ലക്ഷ്യം 2070: എന്താണ് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച 'നെറ്റ് സീറോ' എന്താണ് ഇതിന്‍റെ പ്രത്യേകത.!

Web Desk   | Asianet News
Published : Nov 02, 2021, 08:02 PM ISTUpdated : Nov 02, 2021, 08:46 PM IST
ലക്ഷ്യം 2070: എന്താണ് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച 'നെറ്റ് സീറോ' എന്താണ് ഇതിന്‍റെ പ്രത്യേകത.!

Synopsis

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ആഗോള താപനം ഭൂമിയുടെ ആകെ താപനിലയില്‍ തന്നെ വ്യതിയാനം സംഭവിക്കുന്നു ഈ പ്രതിഭാസത്തിലൂടെ.

ദില്ലി: കാലാവസ്ഥ വ്യതിയാനം ഇന്ത്യക്ക് വെല്ലുവിളിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ഗ്ലാസ്ഗോയിൽ (Glasgow)  നടക്കുന്ന കാലാവസ്ഥ സമ്മേളനത്തിൽ (COP26 Summit) സംസാരിക്കുമ്പോള്‍ അഭിപ്രായപ്പെട്ടത്. അവിടെ അദ്ദേഹം നടത്തിയ പ്രധാന പ്രഖ്യാപനം ഇന്ത്യ കാര്‍ബണ്‍ പുറന്തള്ളുന്നത് 2070 ഓടെ അവസാനിപ്പിക്കും എന്നാണ്. നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ (Net-zero Carbon Emissions) എന്നാണ് ഇതിന് പറയുന്നത് പേര്.

എന്താണ് നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ആഗോള താപനം(Global Warming). ഭൂമിയുടെ ആകെ താപനിലയില്‍ തന്നെ വ്യതിയാനം സംഭവിക്കുന്നു ഈ പ്രതിഭാസത്തിലൂടെ. മനുഷ്യന്‍റെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് ആഗോള താപനത്തിലേക്ക് നയിക്കുന്ന പ്രധാനകാരണം. അതിനാല്‍ തന്നെ ആഗോള താപനം വഴിവയ്ക്കുന്ന കാലവസ്ഥ മാറ്റത്തെ മറികടക്കാന്‍ നാം പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് സീറോയില്‍ എത്തിക്കണം.

അതിനായി കൈക്കൊള്ളുന്ന മാര്‍ഗ്ഗങ്ങളിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്നിധ്യം അന്തരീക്ഷത്തിന് താങ്ങാന്‍ കഴിയുന്ന തുലനാവസ്ഥയില്‍ എത്തിക്കുക എന്നതാണ് നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

എങ്ങനെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ സാധ്യമാക്കാം

പരമാവധി കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കുക. കാര്‍ബണ്‍ ഫുട്ട് പ്രിന്‍റ് കുറയ്ക്കുക എന്നാണ് ഇന്ത്യ ഇതിനായി ലക്ഷ്യമിടുന്നത്. ഗ്ലാസ്കോയിലെ വേദിയില്‍ ഇതിനായി 'പഞ്ചാമൃത്' എന്ന പേരില്‍ അഞ്ചിന പദ്ധതിയാണ് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. അത് ഇങ്ങനെയാണ്.

1. ഫോസില്‍ ഇതര ഇന്ധനങ്ങളുടെ ക്ഷമത ഇന്ത്യ 2030 ആകുമ്പോഴേക്കും 500 ജിഗാ വാട്സായി ഉയര്‍ത്തും.

2. 2030 ആകുമ്പോഴേക്കും രാജ്യത്തിന്‍റെ ഊര്‍ജ്ജ ആവശ്യത്തിന്‍റെ 50 ശതമാനം പുനർനിർമ്മിക്കാവുന്ന ഊർജ്ജ വഴിയായിരിക്കും.

3. ഈ വര്‍ഷം മുതല്‍ 2030 നുള്ളില്‍ ഇന്ത്യയുടെ പുറന്തള്ളുന്ന കാര്‍ബണിന്‍റെ അളവ് 1 ബില്ല്യണ്‍ ടണ്‍ കുറയ്ക്കും.

4. 2030 നുള്ളില്‍ വ്യാവസായിക രംഗത്തെ കാര്‍ബണിന്‍റെ സാന്നിധ്യം 45 ശതമാനം കുറയ്ക്കും.

5. 2070 ഓടെ ഇന്ത്യ നെറ്റ് സീറോയില്‍ എത്തിച്ചേരും.

ആഗോള താപനം ലോകത്തിന് വെല്ലുവിളിയാണ്. കാലാവസ്ഥ വ്യതിയാനം മൂലം കർഷകർക്ക് സംഭവിക്കുന്ന നഷ്ടം നികത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.   ഉജ്ജ്വല യോജന, ക്ലീൻ ഇന്ത്യ മിഷൻ തുടങ്ങിയ പദ്ധതികളിലൂടെ  രാജ്യത്തെ  ജനങ്ങളുടെ ജീവിത നിലവാരം  മെച്ചപ്പെട്ടെന്നും ഉച്ചകോടിയിൽ പ്രധാനമന്ത്രി അവകാശപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തെ നേരിട്ട രീതികൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. വരും തലമുറക്ക് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള അവബോധം ഇതിലൂടെ ഉണ്ടാക്കാനാകുമെന്നും പ്രധാനമന്ത്രി ഇതിനൊപ്പം പറഞ്ഞു. 

ലോകത്തിന്‍റെ അവസ്ഥ

ലോകത്തിലെ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന അഞ്ച് രാജ്യങ്ങള്‍ പരിശോധിച്ചാല്‍ അവ യഥാക്രമം ചൈന, യുഎസ്എ, റഷ്യ, ഇന്ത്യ, ജപ്പാന്‍ എന്നിങ്ങനെയാണ് ഈ രാജ്യങ്ങള്‍ എല്ലാം തന്നെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ നടപ്പിലാക്കുന്ന വര്‍ഷം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ്എ, ജപ്പാന്‍ രാജ്യങ്ങള്‍ 2050 ല്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍. റഷ്യയും ചൈനയും 2060 ആണ് ഇതിനായി മുന്നോട്ട് വയ്ക്കുന്നത്. ഇപ്പോള്‍ 2070 ആണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇന്ത്യയും പ്രഖ്യാപിച്ചു കഴിഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