ഭൂമിയിലെ എല്ലാവര്‍ക്കും കോടീശ്വരന്‍മാരാകാം! സ്വർണഖനിയായി ഛിന്നഗ്രഹങ്ങൾ, ഖനനം ചെയ്യാൻ ഖനി കമ്പനികൾ!

Published : Sep 24, 2025, 05:10 PM IST
Asteroid 16-Psyche

Synopsis

സ്വർണം അടക്കമുള്ള അമൂല്യ ലോഹങ്ങള്‍ നിറഞ്ഞിട്ടുണ്ടാകാം ഛിന്നഗ്രഹങ്ങളില്‍ എന്ന് അനുമാനം. ഭൂമിക്ക് അരികിലെത്തുന്ന ഇത്തരം ഛിന്നഗ്രഹങ്ങള്‍ ഖനനം ചെയ്‌ത് കോടികള്‍ വാരാമോ എന്ന ആലോചനയില്‍ ഖനി കമ്പനികൾ!

മിനി മൂണുകൾ ഭൂമിക്കടുത്തെത്തുന്ന ചെറിയ ഛിന്നഗ്രഹങ്ങളാണ്. സൗരയൂഥത്തിലേക്ക് വലിയ ദൗത്യങ്ങൾ അയയ്ക്കാതെ തന്നെ ഈ ബഹിരാകാശ ശിലകളെ അടുത്ത് പഠിക്കാൻ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് അവസരമുണ്ടാകാറുണ്ട്. അടുത്ത മിനി മൂണിന്‍റെ വരവിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം. എന്നാൽ ഈ മിനി മൂണിന്‍റെ വരവ് ഗവേഷകരുടെ മാത്രമല്ല ഛിന്നഗ്രഹ ഖനനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്വകാര്യ കമ്പനികളുടെയും ഏജൻസികളുടെയും ശ്രദ്ധയും ആകർഷിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഭൂമിക്കരികിലെത്തുന്ന ഛിന്നഗ്രഹങ്ങളിൽ ഭാവിയിലെ ബഹിരാകാശ പര്യവേഷണത്തിന് ഉപയോഗപ്രദമാകുന്ന ലോഹങ്ങൾ, ധാതുക്കൾ അല്ലെങ്കിൽ ജല ഐസ് എന്നിവ അടങ്ങിയിരിക്കാം എന്നാണ് അനുമാനം.

നമുക്ക് ഛിന്നഗ്രഹങ്ങളിലെ ലോഹങ്ങൾ ലഭിക്കുമോ?

ഭൂമിയിലെ ജീവന് ഭീഷണി ഉയർത്തുന്ന ഛിന്നഗ്രഹങ്ങള്‍ നാസയടക്കമുള്ള ബഹിരാകാശ ഗവേഷണ ഏജന്‍സികള്‍ പതിവായി നിരീക്ഷിക്കാറുണ്ട്. ഇത്തരം ഛിന്നഗ്രഹങ്ങള്‍ മനുഷ്യജീവന് ഏതെങ്കിലും തരത്തില്‍ ഭീഷണിയാകുമോ എന്നതാണ് ഈ നിരീക്ഷണങ്ങള്‍ക്ക് ആധാരം. ഇത്തരം ഛിന്നഗ്രഹങ്ങളില്‍ കോടിക്കണക്കിന് ഡോളര്‍ വിലയുള്ള അപൂര്‍വ ലോഹങ്ങൾ ഉണ്ടാവാറുണ്ട് എന്നതിനാല്‍ സ്വകാര്യ കമ്പനികള്‍ക്കും ഇത്തരം ഛിന്നഗ്രഹങ്ങളില്‍ ഒരു കണ്ണുണ്ട്. ഭാവിയില്‍ ഭൂമിക്കരികിലെത്തുന്ന ബഹിരാകാശ ശിലകൾ പിടിച്ചെടുക്കുകയും അവ ഖനനം ചെയ്യുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബഹിരാകാശ സംരംഭകരും ശാസ്ത്രജ്ഞരും അടുത്ത ഛിന്നഗ്രഹത്തിന്‍റെ വരവിനായി ഒരുങ്ങുന്നത്.

സൗരയൂഥത്തില്‍ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലാണ് പ്രധാനമായും ഛിന്നഗ്രഹവലയമുള്ളത്. ആ ഛിന്നഗ്രഹങ്ങളിൽ പലതും ലാപ്‌ടോപ്പുകളും സ്‍മാർട്ട്‌ഫോണുകളുമൊക്കെ നിർമ്മിക്കാൻ ഉപയോഗിക്കാവുന്ന ലോഹങ്ങളാൽ നിറഞ്ഞിരിക്കുന്നു. പ്ലാറ്റിനം, കൊബാൾട്ട്, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളെക്കൂടാതെ ഒരുപക്ഷേ സ്വർണ്ണം പോലും ഇവയിൽ അടങ്ങിയിരിക്കാം എന്നാണ് പ്രതീക്ഷ. ഈ ഛിന്നഗ്രഹങ്ങളിലെ ലോഹങ്ങൾ ഖനനം ചെയ്‌താൽ ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും ശതകോടീശ്വരാന്‍മാരാകാം എന്നുവരെ കണക്കാക്കപ്പെടുന്നു.

