ഭൂമിയെ വലയം ചെയ്തിരിക്കുന്ന നീല പ്രഭാവലയം എന്താണ്? ആർട്ടിമിസ് സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ മനോഹര ചിത്രം മഹാത്ഭുതം!

Published : Apr 04, 2026, 09:44 AM IST
Earth, artemis

Synopsis

53 വർഷത്തിന് ശേഷം ആർട്ടിമിസ് 2 ദൗത്യത്തിലെ സഞ്ചാരികൾ ഭൂമിയുടെ അത്യപൂർവ്വമായ ചിത്രം പകർത്തി. ഭൂമിയെ വലയം ചെയ്യുന്ന നീല പ്രഭാവലയം അന്തരീക്ഷത്തിലെ പ്രകാശത്തിന്റെ വിസരണമാണെന്നും, അപ്പോളോ 17-ന് ശേഷമുള്ള മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രാ ദൗത്യമാണ് ആർട്ടെമിസ് 2 എന്നും ഈ ലേഖനം വ്യക്തമാക്കുന്നു.

ഭൂമിയെ ഒരൊറ്റ ഫ്രെയിമിൽ ലഭിച്ചതിന്റെ ആവേശത്തിലാണ് ശാസ്ത്രലോകം. 53 വർഷത്തിന് ശേഷമാണ് ഇത്തരമൊരു ചിത്രം ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിൽ ഭൂമിക്ക് പുറത്തെ പ്രഭാവ വലയത്തെക്കുറിച്ചും ചർച്ചകൾ ഉയർന്നു. ഭൂമിയുടെ അന്തരീക്ഷമാണ് ആ പ്രഭാ വലയം. ഭൂമിയെ ചുറ്റിക്കിടക്കുന്ന അന്തരീക്ഷത്തിന്റെ പാളികളിൽ സൂര്യപ്രകാശം തട്ടി പ്രതിഫലിക്കുമ്പോഴാണ് (Scattering of light) ഇത്തരമൊരു നേർത്ത വലയം ദൃശ്യമാകുന്നത്. ബഹിരാകാശത്തിൻ്റെ കറുത്ത പശ്ചാത്തലത്തിൽ, നീല നിറത്തിലുള്ള ഈ നേർത്ത പാളി ഭൂമിയെ ഒരു പുതപ്പുപോലെ പൊതിഞ്ഞിരിക്കുന്നത് വ്യക്തമായി കാണാം. 

അന്തരീക്ഷത്തിലെ വാതക തന്മാത്രകൾ സൂര്യപ്രകാശത്തിലെ നീല നിറത്തെ കൂടുതൽ ചിതറിക്കുന്നതുകൊണ്ടാണ് വലയത്തിന് നീല നിറം ലഭിക്കുന്നത്. ഭൂമിയുടെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ അന്തരീക്ഷം എത്രത്തോളം നേർത്തതാണെന്ന് ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ദശലക്ഷക്കണക്കിന് കിലോമീറ്റർ അകലെ നിന്നാണ് ഭൂമിയുടെ മനോ​ഹരമായ ചിത്രമെടുത്തത്. 53 വർഷങ്ങൾക്ക് ശേഷമാണ് മനുഷ്യ ദൗത്യത്തിനിടെ ഇങ്ങനെയൊരു ചിത്രമെടുക്കുന്നത്. അത്യപൂർവ്വമായ ഭൂമിയുടെ ചിത്രം ആർട്ടെമിസ് 2 സംഘം പുറത്തുവിട്ടു. 53 വർഷങ്ങൾക്ക് മുൻപ് ഭൂമിയുടെ ഇത്തരത്തിലുള്ള ഒരു ചിത്രം പുറത്തുവന്നിരുന്നു. അപ്പോളോ 17 ദൗത്യത്തിനിടെ ഹാരിസൺ ഷ്മിറ്റ് ആണ് ആ ചിത്രമെടുത്തത്. ബ്ലൂ മാർബിൾ എന്നറിയപ്പെടുന്ന ആ ചിത്രം ചരിത്രപ്രസിദ്ധമാണ്.

54 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നാണ് കുതിച്ചുയർന്നത്. എസ്എൽഎസ് എന്ന ഭീമൻ റോക്കറ്റിൽ ഒറയോൺ എന്ന യാത്രാപേടകത്തിലാണ് യാത്ര. മിഷൻ കമാൻഡർ നാസയുടെ റെയ്ഡ് വൈസ്മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറെമി ഹാൻസൻ എന്നിവരാണ് ആ പേടകത്തിലുള്ളത്.

പത്ത് ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി തിരിച്ചുവരികയാണ് ദൗത്യ ലക്ഷ്യം. മനുഷ്യരുമായി ഒരു ബഹിരാകാശ യാനവും ചെന്നിട്ടില്ലാത്ത അത്രയും ദൂരത്തിൽ ദൗത്യത്തിന്റെ ഒരു ഘട്ടത്തിൽ ഒറയോണെത്തും. നാല് പേരും കെന്നഡി സ്പേസ് സെന്ററിലെ പ്രത്യേക ക്വാറൻ്റീൻ സംവിധാനത്തിലായിരുന്നു. ഉറക്കവും ഭക്ഷണവും ജലപാനവും പോലും കർശന നിയന്ത്രണത്തിലായിരുന്നു. ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമാകുന്ന ആദ്യ സ്ത്രീയാണ് ക്രിസ്റ്റീന കോച്ച്. വിക്ടർ ഗ്ലോവർ ആദ്യ കറുത്ത വർഗക്കാരനും. ജെറെമി ഹാൻസണാകട്ടെ ആദ്യ അമേരിക്കൻ ഇതര സ‍ഞ്ചാരിയും. യാത്രയിൽ നാല് പേർക്കും കൂട്ടായി റൈസ് എന്ന ചെറു പാവയുമുണ്ട്. അതിനകത്ത് നേരത്തെ രജിസ്റ്റർ ചെയ്ത 56 ലക്ഷം മനുഷ്യരുടെ പേരടങ്ങിയ മെമ്മറി കാർഡും.

1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആ‌ർട്ടെമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തിയെങ്കില്‍ ആ‌ർട്ടെമിസ് 2 അംഗങ്ങളെ വഹിക്കുന്ന ഒറെയോൺ പേടകം 10 ദിവസം കൊണ്ട് ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് തിരിച്ചുവരികയാണ് ലക്ഷ്യമിടുന്നത്.

PREV
Read more Articles on
click me!

Recommended Stories

അത്യപൂർവ്വ ചിത്രം, 53 വർഷങ്ങൾ ശേഷം ഭൂമി ഒരൊറ്റ ഫ്രെയിമിൽ; ചിത്രം പങ്കുവെച്ച് ആർട്ടെമിസ് 2 സംഘം
ആ‌ർട്ടെമിസ് 2 കുതിച്ചുയർന്നു, 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്; ചരിത്രം കുറിക്കാൻ നാലു പേർ