ദില്ലിയിൽ നിന്ന് ന്യൂയോർക്കിലേക്ക് ഒരു മിനിറ്റ്; റെക്കോർഡ് വേഗത്തില്‍ പറന്ന് നാസയുടെ പാർക്കർ സോളാർ പ്രോബ്

Published : Sep 24, 2025, 10:27 AM IST
parker solar probe

Synopsis

സൂര്യനെ വട്ടമിട്ടുള്ള ഇരുപത്തിയഞ്ചാം പറക്കലില്‍ റെക്കോര്‍ഡിട്ട് നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്. 25-ാം പറക്കലില്‍ മണിക്കൂറിൽ 687,000 കിലോമീറ്റര്‍ വേഗത പാര്‍ക്കര്‍ സോളാര്‍ പ്രോബ് കൈവരിച്ചു

ന്യൂയോര്‍ക്ക്: സൂര്യനെ ചുറ്റി ഇരുപത്തിയഞ്ചാംവട്ടവും പറന്ന് ചരിത്രമെഴുതി നാസയുടെ പാർക്കർ സോളാർ പ്രോബ്. സൂര്യനെ ചുറ്റിയുള്ള 25-ാം പറക്കലില്‍ മണിക്കൂറിൽ 687,000 കിലോമീറ്റര്‍ വേഗത പാര്‍ക്കര്‍ സോളാര്‍ പ്രോബ് കൈവരിച്ചു. ദില്ലിയില്‍ നിന്ന് ന്യൂയോർക്കിലേക്ക് വെറും 61 സെക്കൻഡിനുള്ളിൽ എത്താന്‍ കഴിയുന്ന വേഗത്തിലായിരുന്നു പാര്‍ക്കര്‍ പേടകത്തിന്‍റെ സഞ്ചാരം. 2024 ഡിസംബര്‍ 24നും 2025 മാര്‍ച്ച് 22നും ജൂണ്‍ 19നും ഇതേ വേഗത പേടകം കൈവരിച്ചിരുന്നു. ഇത്രയേറെ വേഗതയിൽ സഞ്ചരിക്കുമ്പോഴും പാര്‍ക്കര്‍ സോളാര്‍ പ്രോബിന് സൂര്യന് സമീപത്തുനിന്നുള്ള ഡാറ്റ തൽക്ഷണം ഭൂമിയിലേക്ക് അയക്കാന്‍ കഴിയും. സൗരവാതങ്ങളെയും സൂര്യന്‍റെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിശദമായ പഠനത്തിനായി നാസ അയച്ചതാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്.

സോളാർ രഹസ്യങ്ങളെ കുറിച്ച് പഠിക്കുന്ന പാര്‍ക്കര്‍ സോളാര്‍ പ്രോബ്

സൗരവാതം എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നുവെന്നും സൂര്യന്‍റെ കൊറോണയുടെ അസാധാരണമായ താപം എന്താണെന്നും മനസിലാക്കാൻ വേണ്ടിയാണ് പ്രധാനമായും പാർക്കർ സോളാർ പ്രോബ് നാസ വിക്ഷേപിച്ചത്. എങ്ങനെ സൗരക്കാറ്റുകള്‍ രൂപംകൊള്ളുന്നുവെന്നതും, സൂര്യന്‍റെ ഉപരിതലത്തേക്കാള്‍ താപം എന്തുകൊണ്ട് കൊറോണ എന്ന അന്തരീക്ഷപാളിക്ക് വരുന്നുവെന്നതും, എങ്ങനെയാണ് കൊറോണല്‍ മാസ് ഇജക്ഷനുകള്‍ ബഹിരാകാശത്തുകൂടെ സഞ്ചരിക്കുന്നത് എന്നും ഇന്നും ശാസ്ത്രലോകത്തിന് അത്രകണ്ട് പിടികിട്ടാത്ത കാര്യങ്ങളാണ്. സൂര്യന്‍റെ കൊറോണയിലൂടെ സഞ്ചരിച്ച ആദ്യ ബഹിരാകാശ പേടകം കൂടിയാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. 2018 ഓഗസ്റ്റ് 12നായിരുന്നു ഈ റോബോട്ടിക് മിഷന്‍ നാസ വിക്ഷേപിച്ചത്.

ലിവിംഗ് വിത്ത് എ സ്റ്റാർ

ഗോദ്ദാർഡ് സ്‌പേസ് ഫ്ലൈറ്റ് സെന്‍റർ നിയന്ത്രിക്കുന്ന പാർക്കർ സോളാർ പ്രോബ് 2018ൽ നാസയുടെ ലിവിംഗ് വിത്ത് എ സ്റ്റാർ (LWS) പ്രോഗ്രാമിന്‍റെ ഭാഗമായിട്ടാണ് വിക്ഷേപിച്ചത്. സൂര്യനോട് ചേര്‍ന്നുള്ള അതിസങ്കീര്‍ണമായ താപം അടക്കമുള്ള വെല്ലുവിളികള്‍ അതിജീവിക്കാന്‍ പാകത്തിലാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് നാസ രൂപകല്‍പന ചെയ്‌തിരിക്കുന്നത്. പാര്‍ക്കര്‍ സോളാര്‍ പ്രോബില്‍ നിന്നുള്ള വിവരങ്ങള്‍ ബഹിരാകാശ യാത്രികര്‍ക്കും ഉപഗ്രഹങ്ങള്‍ക്കും എന്തിനേറെ വിമാന യാത്രകൾക്കും ഭൂമിയിലെ പവർ ഗ്രിഡുകളുടെ സുരക്ഷയ്‌ക്കും വരെ നിര്‍ണായകമാണ്. സൂര്യനിലുണ്ടാവുന്ന മാറ്റങ്ങളെ കുറിച്ച് ശാസ്‌ത്രലോകത്തിന് ഏറെ പുത്തനറിവുകള്‍ നല്‍കാന്‍ ഈ പേടകത്തിനാകുമെന്ന് വിലയിരുത്തപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

ശുക്രൻ സ്വന്തം 'ചന്ദ്രനെ' വിഴുങ്ങിയോ? ഭൂമിയുടെ അപരൻ 'സിംഗിൾ' ആയതിന് കാരണം കണ്ടെത്തി ശാസ്ത്രജ്ഞർ
'ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല'; പ്രചാരണങ്ങൾ തള്ളി ചെയർമാൻ, ജീവനക്കാർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വി നാരായണൻ