അഗ്നി പ്രൈം പരീക്ഷണ വിജയം; പ്രതിരോധ രംഗത്ത് ശരിക്കും ഇന്ത്യയുടെ 'ഗെയിം ചെയിഞ്ചര്‍'; കാരണങ്ങള്‍ ഇങ്ങനെ

By Web TeamFirst Published Jun 30, 2021, 8:53 PM IST
Highlights

അഗ്‌നി പ്രൈം അഥവാ അഗ്‌നി പി, അഗ്‌നി 1, അഗ്‌നി 2 മിസൈലുകളുടെ പിന്‍ഗാമിയായിട്ടാണ് കാണപ്പെടുന്നത്, അവ ഇതിനകം തന്നെ സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡിന്റെ പ്രവര്‍ത്തന സേവനത്തിലാണ്. 

ചൈനയുടെ ഭീഷണിയെ നിലയ്ക്ക് നിര്‍ത്താന്‍ ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന് പുതിയ ആയുധം. മിഡ് റേഞ്ച് ബാലിസ്റ്റിക്ക് മിസൈല്‍ ശ്രേണിയിലെ ഏറ്റവും പുതിയതായ അഗ്നി പ്രൈം ഇന്ത്യ പരീക്ഷിച്ചു വിജയിപ്പിച്ചു. ഏറ്റവും വേഗത്തില്‍ ഏറ്റവും കൃത്യമായി ഏറ്റവും ലളിതമായി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ മെച്ചം. അതിലുമുപരി ആണവായുധം വഹിക്കാന്‍ ശേഷിയുള്ളതാണിത്. ഒഡീഷ തീരത്തുനിന്നുള്ള പ്രതിരോധ താവളത്തില്‍ നിന്നാണ് അഗ്‌നി പ്രൈം മിസൈല്‍ വിജയകരമായി പരീക്ഷിച്ചതെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) പറഞ്ഞു. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഒരു മൊബൈല്‍ ലോഞ്ചറില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. തീരപ്രദേശത്തെ അത്യാധുനിക ട്രാക്കിംഗ് റഡാറുകളും ടെലിമെട്രിയും ഇത് നിരീക്ഷിച്ചു. ആണവ ശേഷിയുള്ള മിസൈല്‍ എല്ലാ ദൗത്യ ലക്ഷ്യങ്ങളും ഉയര്‍ന്ന കൃത്യതയോടെ പൂര്‍ത്തീകരിച്ചുവെന്ന് ഡിആര്‍ഡിഒ പ്രസ്താവനയില്‍ പറഞ്ഞു. വിജയകരമായ പരീക്ഷണത്തിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡിആര്‍ഡിഒയെ അഭിനന്ദിച്ചു.

അഗ്‌നി പ്രൈം അഥവാ അഗ്‌നി പി, അഗ്‌നി 1, അഗ്‌നി 2 മിസൈലുകളുടെ പിന്‍ഗാമിയായിട്ടാണ് കാണപ്പെടുന്നത്, അവ ഇതിനകം തന്നെ സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡിന്റെ പ്രവര്‍ത്തന സേവനത്തിലാണ്. സംയോജിത മോട്ടോര്‍ കേസിംഗ്, കൈകാര്യം ചെയ്യാവുന്ന റീഎന്‍ട്രി വാഹനം, മികച്ച പ്രൊപ്പല്ലന്റുകള്‍, നാവിഗേഷന്‍, മാര്‍ഗ്ഗനിര്‍ദ്ദേശ സംവിധാനങ്ങള്‍ എന്നിങ്ങനെ പുതിയ മിസൈലിനെ കാര്യമായി നവീകരിച്ചിട്ടുണ്ട്. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന ഈ ഇടത്തരം ബാലിസ്റ്റിക് മിസൈലിന് 1,000 മുതല്‍ 2,000 കിലോമീറ്റര്‍ വരെ സുഗമമായി സഞ്ചരിക്കാന്‍ കഴിയും. അതായത് പാക്കിസ്ഥാനെക്കാള്‍ ഇതു കൊണ്ട് ചൈനയെ വിറപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നതെന്നു സാരം.

അഗ്‌നി സീരീസിന്റെ ഭാഗമായി വികസിപ്പിച്ചതോ വികസിച്ചുകൊണ്ടിരിക്കുന്നതോ ആയ ഏഴാമത്തെ മിസൈലാണിത്. അഗ്‌നി 1 ന് 700 മുതല്‍ 1,200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുണ്ട്. അഗ്‌നി 2-ന് 2,000 മുതല്‍ 3,500 കിലോമീറ്റര്‍ വരെ ദൂരം പറക്കാം. സീരീസില്‍ നിന്നുള്ള തുടര്‍ന്നുള്ള എല്ലാ മിസൈലുകളും 3,000 മുതല്‍ 5,000 കിലോമീറ്റര്‍ വരെയും, അഗ്‌നി 4-ന് 4,000 കിലോമീറ്റര്‍, അഗ്‌നി 5-ന് 5,000 മുതല്‍ 8,000 കിലോമീറ്റര്‍ വരെയും പ്രവര്‍ത്തനശേഷിയുണ്ട്. 

11,000 മുതല്‍ 12,000 കിലോമീറ്റര്‍ പരിധിയിലുള്ള ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) അഗ്‌നി ആറാമന്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മൊബൈല്‍ ലോഞ്ചറുകള്‍ ഉപയോഗിച്ച് അഗ്‌നി പി പ്രയോഗിക്കാനാവും. ചൈനയുമായുള്ള വര്‍ദ്ധിച്ച പിരിമുറുക്കങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുന്ന സമയത്താണ് ഈ വിജയകരമായ വിക്ഷേപണം. ബാലിസ്റ്റിക് മിസൈലുകള്‍ പോലുള്ള തന്ത്രപ്രധാനമായ ആയുധങ്ങളുമായി ഇന്ത്യന്‍ പ്രതിരോധ സേന അവരുടെ കഴിവുകള്‍ വേഗത്തില്‍ വര്‍ദ്ധിപ്പിക്കുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!