ഇടയ്ക്കിടെ വ്യാഴത്തിന്‍റെ ശക്തമായ ഗുരുത്വാകർഷണം സൗരയൂഥത്തിലൂടെ ഛിന്നഗ്രഹങ്ങളെ പായിക്കാറുണ്ട്. ചിലപ്പോൾ അവയില്‍ ചിലത് ഭൂമിക്ക് അരികിലേക്കും എത്തും. കഴിഞ്ഞ വർഷം ഈ ഛിന്നഗ്രഹങ്ങളിലൊന്ന് ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. സൂര്യനിൽ നിന്ന് ഏകദേശം 93 ദശലക്ഷം മൈൽ (150 ദശലക്ഷം കിലോമീറ്റർ) അകലെയുള്ള ഛിന്നഗ്രഹ വലയത്തിൽ നിന്നുള്ള ഛിന്നഗ്രഹമായ 2024 PT5 ആയിരുന്നു ഇത്. 2024 പിടി5-നെ "മിനി-മൂൺ" എന്നാണ് വിളിക്കുന്നത്. മിനി-മൂണുകള്‍ ഭൂമിയെ ഒരു പൂർണ്ണ ഭ്രമണപഥത്തിൽ ചുറ്റും എന്നാണ് കരുതുന്നത്. എന്നാൽ 2024 പിടി5 എന്ന ഛിന്നഗ്രഹം ഒരു പൂർണ്ണ യാത്ര പൂർത്തിയാക്കുന്നതിന് മുമ്പ് ഭൂമിയുടെ ഗുരുത്വാകർഷണ ശക്തിയിൽ നിന്ന് പുറത്തുകടന്നു. എങ്കിലും ഈ ബഹിരാകാശ പാറ നമ്മുടെ യഥാർത്ഥ ചന്ദ്രന്‍റെ ഭ്രമണപഥത്തെ പ്രതിഫലിപ്പിച്ചു. അങ്ങനെ അതിന് മിനി-മൂൺ എന്ന പേര് ലഭിച്ചു. ഈ ഛിന്നഗ്രഹം അപൂർവ ഭൗമ ലോഹങ്ങളാൽ നിറഞ്ഞിരുന്നു എന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ പക്ഷം.

ഛിന്നഗ്രഹം ഖനനം ചെയ്യാൻ കഴിയുമോ?

നാസയുടെ OSIRIS-REx , ജപ്പാന്‍റെ Hayabusa2 ദൗത്യങ്ങൾ പോലുള്ള ഗവേഷണ ആവശ്യങ്ങൾക്കായി മുമ്പ് ഛിന്നഗ്രഹ സാമ്പിളുകൾ ഭൂമിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. എങ്കിലും ഈ യാത്രകളുടെ ചെലവ് ഭീമാകാരമാണ്. ഇത് ലാഭം നേടാൻ ശ്രമിക്കുന്ന ഏതൊരു ഖനന കമ്പനിയെയും പാപ്പരാക്കും. ഈ ഉയർന്ന ചിലവിനുള്ള ഒരു കാരണം, മിക്ക ഛിന്നഗ്രഹങ്ങളും വളരെ അകലെയായതിനാൽ അവ ഖനനം ചെയ്യുന്നത് ലാഭകരമല്ല എന്നതാണ്. ഇന്ധനത്തിന്‍റെയും ഉപകരണങ്ങളുടെയും ചെലവുകൾക്ക് മാത്രം കോടികൾ വേണ്ടിവരും. മിനി-മൂണുകളുടെ പ്രാധാന്യം ഇവിടെയാണ്. ഇവ ഛിന്നഗ്രഹ ഖനനം കൂടുതൽ എളുപ്പമാക്കുന്നു. ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് വളരെ അടുത്തെത്തുന്നു എന്നത് തന്നെ മുഖ്യ കാരണം. കഴിഞ്ഞ വർഷത്തെ മിനി-മൂൺ (2024 പിടി5) ദർശനം നിരവധി ബഹിരാകാശ ഖനന സ്റ്റാർട്ടപ്പുകളെ കൂടുതൽ ഛിന്നഗ്രഹ സന്ദർശനങ്ങൾക്കായി പദ്ധതികൾ ആസൂത്രണം ചെയ്യാൻ പ്രേരിപ്പിച്ചതായി സ്‍പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.

സിസ്റ്റങ്ങൾ പ്രവർത്തനക്ഷമമാക്കിയാൽ നമുക്ക് അത് ഖനനം ചെയ്യാൻ സാധിക്കുമായിരുന്നു എന്ന് 2024 PT5 ഭ്രമണപഥത്തിലായിരുന്ന സമയത്ത് ഒരു ഛിന്നഗ്രഹ ഖനന കമ്പനിയായ ട്രാൻസ്ആസ്ട്രയുടെ സ്ഥാപകനും സിഇഒയുമായ ജോയൽ സെർസെൽ സ്‍പേസ് ഡോട്ട് കോമിനോട് പറഞ്ഞിരുന്നു. എങ്കിലും ഒരു ഛിന്നഗ്രഹത്തിൽ എത്തിച്ചേരുന്നത് പൊതുവെ ചെലവേറിയതും ബുദ്ധിമുട്ടുള്ളതുമായ കാര്യമാണെന്ന് വിദഗ്‌ധര്‍ എല്ലാവരും സമ്മതിക്കുന്നു. ചിലപ്പോൾ ഛിന്നഗ്രഹങ്ങള്‍ വളരെ ചൂടുള്ളതായിരിക്കുമെന്നും ചിലപ്പോൾ വളരെ തണുപ്പായിരിക്കുമെന്നും ന്യൂ മെക്‌സിക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് ആൻഡ് ടെക്നോളജിയിലെ അസോസിയേറ്റ് പ്രൊഫസർ മുസ്‌തഫ ഹസ്സനാലിയൻ സ്പേസ് ഡോട്ട് കോമിനോട് വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും