തായാലും നിലവിലെ പ്രശ്‍നത്തിൽ നിന്നും മുക്തി നേടിയ ക്യൂരിയോസിറ്റി റോവർ പുതിയ വെല്ലുവിളികളെ ഏറ്റെടുക്കാൻ തയ്യാറായിത്തന്നെ ചൊവ്വയുടെ കൂടുതൽ രഹസ്യങ്ങൾ കണ്ടെത്തുന്നതിനായി പതിവായി ഷെഡ്യൂൾ ചെയ്‌തിട്ടുള്ള പ്രോഗ്രാമിംഗുകളിലേക്ക് മടങ്ങിയിരിക്കുന്നു.

അതേസമയം, ആറ് ദിവസത്തെ ഈ മുഴുവൻ സംഭവങ്ങളും ക്യൂരിയോസിറ്റിയുടെ ക്യാമറകൾ പകർത്തിയിട്ടുണ്ട്. അതിനാൽ ചൊവ്വയിലെ ഈ അപൂർവ നിമിഷങ്ങളുടെ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ശാസ്ത്ര പ്രേമികൾക്ക് ഇപ്പോൾ ആസ്വദിക്കാൻ സാധിക്കുന്നു.

 

 

PREV
Read more Articles on
click me!

Recommended Stories

ചന്ദ്രനും ചൊവ്വയും കഴിഞ്ഞാല്‍ മനുഷ്യന്‍റെ അടുത്ത ലക്ഷ്യം ശനി! മനുഷ്യരെ മാടിവിളിക്കുന്ന ടൈറ്റന്‍
പ്രപഞ്ച രഹസ്യങ്ങളിൽ പുതിയ വഴിത്തിരിവ്; ഡാർക്ക് മാറ്റർ രഹസ്യത്തിൽ പുതിയ കണ്ടെത്തൽ