വ്യാഴത്തിന് നാല് ഭീമൻ ഉപഗ്രഹങ്ങൾ ഉള്ളപ്പോൾ ശനിക്ക് വലുതായി ഒന്ന് മാത്രം; എന്താണ് ഇതിന് പിന്നിലെ രഹസ്യം?

Published : Apr 13, 2026, 10:59 AM IST
Jupiter

Synopsis

സൗരയൂഥത്തിലെ ഭീമൻ ഗ്രഹങ്ങളായ വ്യാഴത്തിന് നിരവധി വലിയ ഉപഗ്രഹങ്ങളുള്ളപ്പോൾ ശനിക്ക് ടൈറ്റൻ എന്ന ഒറ്റ വലിയ ഉപഗ്രഹം മാത്രമാണുള്ളത്. ഈ വ്യത്യാസത്തിന് കാരണം ഗ്രഹങ്ങളുടെ കാന്തികക്ഷേത്രത്തിന്‍റെ ശക്തിയാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹങ്ങളായ വ്യാഴത്തിനും ശനിക്കും ഭീമൻ ഉപഗ്രഹ വലയങ്ങളുണ്ട്. എന്നാൽ, ഇവ തമ്മിൽ ശ്രദ്ധേയമായൊരു വ്യത്യാസം നിലനിൽക്കുന്നു. വ്യാഴത്തിന് നാല് വൻ ഉപഗ്രഹങ്ങളായ ഐഒ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ എന്നിവ ഉണ്ട്. എന്നാൽ ശനിക്ക് 280-ൽ അധികം ഉപഗ്രഹങ്ങൾ ഉണ്ടായിട്ടും, ടൈറ്റൻ എന്ന ഒറ്റ വലിയ ഉപഗ്രഹം മാത്രമാണ് പ്രധാനമായും കാണപ്പെടുന്നത്. ഈ വ്യത്യാസത്തിന് പിന്നിലെ ശാസ്ത്രീയ കാരണം എന്താണെന്ന് കണ്ടെത്താൻ ശാസ്ത്രലോകം ഏറെക്കാലമായി ശ്രമിച്ചുവരികയായിരുന്നു.

വ്യാഴത്തിന്‍റെയും ശനിയുടെയും രഹസ്യത്തിന്‍റെ ചുരുളഴിച്ച പഠനം

ഇതിന് വ്യക്തമായ മറുപടി നൽകുന്ന ഒരു പഠനം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. 2026 ഏപ്രിലിൽ കിയോട്ടോ സർവകലാശാലയിലെ ഗവേഷകർ നേച്ചർ ആസ്ട്രോണമി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. ഗ്രഹങ്ങളുടെ കാന്തികക്ഷേത്രങ്ങളാണ് ഈ വ്യത്യാസത്തിന് പ്രധാന കാരണം എന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

ഗ്രഹങ്ങൾ രൂപം കൊണ്ട ആദ്യഘട്ടത്തിൽ, അവയെ ചുറ്റിപ്പറ്റി വാതകവും പൊടിയും ചേർന്ന ഒരു വളയം ഉണ്ടായിരുന്നു. ഇതിനെ ശാസ്ത്രീയമായി ‘സർകമ്പ്ലാനറ്ററി ഡിസ്‍ക്’ എന്ന് വിളിക്കുന്നു. ഈ വളയത്തിൽ നിന്നാണ് ഉപഗ്രഹങ്ങൾ രൂപം കൊള്ളുന്നത്. ജൂപ്പിറ്ററിന്‍റെ ശക്തമായ കാന്തികക്ഷേത്രം ഈ വളയത്തിന്‍റെ ഒരു ഭാഗം വേർതിരിച്ച്, അവിടെ ചന്ദ്രന്മാർ രൂപപ്പെടാൻ അനുകൂലമായ ഒരു ഒറ്റപ്പെട്ട മേഖലയെ സൃഷ്‍ടിച്ചു. ഇതുവഴി ഒന്നിലധികം വമ്പൻ ഉപഗ്രങ്ങൾ രൂപപ്പെടാൻ സാഹചര്യമുണ്ടായി. അതേസമയം, ശനിയുടെ കാന്തികക്ഷേത്രം അത്ര ശക്തമായിരുന്നില്ല. അതിനാൽ ഇത്തരത്തിലുള്ള പ്രത്യേക മേഖലയൊന്നും രൂപപ്പെടാൻ കഴിഞ്ഞില്ല. ഇതു കാരണം വലിയ ഉപഗ്രഹങ്ങൾ രൂപപ്പെടുന്ന പ്രക്രിയ പരിമിതമായി. ടൈറ്റൻ മാത്രമാണ് പ്രധാനമായ വലിപ്പത്തിൽ രൂപം കൊണ്ടത് എന്നും ഗവേഷകർ അവകാശപ്പെടുന്നു.

പുതിയ ഗ്രഹ പഠനങ്ങള്‍ക്ക് പ്രതീക്ഷ

ഈ കണ്ടെത്തൽ നമ്മുടെ സൗരയൂഥത്തിന് അപ്പുറത്തേക്കും വ്യാപിക്കുന്നതാണ്. വ്യാഴത്തേക്കാൾ വലിപ്പമുള്ള വാതകഗ്രഹങ്ങൾ സാധാരണയായി നിരവധി വൻ ഉപഗ്രഹങ്ങൾ ഉള്ളവയായിരിക്കാം എന്നും അതേസമയം, ശനിയുടെ വലിപ്പമുള്ള ഗ്രഹങ്ങൾക്ക് കുറച്ച് പ്രധാന ഉപഗ്രഹങ്ങൾ മാത്രമേ ഉണ്ടാകൂ എന്നും ഗവേഷകർ പറയുന്നു. ഇത് എക്സോമൂണുകൾ കണ്ടെത്തുന്നതിനും വലിയ സഹായമാകും. മറ്റു നക്ഷത്ര വ്യവസ്ഥകളിലെ ഗ്രഹങ്ങളെ ചുറ്റുന്ന ഉപഗ്രഹങ്ങളെ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങൾക്ക് ഈ പഠനം പുതിയ ദിശ നൽകുന്നു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, നമ്മുടെ സൗരയൂഥം തന്നെ ഗ്രഹ രൂപീകരണ സിദ്ധാന്തങ്ങൾ പഠിക്കാൻ ഏറ്റവും മികച്ച പരീക്ഷണശാലയാണ്.

PREV
Read more Articles on
click me!

Recommended Stories

ചരിത്രദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2 സംഘം, ജോൺസൺ സ്പേസ് സെന്ററിൽ വൻ വരവേൽപ്
മെഡിറ്ററേനിയൻ കടലിനടിയിൽ കണ്ടെത്തിയ അൾട്രാ-ഹൈ-എനർജി ന്യൂട്രിനോ: പ്രാചീന ബ്ലാക്ക് ഹോൾ സ്ഫോടനമോ?